യുദ്ധഭീതി ; വിദേശരാജ്യങ്ങൾ ലബനനിലുള്ള പൗരന്മാരെ ഒഴിപ്പിക്കുന്നു
Monday, August 5, 2024 12:56 AM IST
ദോഹ: പശ്ചിമേഷ്യാ സംഘർഷം വർധിക്കുമെന്ന ഭീതിയിൽ യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർ ഉടൻ ലബനൻ വിടണമെന്നു നിർദേശിച്ചു.
ഇറാനും ഇറാന്റെ പിന്തുണയോടെ ലബനനിൽ പ്രവർത്തിക്കുന്ന ഹിസ്ബുള്ള ഭീകരരും ഇസ്രയേലിൽ ആക്രമണത്തിനു കോപ്പുകൂട്ടുന്നതായിട്ടാണു റിപ്പോർട്ടുകൾ. ഇതിനു മറുപടിയായി ഇസ്രയേൽ ലബനനിൽ വൻ ആക്രമണം അഴിച്ചുവിട്ടേക്കും.
ഈ സാഹചര്യത്തിലാണ് യുഎസ്, ബ്രിട്ടൻ, സ്വീഡൻ, ഫ്രാൻസ്, കാനഡ, ജോർദാൻ രാജ്യങ്ങൾ പൗരന്മാരോടു ലബനൻ വിടാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കിട്ടുന്ന വിമാനത്തിൽ കയറിപ്പോകാനാണു യുഎസ് നിർദേശിച്ചിരിക്കുന്നത്.
ഹമാസ് തലവൻ ഇസ്മയിൽ ഹനിയ ടെഹ്റാനിൽ വധിക്കപ്പെട്ടതിലും ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ ഫവാദ് ഷുക്കൂർ ബെയ്റൂട്ടിൽ കൊല്ലപ്പെട്ടതിലും ഇസ്രയേലിനു നേർക്കു വൈകാതെ പ്രതികാരമുണ്ടാകുമെന്നാണ് അനുമാനം. ഇറാനും ഹിസ്ബുള്ളയും ആസൂത്രണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും ഉന്നതതല അനുമതി ലഭിച്ചാലുടൻ ആക്രമണം ഉണ്ടാകുമെന്നും സൂചനയുണ്ട്.
ഏപ്രിലിൽ ഇറാൻ ഇസ്രയേലിനു നേർക്കു നടത്തിയതിനു സമാനമായ ആക്രമണമായിരിക്കും ഉണ്ടാകുകയെന്നും പറയുന്നു. അന്ന് സിറിയയിലെ ഇറേനിയൻ നയതന്ത്രകാര്യാലയത്തിലുണ്ടായ ആക്രമണത്തിനു മറുപടിയായി മുന്നൂറോളം മിസൈലുകളും ഡ്രോണുകളുമാണ് ഇസ്രയേലിനു നേർക്കു പ്രയോഗിച്ചത്. ഇസ്രയേലും യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളും ചേർന്ന് ആക്രമണം പരാജയപ്പെടുത്തി.