യുഎസ് വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു തകർന്നു ; 64 യാത്രക്കാരും മൂന്നു സൈനികരും മരിച്ചെന്ന് നിഗമനം
Friday, January 31, 2025 2:43 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ 64 പേരുമായി പോയ യാത്രാവിമാനം ആകാശത്തുവച്ച് സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകർന്നു വീണു.
തണുത്തുറഞ്ഞ പൊട്ടോമക് നദിയിലേക്കാണ് വിമാനവും ഹെലികോപ്റ്ററും വീണത്. 60 യാത്രക്കാരും നാലു ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവരിൽ ആരും രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് വാഷിംഗ്ടൺ ഫയർ ആൻഡ് എമർജൻസി മെഡിക്കൽ സർവീസസ് മേധാവി ജോൺ ഡോണലി പറഞ്ഞു.
അമേരിക്കൻ സമയം ബുധനാഴ്ച രാത്രി ഒന്പതിന് വാഷിംഗ്ടൺ ഡിസിയിലെ റൊണാൾഡ് റീഗൻ വിമാനത്താവളത്തിൽ യാത്രാവിമാനം ലാൻഡിംഗിനു ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. യുഎസ് സൈന്യത്തിന്റെ യുഎച്ച് 60 ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററിൽ മൂന്നു സൈനികരുണ്ടായിരുന്നു.
വൈറ്റ്ഹൗസിൽനിന്നും കാപ്പിറ്റോളിൽനിന്നും അഞ്ചു കിലോമീറ്റർ അകലെയായിരുന്നു അപകടമുണ്ടായത്. പൊട്ടാമക് നദിയിലും പരിസരങ്ങളിലും മുങ്ങൽ വിദഗ്ധരും രക്ഷാപ്രവർത്തകരും വൻ തോതിലുള്ള തെരച്ചിൽ നടത്തിവരികയാണ്. ഇതുവരെ 30 മൃതദേഹങ്ങൾ കണ്ടെടുത്തു.
ബോസ്റ്റൺ സ്കേറ്റിംഗ് ക്ലബ്ബിന്റെ ആറ് അംഗങ്ങൾ മരിച്ചവരിൽ ഉൾപ്പെടുന്നു. ഇവരിൽ രണ്ടു പേർ റഷ്യക്കാരാണ്. ഐസ് സ്കേറ്റിംഗ് പരിശീലകരും മുൻ ലോകചാന്പ്യന്മാരുമായ എവ്ഗെനിയ ഷിഷ്കോവ, വാദിം നുമോവ് എന്നിവരാണു മരിച്ച റഷ്യക്കാർ.
കൻസാസിലെ വിചിറ്റയിൽനിന്നു പറന്ന കനേഡിയൻ നിർമിത ബൊംബാർഡിയർ സിആർജെ-701 ഇരട്ട എൻജിൻ വിമാനമാണ് തകർന്നുവീണത്. ഇതിൽ 70 പേർക്കു യാത്ര ചെയ്യാനാകും. 24 വർഷത്തിനിടെ അമേരിക്കയിലുണ്ടായ ഏറ്റവും വലിയ വിമാനാപകടമാണ് ബുധനാഴ്ചയുണ്ടായത്.