ചാരഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടു: ഉത്തരകൊറിയ
Thursday, June 1, 2023 12:45 AM IST
സീയൂൾ: ചാര ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കാനുള്ള ഉത്തരകൊറിയയുടെ ആദ്യ ശ്രമം പരാജയപ്പെട്ടു.
മാലിംഗ്യോംഗ്-1 ഉപഗ്രഹത്തെ വഹിച്ച റോക്കറ്റിന്റെ രണ്ടാംഘട്ടം പ്രവർത്തിക്കാതെ തകരുകയായിരുന്നുവെന്ന് ഉത്തരകൊറിയൻ വാർത്താ ഏജൻസിയായ കെസിഎൻഎ അറിയിച്ചു. ചൊവ്വാഴ്ച രാവിലെയുണ്ടായ വിക്ഷേപണം ദക്ഷിണകൊറിയയിലും ജപ്പാനിലും പരിഭ്രാന്തി പരത്തിയിരുന്നു.
അമേരിക്കയുടെയും ദക്ഷിണകൊറിയയുടെയും സൈനികനീക്കങ്ങൾ നിരീക്ഷിക്കാൻ ലക്ഷ്യമിട്ടാണ് ഉപഗ്രഹം നിർമിച്ചതെന്ന് ഉത്തരകൊറിയ അവകാശപ്പെടുന്നു. വിക്ഷേപണത്തിന്റെ രണ്ടാംഘട്ടത്തിലെ എൻജിൻ പ്രവർത്തിക്കാതിരുന്നതാണു റോക്കറ്റ് തകരാൻ കാരണം. പ്രശ്നം പരിഹരിച്ച് ഉടൻതന്നെ വിക്ഷേപണം നടത്തുമെന്നും ഉത്തരകൊറിയ പറഞ്ഞു.
വിക്ഷേപണത്തെത്തുടർന്ന് ദക്ഷിണകൊറിയൻ തലസ്ഥാനമായ സീയൂളിലും ജപ്പാനിലെ ഓക്കിനാവ പ്രദേശത്തും അടിയന്തര മുന്നറിയിപ്പു സന്ദേശം പുറപ്പെടുവിച്ചു. കെട്ടിടങ്ങളിൽനിന്ന് ഒഴിയാൻ ഉടൻ തയാറാകണമെന്നായിരുന്നു സീയൂളിലെ ജനങ്ങൾക്കു ലഭിച്ച സന്ദേശം. വ്യോമാക്രമണ മുന്നിറിപ്പു നല്കുന്ന സൈറൺ സീയൂളിൽ മുഴങ്ങി. സന്ദേശം അബദ്ധത്തിൽ സംഭവിച്ചതാണെന്ന അറിയിപ്പ് 20 മിനിറ്റിനകം ഉണ്ടായി. പരിഭ്രാന്തരായ ജനങ്ങൾ തെറ്റായ സന്ദേശം ലഭിച്ചതിൽ പ്രതിഷേധിച്ചു.
ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചാണ് ഉപഗ്രഹവിക്ഷേപണത്തിനു ശ്രമിച്ചതെന്നു ജപ്പാൻ പറഞ്ഞു. ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിനു വിലക്കുള്ള ഉത്തരകൊറിയയുടെ നടപടിയെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസ് അപലപിച്ചു. റോക്കറ്റ് അവശിഷ്ടങ്ങൾ കടലിൽ കിടക്കുന്ന ദൃശ്യങ്ങൾ ദക്ഷിണകൊറിയ പുറത്തുവിട്ടു.