വാഷിംഗ്ടൺ വിമാനദുരന്തം: മരിച്ചവരിൽ ഇന്ത്യൻ വംശജയും
Saturday, February 1, 2025 3:10 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ തലസ്ഥാനത്തെ വിമാനദുരന്തത്തിൽ മരിച്ചവരിൽ ഇന്ത്യൻ വംശജ അസ്ര ഹുസൈൻ റേസയും (26) ഉൾപ്പെടുന്നതായി ഇവരുടെ ബന്ധുക്കൾ സ്ഥിരീകരിച്ചു.
വാഷിംഗ്ടൺ ഡിസിയിൽ കൺസൾട്ടന്റായി പ്രവർത്തിച്ചിരുന്ന അസ്രയുടെ മാതാപിതാക്കൾ ഇന്ത്യയിൽനിന്നു കുടിയേറിയവരാണ്. അപകടമുണ്ടാകുന്നതിന് 20 മിനിറ്റ് മുന്പ് അസ്ര ഫോണിൽ സന്ദേശം അയച്ചിരുന്നതായി ഭർത്താവ് ഹമദ് റേസ അറിയിച്ചു.
ബുധനാഴ്ച കാൻസസിലെ വിചിറ്റയിൽനിന്നു പുറപ്പെട്ട വിമാനം വാഷിംഗ്ടൺ ഡിസിയിലെ റൊണാൾഡ് റീഗൻ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു മുന്പായി സൈനിക ഹെലികോപ്റ്ററിൽ ഇടിച്ച് പൊട്ടോമക് നദിയിൽ പതിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 64 പേരും ഹെലികോപ്റ്ററിലെ മൂന്നു സൈനികരും മരിച്ചതായി കരുതുന്നു. 40 മൃതദേഹങ്ങൾ നദിയിൽനിന്നു കണ്ടെടുത്തു.
വിമാനത്തിലെ കോക്പിറ്റ് വോയ്സ് റിക്കാർഡർ, ഫ്ലൈറ്റ് ഡേറ്റാ റിക്കാർഡർ എന്നീ ബ്ലാക് ബോക്സുകൾ വീണ്ടെടുത്തിട്ടുണ്ട്. എയർ ട്രാഫിക് കൺട്രോളർമാർ വിമാനത്തെക്കുറിച്ച് ഹെലികോപ്റ്ററിലുള്ളവർക്ക് മുന്നറിയിപ്പു നൽകിയിരുന്നു. പരിശീലനത്തിന്റെ ഭാഗമായി ഹെലികോപ്റ്റർ പറത്തിയ സൈനികന് കാര്യമായ പരിചയം ഇല്ലായിരുന്നു.