കാനഡയിൽ കാട്ടുതീ : വടക്കേ അമേരിക്കയിലാകെ പുക
Friday, June 9, 2023 12:03 AM IST
ന്യൂയോർക്ക്: കാനഡയിൽ ആഴ്ചകളായി തുടരുന്ന കാട്ടുതീ മൂലം വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലുടനീളം അന്തരീക്ഷ മലിനീകരണം രൂക്ഷമായി. കാനഡയിലും അമേരിക്കയിലും ജനങ്ങൾ പുറത്തിറങ്ങുന്പോൾ എൻ 95 മാസ്ക് നിർബന്ധമായും ധരിക്കണമെന്നു സർക്കാരുകൾ നിർദേശിച്ചു.
പത്തു ലക്ഷം മാസ്കുകൾ വിതരണം ചെയ്യുമെന്ന് അമേരിക്കയിലെ ന്യൂയോർക്ക് സംസ്ഥാന സർക്കാർ അറിയിച്ചു. പുക മൂലം ന്യൂയോർക്കിലെ ആകാശത്തിന് ഓറഞ്ച് നിറമാണ്. വാഷിംഗ്ടൺ ഡിസിയിലെ സ്കൂളുകളിൽ കുട്ടികളെ ക്ലാസ്റൂമിനു പുറത്തിറക്കരുതെന്നു നിർദേശിച്ചു.
ജനങ്ങൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നാണു കനേഡിയൻ സർക്കാരിന്റെ നിർദേശം. ക്യുബക് പ്രവിശ്യയിൽ 150 കാട്ടുതീകൾ സജീവമാണ്. പ്രവിശ്യയിൽനിന്ന് 15,000 പേരെ ഒഴിപ്പിച്ചുമാറ്റി.
ഏപ്രിൽ അവസാനമാണ് കാനഡയുടെ പലഭാഗങ്ങളിലും കാട്ടുതീ തുടങ്ങിയത്. 94 ലക്ഷം ഏക്കർ ഭൂമി ചാന്പലായി. അമേരിക്ക കാനഡയിലേക്ക് 600 അഗ്നിശമനസേനാംഗങ്ങളെ അയച്ചിട്ടുണ്ട്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും അമേരിക്കൻ പ്രസിഡന്റ് ബൈഡനും വിഷയം ചർച്ച ചെയ്തു.