വഞ്ചന, കൈക്കൂലി; അദാനിക്കെതിരേ അമേരിക്കയിൽ കുറ്റപത്രം
Friday, November 22, 2024 2:49 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: രണ്ടു ലക്ഷം കോടിയിലേറെ രൂപയുടെ (2,500 ലക്ഷം ഡോളർ) വഞ്ചന, കൈക്കൂലി, അഴിമതിക്കേസിൽ ഇന്ത്യൻ ശതകോടീശ്വരനായ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്ക് നേരിട്ടു പങ്കുണ്ടെന്നു ചൂണ്ടിക്കാട്ടി അമേരിക്കയിലെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനും അറ്റോർണി ഓഫീസും കുറ്റം ചുമത്തി.
300 കോടി (മൂന്ന് ബില്യണ്‍) ഡോളറിലധികം വായ്പകളും ബോണ്ടുകളും നേടിയെടുക്കാൻ അദാനിയും കൂട്ടാളികളും വ്യാജപ്രസ്താവനകൾ ഇറക്കിയെന്ന് യുഎസ് ഫോറിൻ കറപ്റ്റ് പ്രാക്ടീസ് ആക്ട് പ്രകാരമുള്ള കുറ്റപത്രത്തിൽ പറയുന്നു. ഗൗതം അദാനിക്കും അനന്തരവൻ സാഗർ ആർ. അദാനിക്കും മറ്റ് ഏഴു പേർക്കും അമേരിക്ക അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ത്യയിൽ രാഷ്ട്രീയ കൊടുങ്കാറ്റ്
ലോകത്തിലെ അതിസന്പന്നരിൽ ഒരാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റസുഹൃത്തുമായ അദാനിക്കെതിരേയുള്ള അമേരിക്കയുടെ കുറ്റാരോപണം ഇന്ത്യയിൽ വൻ രാഷ്ട്രീയ കൊടുങ്കാറ്റായി. പ്രധാനമന്ത്രിയാണ് അദാനിയെ സംരക്ഷിക്കുന്നതെന്നും വഞ്ചനയും കൈക്കൂലിയും നടത്തിയ അദാനിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പത്രസമ്മേളനം വിളിച്ച് ആവശ്യപ്പെട്ടു.
അമേരിക്കയിലെ കുറ്റപത്രത്തെക്കുറിച്ച് സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ, ആരോപണങ്ങളെല്ലാം അദാനി ഗ്രൂപ്പ് നിഷേധിച്ചു. ഓഹരി കൃത്രിമം, നികുതി വെട്ടിപ്പുകൾ തുടങ്ങിയവ സംബന്ധിച്ച് 2023 ജനുവരിയിൽ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനു പിന്നാലെയാണ് അമേരിക്കയുടെ കുറ്റപത്രം.
കോടിക്കണക്കിനു ഡോളർ ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ കരാറുകൾ ലഭിക്കാനായി അദാനിയുടെ സംഘം ഇന്ത്യയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് 2,650 ലക്ഷം ഡോളർ കൈക്കൂലി നൽകാൻ സമ്മതിച്ചതായി അമേരിക്കൻ പ്രോസിക്യൂട്ടർമാർ കണ്ടെത്തി.
കരാറുകൾ ഉറപ്പിക്കാനായാൽ ഏകദേശം 20 വർഷംകൊണ്ട് കൈക്കൂലി നൽകാനായിരുന്നു പദ്ധതി. "ദി ബിഗ് മാൻ', "ന്യൂമെറോ യുനോ' തുടങ്ങിയ കോഡ് പേരുകളാണ് ഗൗതം അദാനിയെക്കുറിച്ച് ഗൂഢാലോചനക്കാർ ഉപയോഗിച്ചതെന്ന് പ്രോസിക്യൂട്ടർമാർ അവകാശപ്പെടുന്നു.
