ആണവ, സൈനിക രഹസ്യരേഖകൾ ട്രംപ് സൂക്ഷിച്ചത് കുളിമുറിയിൽ
Saturday, June 10, 2023 11:27 PM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ ആണവരഹസ്യങ്ങളും സൈനികപദ്ധതികളും അടങ്ങുന്ന രഹസ്യരേഖകൾ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വവസതിയിൽ സൂക്ഷിച്ചെന് പ്രോസിക്യൂഷൻ. പെട്ടികളിലാക്കിയ രേഖകൾ കുളിമുറിയിലും അതിഥികൾക്കു നൃത്തം ചെയ്യാനുള്ള ബാൾ റൂമിലുമാണ് വച്ചിരുന്നത്.
അധികാരമൊഴിഞ്ഞ ശേഷവും നിയമവിരുദ്ധമായി രഹസ്യരേഖകൾ സൂക്ഷിച്ചെന്ന കേസിൽ ട്രംപിനെതിരേ 37 ക്രിമിനൽ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ചൊവ്വാഴ്ച മയാമിയിലെ ഫെഡറൽ കോടതിയിൽ ഹാജരാകുന്ന ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തും. കുറ്റം തെളിഞ്ഞാൽ ജയിൽശിക്ഷ ലഭിക്കാമെങ്കിലും അടുത്തവർത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വിലക്കുണ്ടാവില്ല.
2021 ജനുവരിയിൽ അധികാരമൊഴിഞ്ഞ ട്രംപ് മുന്നൂറോളം രഹസ്യരേഖകളാണു കൊണ്ടുപോയത്. ഫ്ലോറിഡയിലെ മാർ എ ലാഗോ റിസോർട്ട് വസതിയിലും ന്യൂജഴ്സിയിലെ ബെഡ്മിനിസ്റ്ററിലുള്ള ഗോൾഫ് ക്ലബ്ബിലുമാണ് ഇവ സൂക്ഷിച്ചത്.
അമേരിക്കയുടെ ആണവ രഹസ്യങ്ങൾ, അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ആയുധശേഷി, അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ദുർബലതകൾ, വിദേശ ആക്രമണം നേരിട്ടാൽ തിരിച്ചടിക്കാനുള്ള പദ്ധതികൾ മുതലായ കാര്യങ്ങളാണ് രേഖകളിലുണ്ടായിരുന്നത്.
മാർ എ ലാഗോ റിസോർട്ടിൽ ഇവ സൂക്ഷിച്ചിരുന്ന ബാൾറൂമിൽ പല ഘട്ടങ്ങളിലായി നടന്ന പരിപാടികളിൽ അനവധിപ്പേർ പങ്കെടുത്തിട്ടുണ്ട്. രണ്ടു ഘട്ടങ്ങളിൽ ട്രംപ് രഹസ്യരേഖകൾ ചിലരെ കാണിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ആരോപിക്കുന്നു.