തായ്വാൻ സർക്കാർ വകുപ്പുകളിൽ ഡീപ്സീക്കിനു നിരോധനം
Friday, January 31, 2025 11:58 PM IST
തായ്പെയ്: തായ്വാനിലെ സർക്കാർ വകുപ്പുകളിൽ ഡീപ്സീക് നിർമിതബുദ്ധി ആപ് നിരോധിച്ചു. ചൈനീസ് ആപ് കടുത്ത സുരക്ഷാ വെല്ലുവിളി ഉയർത്തുന്നതായി തായ്വാനിലെ ഡിജിറ്റൽ മന്ത്രാലയം പറഞ്ഞു.
സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ ചൈനയിലേക്കു ചോർത്താനായി ആപ് ഉപയോഗപ്പെടുത്തുമെന്നാണ് ആശങ്ക.
ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഡീപ്സീക് അധികൃതരോട് ആരായുമെന്ന് ദക്ഷിണകൊറിയൻ വൃത്തങ്ങളും ഇന്നലെ അറിയിച്ചു.
ഫ്രാൻസ്, ഇറ്റലി, അയർലൻഡ് മുതലായ രാജ്യങ്ങളും ഡീപ്സീക്കിന്റെ കാര്യത്തിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.
ചൈനയിലെ സ്റ്റാർട്ടപ് കന്പനി കുറഞ്ഞ മുതൽമുടക്കിൽ വികസിപ്പിച്ച ഡീപ്സീക് ആപ് അമേരിക്കയിലെ മുൻനിര എഐ കന്പനികൾക്കു വലിയ ഭീഷണിയായിട്ടുണ്ട്. ഈ മാസം 20നു വിപണിയിലെത്തിയ ആപ് അമേരിക്കയിലെ ചാറ്റ് ജിപിടി ആപ്പിനേക്കാൾ കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ടു. എഐ ആവശ്യങ്ങൾക്കുള്ള ഇലക്ട്രോണിക് ചിപ് നിർമിക്കുന്ന അമേരിക്കൻ കന്പനി എൻവിഡിയയുടെ ഓഹരി മൂല്യത്തിൽ വൻ ഇടിവാണ് ഇതേത്തുടർന്നുണ്ടായത്.