ബന്ദി കൈമാറ്റം സിൻവറിന്റെ വസതിക്കു സമീപം
Friday, January 31, 2025 1:36 AM IST
കയ്റോ: ഗാസ വെടിനിർത്തലിന്റെ ഭാഗമായി മൂന്നാമതു ബന്ദിമോചനം ഇന്നലെ നടന്നു. പത്തൊന്പതു വയസുള്ള വനിതാ സൈനിക അഗാം ബെർഗർ, ഗാഡി മോസസ് എന്ന എൺപതുകാരൻ, അർബൽ യഹൂദ് എന്ന ഇരുപത്തൊന്പതുകാരി എന്നിവരെയാണ് ഹമാസ് മോചിപ്പിച്ചത്. ഇതിനു പുറമേ അഞ്ച് തായ്ലൻഡ് പൗരന്മാരെയും മോചിപ്പിച്ചു. ഇസ്രേലി ജയിലുകളിൽനിന്ന് 110 പലസ്തീൻ തടവുകാർ മോചിതരായി.
അഗാം ബെർഗറിനെ വടക്കൻ ഗാസയിലെ ജബലിയ പട്ടണത്തിൽവച്ചാണു റെഡ്ക്രോസിനു കൈമാറിയത്. ഗാഡി മോസസ്, അർബൽ യഹൂദ്, അഞ്ചു തായ് പൗരന്മാർ എന്നിവരെ കൈമാറിയത് തെക്കൻ ഗാസയിലെ ഖാന് യൂനിസ് നഗരത്തിൽവച്ചും. റെഡ്ക്രോസ് ഇവരെ ഇസ്രേലി സൈന്യത്തിനു കൈമാറി.
ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് തലവൻ യഹ്യ സിൻവറിന്റെ ഖാൻ യൂനിസിലെ തകർന്ന വസതിക്കു സമീപത്തുവച്ചാണ് ഏഴു ബന്ദികളെ റെഡ് ക്രോസിനു കൈമാറിയത്. ആയുധമേന്തിയ ഹമാസ്, ഇസ്ലാമിക് ജിഹാദ് ഭീകരരും പലസ്തീൻ ജനതയും തിങ്ങിനിറഞ്ഞ സ്ഥലത്ത് ഉന്തും തള്ളുമുണ്ടായി.
ഖാൻ യൂനിസിലെ അരാജകത്വം ഹമാസ് ഭീകരരുടെ ക്രൂരതയ്ക്കു തെളിവാണെന്നു പറഞ്ഞ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പലസ്തീൻ തടവുകാരുടെ മോചനം വൈകിച്ചു. അടുത്ത തവണ മുതൽ ബന്ദികളുടെ കൈമാറ്റം സുരക്ഷിതമായിരിക്കുമെന്ന് മധ്യസ്ഥർ ഉറപ്പു നല്കിയതായി നെതന്യാഹുവിന്റെ ഓഫീസ് പിന്നീട് അറിയിച്ചു.
ഇന്നലെ നിശ്ചയിച്ച സമയത്തിനു മണിക്കൂറുകൾക്കു ശേഷമാണ് പലസ്തീൻ തടവുകാർ ഇസ്രേലി ജയിലുകളിൽനിന്നു മോചിതരായത്. ഇതിൽ പ്രായപൂർത്തിയാകാത്ത 30 പേർ ഉൾപ്പെടുന്നു.
പലസ്തീൻ തടവുകാരെ റെഡ്ക്രോസ് സ്വീകരിച്ച് വെസ്റ്റ് ബാങ്കിലെത്തിക്കുകയായിരുന്നു. ഇന്നലെ മോചിതരായ അഞ്ചു തായ് പൗരന്മാരും 2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനിടെ ഇസ്രയേലിൽനിന്നു തട്ടിക്കൊണ്ടുപോകപ്പെട്ടവരാണ്. ഇസ്രയേലിൽ കൃഷിപ്പണി അടക്കമുള്ള ജോലികൾക്കായി എത്തിയവരായിരുന്നു ഇവർ.
ഈ മാസം 19ന് വെടിനിർത്തൽ പ്രാബല്യത്തിലായശേഷം ഇസ്രേലി പൗരത്വമുള്ള 10 ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചിരിക്കുന്നത്.