മെക്സിക്കൻ ഉൾക്കടൽ: പുനഃപരിശോധന ആവശ്യപ്പെട്ട് മെക്സിക്കൻ പ്രസിഡന്റ്
Friday, January 31, 2025 11:58 PM IST
മെക്സിക്കോ സിറ്റി: മെക്സിക്കൻ ഉൾക്കടലിന്റെ പേര് മാറ്റിയ തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം ഗൂഗിളിനു കത്തെഴുതി.
അമേരിക്ക, മെക്സിക്കോ, ക്യൂബ എന്നീ രാജ്യങ്ങൾക്കിടയിലുള്ള സമുദ്രഭാഗത്തെ നൂറ്റാണ്ടുകളായി മെക്സിക്കൻ ഉൾക്കടലെന്നാണു വിളിക്കുന്നത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരമേറ്റയുടൻ പേര് അമേരിക്കൻ ഉൾക്കടലെന്നു മാറ്റി ഉത്തരവിറക്കിയിരുന്നു. ഇതേത്തുടർന്ന് അമേരിക്കൻ ജനതയ്ക്കു ലഭിക്കുന്ന ഗൂഗിൾ മാപ്പിലും പേരുമാറ്റമുണ്ടായി.
യുഎൻ നിയമങ്ങളനുസരിച്ച് 12 നോട്ടിക്കൽ മൈൽ സമുദ്രഭാഗത്തേ രാജ്യങ്ങൾക്കധികാരമുള്ളൂവെന്ന് മെക്സിക്കൻ പ്രസിഡന്റ് കത്തിൽ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സമുദ്രമേഖലയുടെ പേര് ഏകപക്ഷീയമായി മാറ്റുന്നതു നിയമവിരുദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു.