അനധികൃത കുടിയേറ്റക്കാർക്കായി ഗ്വാണ്ടനാമോയിൽ പുതിയ തടവറ
Friday, January 31, 2025 1:36 AM IST
വാഷിംഗ്ടൺ ഡിസി: അനധികൃത കുടിയേറ്റക്കാർക്കായി ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിൽ പുതിയ തടവറ നിർമിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു.
30,000 പേരെ പാർപ്പിക്കാൻ കഴിയുന്ന തടവറയുടെ നടത്തിപ്പ് കസ്റ്റംസ്-കുടിയേറ്റ വകുപ്പിനായിരിക്കും. ഗ്വാണ്ടനാമോയിലെ കുപ്രസിദ്ധ തടവറയ്ക്കു പുറമേയാണിത്.
കടൽ വഴി യുഎസിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിക്കുന്നവരെ കോസ്റ്റ്ഗാർഡിനു പിടികൂടി ഗ്വാണ്ടനാമോ ബേയിൽ അടയ്ക്കാൻ കഴിയുമെന്ന് ട്രംപ് പറഞ്ഞു.
ട്രംപിന്റെ നീക്കത്തെ ക്യൂബ അപലപിച്ചു. അധിനിവേശ ഭൂമിയിലെ അമേരിക്കയുടെ തടങ്കൽപ്പാളയങ്ങൾ നിയമവിരുദ്ധമാണെന്ന് ക്യൂബൻ സർക്കാർ ആരോപിച്ചു.
അതേസമയം, ഗ്വാണ്ടനാമോയിൽ അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കുന്നത് പുതിയ സംഭവമല്ല. അമേരിക്കയിലെ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ സർക്കാരുകൾ പതിറ്റാണ്ടുകളായി ഇതു ചെയ്തുവരുന്നുണ്ട്.
ക്യൂബയുടെ ഭൂമി യുഎസ് നാവികസേന കൈവശം വച്ചിരിക്കുകയാണ്. വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണക്കേസ് പ്രതികളെ ഇവിടത്തെ കുപ്രസിദ്ധ തടവറയിലാണു പാർപ്പിച്ചിരുന്നത്. നിലവിൽ ഈ തടവറയിൽ 15 തടവുകാരേയുള്ളൂ.