മണിപ്പുരിൽ വീണ്ടും കലാപത്തീ; സിആര്‍പിഎഫ് തലവന്‍ ഇംഫാലിൽ
Monday, November 18, 2024 3:00 AM IST
ഇംഫാല്‍/ന്യൂഡല്‍ഹി: മണിപ്പുരില്‍ ക്രമസമാധാനം താറുമാറായതിനെത്തുടര്‍ന്ന് പ്രശ്നപരിഹാരത്തിന് ഡല്‍ഹിയില്‍ തിരക്കിട്ട ആലോചനകള്‍. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി ഡല്‍ഹിയില്‍ മടങ്ങിയെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ന് ഉച്ചയ്ക്കു 12ന് നിര്‍ണായക യോഗത്തിനും തീരുമാനമെടുത്തു.
മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗിന്റെ വസതിയില്വരെ കലാപകാരികള്‍ കടന്നുകയറി തീവച്ചതുള്പ്പെടെ അക്രമം രൂക്ഷമായതോടെ സാധ്യമായതെല്ലാം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശവും നല്കി. ഇതിനു പിന്നാലെ ഇന്നലെ വൈകുന്നേരത്തോടെ സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ അനീഷ് ദയാല്‍ മണിപ്പുരിലേക്കു തിരിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച ജിരിബാമിലെ ബോറോബ്രക്രയില് കുക്കി ഹമാര്‍ ഗ്രോത്രവിഭാഗക്കാരും ഗ്രാമസംരക്ഷകരുമായ 11 പേരെ സിആര്‍പിഎഫ് വധിച്ചിരുന്നു. തുടർന്ന് കുക്കി ഹമാര്‍ ഗോത്രവര്‍ഗക്കാര്‍ തിരിച്ചടിക്കുകയും ആറുപേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഇവരെ ക്രൂരമായി കൊലപ്പെടുത്തിയതോടെയാണ് സംസ്ഥാനം വീണ്ടും അതിരൂക്ഷമായ കലാപത്തിലേക്കു വഴുതിവീണത്. ജിരിബാമിൽ കഴിഞ്ഞദിവസം അഞ്ചു ക്രൈസ്തവദേവാലയങ്ങൾ ആക്രമിക്കപ്പെട്ടിരുന്നു.
വ്യാഴാഴ്ചയ്ക്കു ശേഷമുള്ള അക്രമസംഭവങ്ങളിൽ ഇരുപതോളം പേര് മരിച്ചുവെന്നാണ് ഏകദേശ കണക്ക്. കലാപം രൂക്ഷമായ സാഹചര്യത്തില്‍ സായുധസേനയ്ക്കു സവിശേഷ അധികാരം നല്കുന്ന "അഫ്സ്പ' മണിപ്പുരില്‍ നിലവില്‍ വന്നു. അതേസമയം "അഫ്സ്പ' പിന്‍വലിച്ച് കുക്കി സായുധ സംഘങ്ങള്‍ക്കെതിരേ സൈനിക നടപടി വേണമെന്നാണ് മെയ്തെയ്കളുടെ ആവശ്യം.
ശനിയാഴ്ച ഇംഫാലില്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗിന്റെയും മന്ത്രിമാരുടെയും വസതികളിൽ പ്രതിഷേധക്കാര്‍ കടന്നുകയറി തീവച്ചതിനു പുറമേ വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തു. ഇംഫാല്‍ താഴ്വരയില് നിരവധി എംഎല്‍എമാരുടെ വസതികള്‍ക്കു നേരേയും ആക്രമണം നടന്നു. മുഖ്യമന്ത്രിയുടെ വസതി ആക്രമിച്ചു തീവച്ച സംഭവത്തില്‍ 23 പേരെ അറസ്റ്റ് ചെയ്തതായി മണിപ്പുര്‍ പോലീസ് അറിയിച്ചു.
ബിജെപിക്കു തിരിച്ചടി; പിന്തുണ പിൻവലിച്ച് എൻപിപി
ഇംഫാൽ: മണിപ്പുരിലെ അക്രമം കത്തിപ്പടരുന്നതിനിടെ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് എൻപിപി. ഏഴംഗങ്ങളുള്ള എൻപിപിയാണ് ബിജെപി സഖ്യത്തിലെ രണ്ടാമത്തെ വലിയ പാർട്ടി. സംഘർഷം തടയുന്നതിൽ മണിപ്പുരിലെ ബിരേൻ സിംഗ് സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം.
എൻപിപി പിന്തുണ പിൻവലിച്ചാലും സർക്കാരിനു നിലവിൽ ഭീഷണിയില്ല. 60 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 31 പേരുടെ പിന്തുണയാണ്. ബിജെപിക്കു മാത്രം 32 അംഗങ്ങളുണ്ട്.
ഇതുകൂടാതെ അഞ്ച് അംഗങ്ങളുള്ള നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്), ആറ് അംഗങ്ങളുള്ള ജെഡി-യു എന്നിവയുടെ പിന്തുണ ബിജെപി സർക്കാരിനുണ്ട്.