മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ ഷംഷാബാദ് രൂപതാധ്യക്ഷനായി നാളെ സ്ഥാനമേൽക്കും
Saturday, November 9, 2024 2:10 AM IST
ഷംഷാബാദ്: ഷംഷാബാദ് രൂപതയുടെ ദ്വിതീയമെത്രാനായി മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ നാളെ സ്ഥാനമേൽക്കും. ബാലാപുരിലെ ബിഷപ്സ് ഹൗസ് അങ്കണത്തിൽ പ്രത്യേകം സജ്ജീകരിക്കപ്പെട്ട വേദിയിലാണ് സ്ഥാനാരോഹണച്ചടങ്ങുകൾ. ആഘോഷമായ വിശുദ്ധ കുർബാനയും പൊതുസമ്മേളനവും ഉണ്ടായിരിക്കും.
ഷംഷാബാദ് രൂപതയുടെ പ്രഥമമെത്രാനായിരുന്ന മാർ റാഫേൽ തട്ടിൽ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നുള്ള ഒഴിവിലാണ് അദിലാബാദ് ബിഷപ്പായിരുന്ന മാർ പാണേങ്ങാടൻ ഷംഷാബാദ് രൂപതാധ്യക്ഷനായി നിയമിതനായത്.
നാളെ ഉച്ചകഴിഞ്ഞ് 3.45നു മുപ്പതോളം ബിഷപ്പുമാരുടെയും വൈദികരുടെയും അല്മായരുടെയും അകന്പടിയോടെ മാർ പാണേങ്ങാടനെ വേദിയിലേക്ക് ആനയിക്കും. സ്ഥാനാരോഹണചടങ്ങുകളുടെ ആരംഭത്തിൽ രൂപത ചാൻസലർ ഫാ. മേജോ കോരത്ത് നിയുക്ത മെത്രാന്റെ നിയമനപത്രിക വായിക്കും.
തുടർന്നു നടക്കുന്ന സ്ഥാനാരോഹണ തിരുക്കർമങ്ങൾക്കു സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. സ്ഥാനമേറ്റശേഷം മാർ പ്രിൻസ് ആന്റണി വിശുദ്ധ കുർബാന അർപ്പിക്കും. സിബിസിഐ പ്രസിഡന്റും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് വചനസന്ദേശം നൽകും.
വിശുദ്ധ കുർബാനയ്ക്കുശേഷമുള്ള പൊതുസമ്മേളനം മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. ഹൈദരാബാദ് ആർച്ച്ബിഷപ് കർദിനാൾ ഡോ. പൂള ആന്റണി അധ്യക്ഷത വഹിക്കും. ഷംഷാബാദ് രൂപത അഡ്മിനിസ്ട്രേറ്റർ മാർ ജോസഫ് കൊല്ലംപറന്പിൽ സ്വാഗതമാശംസിക്കും. സഹായമെത്രാൻ മാർ തോമസ് പാടിയത്ത്, മാതൃവേദി റീജണൽ പ്രസിഡന്റ് ഡെല്ലാ ചാക്കോ കാരാത്തറ എന്നിവർ ആശംസകളർപ്പിക്കും.
ഷംഷാബാദ് രൂപതയുടെ വാർഷികപദ്ധതി അനുസരിച്ച് 2025 സാമൂഹികപ്രതിബദ്ധതാവർഷമായി ആചരിക്കുകയാണ്. വർഷാചരണത്തിന്റെ ഉദ്ഘാടനം ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ നിർവഹിക്കും.
സ്ഥാനാരോഹണ സപ്ലിമെന്റിന്റെ പ്രകാശനം മാർ ആൻഡ്രൂസ് താഴത്ത് നിർവഹിക്കും. ചടങ്ങുകൾക്കു രൂപത അഡ്മിനിസ്ട്രേറ്റർ മാർ ജോസഫ് കൊല്ലംപറന്പിൽ, സഹായമെത്രാൻ മാർ തോമസ് പാടിയത്ത്, എപ്പാർക്കിയൽ ജനറൽ കോ-ഓർഡിനേറ്റർ റവ.ഡോ. ഏബ്രഹാം പാലത്തിങ്കൽ എന്നിവർ നേതൃത്വം നൽകും.