ബംഗ്ലാദേശിൽ കലാപാഗ്നി; ഹസീന രാജ്യംവിട്ടു
Tuesday, August 6, 2024 2:29 AM IST
ധാക്ക: നൂറിലധികം പേരുടെ ജീവനെടുത്ത സർക്കാർവിരുദ്ധ കലാപം അതിരൂക്ഷമായതോടെ അധികാരം ഉപേക്ഷിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജ്യംവിട്ടു. കലാപം അടിച്ചമർത്താനുള്ള സർക്കാർ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് 2009 മുതൽ തുടർച്ചയായി അധികാരത്തിലിരുന്ന ഷേഖ് ഹസീന ഇന്ത്യയിലേക്കു കടന്നത്.
ഇളയ സഹോദരി ഷേഖ് രഹ്നയ്ക്കൊപ്പം ബംഗ്ലാദേശ് വ്യോമസേനയുടെ സി-130 വിമാനത്തില്‍ വൈകുന്നേരത്തോടെ യുപി ഗാസിയാബാദിലെ ഹിന്‍ഡണ്‍ വ്യോമതാവളത്തിലെത്തിയ അവർ രാഷ്ട്രീയ അഭയംതേടി ലണ്ടനിലേക്കു പോകുമെന്നാണ് അഭ്യൂഹം.
ലോകാരോഗ്യസംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ റീജണൽ ഡയറക്ടറായി ഡൽഹിയിൽ തുടരുന്ന മകൾ സൈമ വാഹിദിനെ കണ്ടശേഷം ഷേഖ് ഹസീന ലണ്ടനിലേക്കു തിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.ഷേഖ് ഹസീനയെ സ്വീകരിക്കാനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വ്യോമതാവളത്തിൽ എത്തിയിരുന്നു.
അതേസമയം, പ്രതിസന്ധി നിലനില്‍ക്കുകയാണെന്നും പ്രതിപക്ഷനേതാക്കളെ കണ്ട് രാജ്യത്തെ മുന്നോട്ടു നയിക്കാനായി ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനു സൈന്യം തീരുമാനിച്ചതായും സൈനിക മേധാവി ജനറല്‍ വഖാര്‍ ഉസ് സമാന് പറഞ്ഞു. ഹസീന രാജിവച്ചുവെന്നു പ്രഖ്യാപിച്ച അദ്ദേഹം എല്ലാ ചുമതലകളും ഏറ്റെടുക്കുകയാണെന്നും അറിയിച്ചു.
അതിർത്തിയിൽ അതീവ ജാഗ്രത
അയൽരാജ്യത്തെ സംഭവവികാസങ്ങളെത്തുടർന്ന് 4096 കിലോമീറ്റര്‍ വരുന്ന ബംഗ്ലാ അതിർത്തിയിൽ ഇന്ത്യ അതീവജാഗ്രതയിലാണ്. ബംഗ്ലാദേശിലേക്കുള്ള ട്രെയിന്‍, വ്യോമഗതാഗതങ്ങള്‍ ഇന്ത്യ നിര്‍ത്തിവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശ്നത്തെക്കുറിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി വിശദ ചർച്ച നടത്തി.
ഏതാനും ആഴ്ചകളുടെ ഇടവേളയ്ക്കുശേഷം ഞായറാഴ്ചയാണ് ബംഗ്ലാദേശിൽ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടത്. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭകാരികൾ ഇന്നലെ രാവിലെ ധാക്കയിലെ സെൻട്രൽ സ്ക്വയർ വളഞ്ഞു. പ്രക്ഷോഭകാരികളെ നേരിടാൻ ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവർത്തകർ തെരുവിലിറങ്ങിയതോടെ രക്തച്ചൊരിച്ചിലായി. ഇതോടെയാണ് ഷേഖ് ഹസീന വസതിയിൽനിന്നു പലായനം ചെയ്തത്. ഇതോടെ പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കടന്നുകയറി കൊള്ളയടിച്ചു.
കസേരകളും സോഫകളും കൈവശപ്പെടുത്തി ഔദ്യോഗികവസതിയിൽ ഇരുന്നു ബിരിയാണി കഴിക്കുന്ന പ്രക്ഷോഭകാരികളുടെ ദൃശ്യങ്ങളും പുറത്തുവന്നു. വിജയപ്രകടനങ്ങളിൽ ആയിരങ്ങളാണ് പങ്കുചേർന്നത്.
തെരുവുകളിൽ അഴിഞ്ഞാടിയ പ്രക്ഷോഭകർ ധാക്കയിലെ അവാമി ലീഗ് ഓഫീസ്, ആഭ്യന്തരമന്ത്രി അസദുസമാൻ ഖാനിന്റെ വസതി എന്നിവ ആക്രമിച്ചതിനു പുറമേ ബംഗ്ലാദേശ് വിമോചക നായകനും പ്രധാനമന്ത്രിയുടെ പിതാവുമായ ഷേഖ് മുജിബുർ റഹ്മാന്റെ പ്രതിമ തകർക്കുകയും ചെയ്തു.
രാജ്യംവിടുംമുന്പ് ജനങ്ങളെ അഭിസംബോധന ചെയ്തുള്ള പ്രസംഗം റിക്കാർഡ് ചെയ്യാൻ ഷേഖ് ഹസീന ശ്രമിച്ചിരുന്നു. സർക്കാർ ജോലിയിൽ സംവരണംകൊണ്ടുവരുന്നതിനെതിരേ തുടങ്ങിയ വിദ്യാർഥി പ്രക്ഷോഭമാണു ഹസീന സർക്കാരിന്റെ പതനത്തിനു വഴിതെളിച്ചത്.
ഇതുമായി ബന്ധപ്പെട്ട് ആഴ്ചകൾക്കുമുന്പ് നടന്ന കലാപത്തിൽ ഇരുനൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഇത് അടിച്ചമർത്തിയതിനു പിന്നാലെ ശനിയാഴ്ചയോടെ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടു.