ഇറാൻ ഉടൻ ആക്രമിക്കും; നേരിടാനൊരുങ്ങി ഇസ്രയേൽ
Wednesday, August 14, 2024 2:03 AM IST
വാഷിംഗ്ടൺ ഡിസി: ഇറാനോ ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളോ ഉടൻ ഇസ്രയേലിനെ ആക്രമിക്കുമെന്നു യുഎസ് മുന്നറിയിപ്പു നല്കി. ആക്രമണം ഈ ആഴ്ചതന്നെ ഉണ്ടാകുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടെന്നു വൈറ്റ്ഹൗസ് വക്താവ് ജോണ് കിർബി പറഞ്ഞു.
ഇസ്രയേലിനു നേർക്കുള്ള ഭീഷണിയിൽനിന്ന് ഇറാൻ പിന്മാറണമെന്നു വൻ ശക്തികളായ യുഎസ്, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ള വൻശക്തി നേതാക്കൾ പരസ്പരം ഫോണിൽ ചർച്ച നടത്തുകയും ഇറാനോ ഇറാന്റെ പിന്തുണയുള്ള ഭീകര ഗ്രൂപ്പുകളോ ആക്രമണം നടത്തിയാൽ ഇസ്രയേലിനെ സംരക്ഷിക്കുമെന്നു വ്യക്തമാക്കുകയും ചെയ്തു.
സംഘർഷം വ്യാപിക്കുന്നതു തടയാനുള്ള നീക്കങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് എന്നിവർ ഇറാനിലെ പുതിയ പ്രസിഡന്റ് മസൂദ് പസെഷ്കിയാനുമായി ഫോണിൽ ചർച്ച നടത്തി. ഇറാന്റെ കണക്കുകൂട്ടൽ പിഴയ്ക്കാമെന്നും സംയമനം പാലിക്കണമെന്നും സ്റ്റാർമർ ആവശ്യപ്പെട്ടു.
കഴിഞ്ഞമാസം അവസാനം ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ ഇറേനിയൻ തലസ്ഥാനമായ ടെഹ്റാനിലും ഹിസ്ബുള്ള ഭീകരസംഘടനയുടെ മുതിർന്ന കമാൻഡർ ഫവാദ് ഷുക്കൂർ ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിലും കൊല്ലപ്പെട്ടതാണു പശ്ചിമേഷ്യാ സംഘർഷം വ്യാപകമാക്കുമെന്ന ആശങ്കയ്ക്കു കാരണം. ഇസ്രയേലിനോടു പ്രതികാരം ചെയ്യുമെന്നാണ് ഇറാൻ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇറാന്റെ ഭീഷണിയെ നേരിടാൻ ഇസ്രയേൽ തയാറായെന്നാണ് അവിടെനിന്നുള്ള റിപ്പോർട്ട്. ലബനീസ് അതിർത്തിയിൽ ഇസ്രേലി വ്യോമസേന പട്രോളിംഗ് വർധിപ്പിച്ചതായി ഇസ്രേലി സൈനിക വക്താവ് ഡാനിയർ ഹാഗാരി അറിയിച്ചു. ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം വർധിപ്പിച്ചിട്ടുമുണ്ട്.
ഇസ്രയേലിനെ സഹായിക്കാനായി ഒരു മുങ്ങിക്കപ്പൽകൂടി അയച്ചതായി യുഎസ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കരയാക്രമണത്തിനുള്ള 154 ടോമഹ്വാക് ക്രൂസ് മിസൈലുകൾ മുങ്ങിക്കപ്പലിലുണ്ട്. നേരത്തേ അയച്ച യുഎസ്എസ് ഏബ്രഹാം ലിങ്കണ് എന്ന വിമാനവാഹിനിയുടെ നേതൃത്വത്തിലുള്ള പടക്കപ്പലുകളോടു യാത്ര വേഗത്തിലാക്കാനും നിർദേശം നല്കിയിട്ടുണ്ട്.
ഇതിനിടെ, കനേഡിയൻ സർക്കാരും തങ്ങളുടെ പൗരന്മാരോട് ഉടൻ ലബനൻ വിടാൻ നിർദേശിച്ചു. ഒട്ടേറെ വിമാനക്കന്പനികൾ നേരത്തേതന്നെ പശ്ചിമേഷ്യാ സർവീസുകൾ റദ്ദാക്കിയിരുന്നു.
പുതിയ സംഭവവികാസങ്ങൾ ഗാസാ വെടിനിർത്തൽ ചർച്ചകളെ അവതാളത്തിലാക്കിയേക്കും. ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിലുള്ള ചർച്ച നാളെ തുടങ്ങാനിരിക്കുകയാണ്. ഇറാന്റെ ആക്രമണമുണ്ടായാൽ ചർച്ചകൾ വൈകുമെന്ന് വൈറ്റ്ഹൗസ് വക്താവ് പറഞ്ഞു.