മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Monday, February 24, 2025 1:00 AM IST
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരമായിത്തന്നെ തുടരുകയാണെന്ന് വത്തിക്കാൻ. ശ്വസനതടസത്തെത്തുടർന്ന് ഇന്നലെയും ഓക്സിജൻ നൽകിയെന്നും ബോധാവസ്ഥയിലാണെന്നും കഴിഞ്ഞ രാത്രി ശാന്തമായി ഉറങ്ങിയെന്നും ഇന്നലെ രാവിലെ വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. ആസ്തമയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ കൂടുതൽ സമയം അനുഭവപ്പെട്ടതിനാലാണ് മാർപാപ്പയ്ക്ക് ഓക്സിജനും മറ്റു മരുന്നുകളും നൽകിയത്.
ശനിയാഴ്ച രാവിലെ ശ്വസനതടസം നേരിട്ടതിനെത്തുടർന്ന് മാർപാപ്പയ്ക്ക് അമിത അളവിൽ ഓക്സിജൻ നൽകേണ്ടിവന്നുവെന്നും രക്തത്തിൽ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞതിനെത്തുടർന്ന് ഹീമോഗ്ലോബിൻ അളവ് ശരിയായ തോതിൽ നിലനിർത്താനായി രക്തം നൽകേണ്ടിവന്നുവെന്നും മാർപാപ്പ നന്നേ ക്ഷീണിതനാണെന്നും വത്തിക്കാന്‍ പ്രസ് ഓഫീസ് ശനിയാഴ്ച രാത്രി വിശദീകരിച്ചിരുന്നു.
അതേസമയം, മാർപാപ്പയുടെ രോഗമുക്തിക്കായി ലോകമെങ്ങും പ്രാര്‍ഥനകള്‍ തുടരുകയാണ്. മാർപാപ്പ ചികിത്സയിൽ കഴിയുന്ന റോമിലെ ജെമെല്ലി ആശുപത്രിക്കു മുന്നിൽ ഏതാനും ദിവസമായി വിശ്വാസീസമൂഹം കൂട്ടമായെത്തി ജപമാലയർപ്പിച്ചും മറ്റും പ്രാർഥിക്കുന്നത് തുടരുകയാണ്. സിബിസിഐയുടെ ആഹ്വാനപ്രകാരം മാർപാപ്പയ്ക്കുവേണ്ടി ഇന്നലെ ഇന്ത്യയിലെ എല്ലാ പള്ളികളിലും ക്രൈസ്തവ സ്ഥാപനങ്ങളിലും വിശുദ്ധ കുർബാനയോടൊപ്പം പ്രത്യേക പ്രാർഥനകൾ നടന്നു.
കഴിഞ്ഞദിവസം നടത്തിയ പത്രസമ്മേളനത്തിൽ ഫ്രാന്‍സിസ് മാർപാപ്പ മാരകാവസ്ഥയിലല്ലെന്നും എന്നാൽ അപകടനില തരണം ചെയ്തുവെന്ന് പറയാനാകില്ലെന്നും ഒരാഴ്ചകൂടിയെങ്കിലും ആശുപത്രിയിൽ തുടരേണ്ടിവരുമെന്നും മെഡിക്കൽ സംഘം വ്യക്തമാക്കിയിരുന്നു.