ഇസ്മയിൽ ഹനിയയുടെ മുറിയിൽ രണ്ടു മാസം മുന്പേ ബോംബ് വച്ചു
Saturday, August 3, 2024 12:41 AM IST
ദോഹ: ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ വധിക്കപ്പെട്ടത് മുൻകൂട്ടി സ്ഥാപിച്ച ബോംബ് പൊട്ടിയാണെന്ന് യുഎസിലെ ന്യൂയോർക്ക് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. ഇറേനിയൻ തലസ്ഥാനമായ ടെഹ്റാനിൽ ഹനിയ താമസിച്ച ഗസ്റ്റ്ഹൗസിൽ രണ്ടു മാസം മുന്പേ സ്ഫോടകവസ്തു സ്ഥാപിച്ചിരുന്നു.
ഇറാനിലെ വിപ്ലവഗാർഡ് ഉദ്യോഗസ്ഥരും യുഎസ് ഉദ്യോഗസ്ഥനും അടക്കം പശ്ചിമേഷ്യയിൽ പ്രവർത്തിക്കുന്ന പേരു വെളിപ്പെടുത്താത്ത ഏഴു പേർ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു റിപ്പോർട്ട്.
ഹനിയ ബുധനാഴ്ച കൊല്ലപ്പെട്ടതിനു പിന്നിൽ ഇസ്രയേലാണെന്ന് ആരോപിച്ച ഇറാനും ഹമാസും, മിസൈൽ ആക്രമണമാണ് ഉണ്ടായതെന്നും പറഞ്ഞിരുന്നു. ഇത്തരം ഓപ്പറേഷനുകളിൽ പ്രതികരിക്കാറില്ലാത്ത ഇസ്രയേൽ വധത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
ഇറേനിയൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാന്റെ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കാനെത്തിയ ഹനിയ ടെഹ്റാനിൽ വിപ്ലവഗാർഡുകളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണു താമസിച്ചത്. കനത്ത സുരക്ഷയുള്ള കോന്പൗണ്ടിലേക്കു രണ്ടു മാസം മുന്പേ സ്ഫോടകവസ്തു ഒളിച്ചുകടത്തി. വിദൂരത്തിരുന്നു പ്രവർത്തിപ്പിക്കാവുന്ന സ്ഫോടകവസ്തു ഹനിയയുടെ മുറിയിലാണു പൊട്ടിയത്. മുറിയുടെ ചില്ലുജനാലകൾ തകർന്നു. പുറത്തെ മതിൽ ഭാഗികമായും തകർന്നു.
സംഭവത്തിനു തൊട്ടുപിന്നാലെ ഇസ്രേലി ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഓപ്പറേഷന്റെ വിശദാംശങ്ങൾ യുഎസിനെയും മറ്റു പാശ്ചാത്യ സർക്കാരുകളെയും അറിയിച്ചു.
ഇസ്രേലി ചാരസംഘടനയായ മൊസാദ് ആണു ഓപ്പറേഷൻ നടത്തിയതെന്ന് കരുതുന്നു. ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിന്റെ ആസൂത്രകരെയും നടത്തിപ്പുകാരെയും ഇല്ലാതാക്കുമെന്നു മൊസാദ് മേധാവി ഡേവിഡ് ബാർണിയ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടത്രേ.