സർക്കാരിന്റെ അന്വേഷണം തടസപ്പെടുത്താനും കൈക്കൂലി നൽകുന്ന ഗൂഢാലോചന മറച്ചുവയ്ക്കാനും ശ്രമിച്ചതിനാണ് ഗൗതം അദാനിയെയും മറ്റ് ഏഴുപേരെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയതെന്ന് എഫ്ബിഐ അസിസ്റ്റന്റ് ഡയറക്ടർ ഇൻ ചാർജ് ജെയിംസ് ഇ. ഡെന്നിഹി പറഞ്ഞു.
സമാഹരിച്ചത് 7500 ലക്ഷം ഡോളർ
2020 മുതൽ നാലു വർഷത്തെ അദാനിയുടെ കൈക്കൂലി പദ്ധതിക്കാലത്ത് അമേരിക്കൻ നിക്ഷേപകരിൽനിന്ന് അദാനി ഗ്രീൻ കന്പനി 1,750 ലക്ഷം ഡോളറിലധികം സമാഹരിച്ചു. തെറ്റായ പ്രസ്താവനകളുടെ അടിസ്ഥാനത്തിലാണു മൂലധനം സ്വരൂപിച്ചു നിക്ഷേപകരെ കബളിപ്പിച്ചത്.
അസുർ പവറിന്റെ ഓഹരികൾ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരം ചെയ്യപ്പെട്ടു. യുഎസ് നിക്ഷേപകരിൽ നിന്ന് ഏകദേശം 1,750 ലക്ഷം ഡോളർ ഉൾപ്പെടെ മൊത്തം 7,500 ലക്ഷം (750 മില്യണ്‍) ഡോളർ സമാഹരിച്ചതായി അദാനി ഗ്രീൻ അവകാശപ്പെട്ടതായും അമേരിക്ക പറയുന്നു.
അന്വേഷണം യുഎസ് നിയമപ്രകാരം
വിദേശ അഴിമതി ആരോപണങ്ങളിൽ അമേരിക്കൻ വിപണിയുമായി ബന്ധമുണ്ടെങ്കിൽ അത് അന്വേഷിക്കാൻ യുഎസ് നിയമം അനുവദിക്കുന്നുണ്ട്. നിക്ഷേപകരോടും ബാങ്കുകളോടും കള്ളം പറയാനും നീതി തടസപ്പെടുത്താനും കൂടിയാണ് 2,500 ലക്ഷം ഡോളറിന്റെ അഴിമതി പദ്ധതി അദാനി കന്പനി തയാറാക്കിയതെന്ന് കുറ്റപത്രം വ്യക്തമാക്കുന്നതായി ഡെപ്യൂട്ടി അസിസ്റ്റന്റ് അറ്റോർണി ജനറൽ ലിസ എച്ച്. മില്ലർ പറഞ്ഞു.
2020നും 2024നും ഇടയിൽ നടന്ന ഈ പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ അദാനിതന്നെ ഇന്ത്യയിലെ ഒരു സർക്കാർ ഉദ്യോഗസ്ഥനെ കണ്ടു.
കൈക്കൂലി പദ്ധതിയിൽ വ്യക്തിപരമായി അദാനിക്ക് പങ്കുള്ളതിന്റെ തെളിവുകളുണ്ടെന്ന് യുഎസ് അറ്റോർണി ഓഫീസ് പ്രസ്താവനയിൽ പറയുന്നു. കുറ്റാരോപിതർ പലതവണ കൂടിക്കാണുകയും കൈക്കൂലി പദ്ധതി ചർച്ച ചെയ്യുകയും ചെയ്തതിന്റെ നിരവധി ടെലിഫോണ്‍ കോളുകൾ, ഇലക്ട്രോണിക് സന്ദേശങ്ങൾ അടക്കം ലഭിച്ചിട്ടുണ്ട്.
അദാനി ഗ്രൂപ്പിനെതിരേ സ്ഥിരമായ വിലക്ക്, സിവിൽ പിഴകൾ എന്നിവയും ഡയറക്ടർ, ഉദ്യോഗസ്ഥ നിയമന വിലക്കുകൾ ഏർപ്പെടുത്തണമെന്നും കുറ്റപത്രത്തിൽ ആവശ്യപ്പെടുന്നുണ്ട്.