മണിപ്പുർ: പരക്കെ അക്രമം; ഇന്നലെ മാത്രം ഏഴുമരണം
Tuesday, November 19, 2024 2:36 AM IST
ഇംഫാല്‍/ന്യൂഡല്‍ഹി: സര്‍ക്കാരിനെയും സുരക്ഷാസേനകളെയും നോക്കുകുത്തികളാക്കി മണിപ്പുരില്‍ കലാപം ആളിക്കത്തുന്നു. സമീപദിവസങ്ങളില്‍ കലാപത്തിന്റെ കേന്ദ്രബിന്ദുവായ ജിരിബാമില്‍ ഒരു പ്രതിഷേധക്കാരനുള്‍പ്പെടെ ഏഴുപേര്‍ക്ക് ഇന്നലെ ജീവൻ നഷ്ടമായി. ജിരിബാം ആക്രമണത്തിൽ പ്രതിഷേധം ശക്തമാക്കിയ മെയ്തെയ്കൾ സർക്കാർ ഓഫീസുകൾ ഉൾപ്പെടെ ആക്രമിച്ചു.
സുരക്ഷാസേനയ്ക്കെതിരേ കുക്കികളും മെയ്തെയ്കളും പലയിടത്തും ഏറ്റുമുട്ടുകയാണ്. കര്‍ഫ്യുവും ഇന്റർനെറ്റ് നിരോധനവും ഉൾപ്പെടെ ഏർപ്പെടുത്തിയെങ്കിലും അക്രമങ്ങൾക്കു കുറവില്ല. അക്രമം കൂടുതൽ വ്യാപിക്കുന്നത് തടയാൻ ഏഴ് ജില്ലകളിൽ ഇന്നലെ വരെ നിലനിന്നിരുന്ന ഇന്റർനെറ്റ് നിരോധനം രണ്ടുദിവസത്തേക്കുകൂടി നീട്ടി. ഇംഫാൽ താഴ്വരയിലെ ഇംഫാൽ വെസ്റ്റ്, ഈസ്റ്റ്, ബിഷ്ണുപുർ, തൗബാൽ, കക്ചിംഗ് ജില്ലകളിലെ കർഫ്യു അനിശ്ചിതകാലത്തേക്ക് നീട്ടിയെന്നും സർക്കാർ അറിയിച്ചു.
അതേസമയം ഇന്നലെ പുലര്‍ച്ചെ ജിരിബാമില്‍ സുരക്ഷാസേനയുമായുള്ള സംഘര്‍ഷത്തില്‍ 20 കാരന് കൊല്ലപ്പെട്ടു. ജിരിബാമില്‍ ഭാപുപാറ മേഖലയില്‍ പൊതുമുതല്‍ നശിപ്പിച്ച പ്രക്ഷോഭകരെ നേരിടാന്‍ സുരക്ഷാസേന വെടിയുതിര്‍ത്തു. ഇതിനിടെയാണ് കെ. അത്തൗബ എന്നയാള്‍ കൊല്ലപ്പെട്ടത്. ആരാണ് വെടിയുതിര്‍ത്തതെന്ന് വ്യക്തമല്ലെങ്കിലും സുരക്ഷാസേനയുടെ ഭാഗത്തുനിന്നു വെടിവയ്പുണ്ടായതായി ദൃക്സാക്ഷികള്‍ ആരോപിച്ചു.
ആസാമിലെ ബരാക് നദിയില്‍ അജ്ഞാത സ്ത്രീയുടെയും ഒരു പെണ്‍കുട്ടിയെയും മൃതദേഹങ്ങൾ ചാക്കിൽപ്പൊതിഞ്ഞ നിലയിൽ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.
കുക്കി ഹമർ വിഭാഗക്കാർ തട്ടിക്കൊണ്ടുപോയ മൂന്നു കുട്ടികളുടെയും മൂന്ന് സ്ത്രീകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതിനു പിന്നാലെ മേയ്തെയ്കൾ തുടങ്ങിവച്ച പ്രതിഷേധം കൂടുതൽ അക്രമാസക്തമാകുകയാണ്.
ഇംഫാൽ വെസ്റ്റിൽ കർഫ്യു ഉത്തരവ് അവഗണിച്ച് കോർഡിനേറ്റിംഗ് കമ്മിറ്റി ഓൺ മണിപ്പുർ ഇന്റഗ്രിറ്റിയുടെ നേതൃത്വത്തിൽ നിരവധി സർക്കാർ ഓഫീസുകൾ അടച്ചുപൂട്ടി.
ലാംപെൽപാറ്റിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറുടെ ഓഫീസ്, തക്യെലിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോറിസോഴ്സ് ആന്‍ഡ് സസ്റ്റയ്നബിൾ ഡവലപ്മെന്റ് (ഐബിഎസ്ഡി) ഓഫീസ്, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിക്സ് വകുപ്പ് ഓഫീസ് എന്നിവ പ്രതിഷേധക്കാർ താഴിട്ട് പൂട്ടുകയായിരുന്നു.
കുക്കി ഹമർ വിഭാഗത്തിനെതിരേ സൈനികനടപടി ആവശ്യപ്പെട്ട് സംഘടനയുടെ നേതൃത്വത്തിൽ ഇംഫാലിലെ ഖൈരംബന്ദ് മാർക്കറ്റിൽ അനിശ്ചിതകാല സമരവും തുടങ്ങിയിട്ടുണ്ട്.
അതിനിടെ മണിപ്പുർ ബിജെപിയിൽനിന്ന് എട്ടു നേതാക്കൾ രാജിവച്ചു. ജിരിബാം മണ്ഡലം പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഉൾപ്പെടെയുള്ള നേതാക്കളാണ് രാജിവച്ചത്.
ജിരിബാമിലെയും മണിപ്പുരിലെയും സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് രാജിവച്ചവർ ആരോപിച്ചു.
ബിരേൻ സിംഗ് സർക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നാഷനൽ പീപ്പിൾസ് പാർട്ടിയും സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു.