ഗാസ മുനന്പ് ഏറ്റെടുക്കുമെന്ന ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനം
Thursday, February 6, 2025 3:53 AM IST
ന്യൂയോർക്ക്/വാഷിംഗ്ടൺ: ഇസ്രയേൽ-പാലസ്തീൻ സംഘർഷത്തിന്റെ കേന്ദ്ര ബിന്ദുവായ ഗാസ മുനന്പ് ഏറ്റെടുക്കുമെന്ന അപ്രതീക്ഷിത പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഗാസയിൽനിന്ന് പാലസ്തീൻ പൗരന്മാർ പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളിലേക്കു നീങ്ങണമെന്നു നിർദേശിച്ച ട്രംപ് മുനമ്പിനെ സ്വന്തമാക്കി, പുനരധിവസിപ്പിച്ച് രാജ്യാന്തര മേഖലയാക്കി മാറ്റാനാണ് ആലോചിക്കുന്നതെന്നും പറഞ്ഞു. ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമൊത്ത് വൈറ്റ്ഹൗസിൽ മാധ്യമങ്ങളുമായി സംസാരിക്കവേയാണ് ട്രംപിന്റെ പ്രഖ്യാപനം.
ഗാസയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചർച്ച തുടങ്ങിയ വേളയിലുള്ള പരാമർശം തുടർചർച്ചകളെ അവതാളത്തിലാക്കിയേക്കും. പലസ്തീന് ഭരണകൂടവും ജനങ്ങളും മാത്രമല്ല സൗദിയും ഈജിപ്തും ഉള്‍പ്പെടെ ട്രംപിന്റെ നിർദേശത്തോടു മുഖംതിരിച്ചുകഴിഞ്ഞു.
ഗാസയിലേക്കു സൈന്യത്തെ അയയ്ക്കുമോയെന്ന ചോദ്യതതിന് ആവശ്യമായതെല്ലാം ചെയ്യുമെന്നായിരുന്നു ട്രംപിന്റെ മറുപടി. ഗാസ മുനന്പ് സന്ദർശിക്കുമെന്നു പറഞ്ഞ അദ്ദേഹം ഏറ്റെടുത്തശേഷം ഗാസയിൽ ആരെ താമസിപ്പിക്കും എന്നതിനെക്കുറിച്ച് വിശദീകരിച്ചില്ല. ഗാസയിൽ ഇപ്പോൾ തുടരുന്ന 20 ലക്ഷത്തോളം പലസ്തീൻകാർ പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളിലേക്കു മാറണമെന്നു പറഞ്ഞ ട്രംപ് അതിനുശേഷം മേഖലയിൽ പുനർനിർമാണം നടത്തുമെന്നും വ്യക്തമാക്കി.
പ്രദേശത്തെ എല്ലാ ആയുധങ്ങളും ബോംബുകളും നിര്‍വീര്യമാക്കി സാമ്പത്തിക ഉന്നമനം കൊണ്ടുവരും. തൊഴിലുകളും പുതിയ ഭവനങ്ങളും ഗാസയില്‍ യുഎസ് സൃഷ്ടിക്കും. മധ്യപൂര്‍വേഷ്യയുടെ കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കി ഗാസയെ മാറ്റിയെടുക്കും. മറ്റൊരു പോംവഴിയും ഇല്ലാത്തതിനാലാണ് പലസ്തീൻകാരോടു പ്രദേശം വിട്ടുപോകാൻ ആവശ്യപ്പെടുന്നത്. തകർന്നടിഞ്ഞ പ്രദേശമാണിന്ന് ഗാസ.
മിക്കവാറും എല്ലാ കെട്ടിടങ്ങളും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. ആളുകൾ മേഖലയിൽ തുടരുന്നത് അപകടകരമാണ്. ഗാസയുടെ പുനരധിവാസം നടപ്പിലാക്കേണ്ടത് ഇവിടെ ജീവിച്ചു മരിച്ചവരും യുദ്ധം ചെയ്തവരുമല്ലെന്നും ട്രംപ് പറഞ്ഞു.
ട്രംപിന്റെ തീരുമാനം തീര്‍ച്ചയായും ചിന്തിക്കേണ്ടതാണെന്നും അദ്ദേഹം എപ്പോഴും ചട്ടക്കൂടുകള്‍ക്കു പുറത്തു ചിന്തിക്കുന്ന വ്യക്തിയാണെന്നും ഒപ്പമുണ്ടായിരുന്ന ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.