സഭാ തർക്കം: കേസിൽനിന്ന് സുപ്രീംകോടതി ജഡ്ജി പിന്മാറി
Saturday, November 9, 2024 2:59 AM IST
ന്യൂഡൽഹി: ഓർത്തഡോക്സ്-യാക്കോബായ സഭകൾ തമ്മിലുള്ള പള്ളിത്തർക്കവുമായി ബന്ധപ്പെട്ട കേസിന്റെ ഹർജി കേൾക്കുന്നതിൽനിന്ന് സുപ്രീംകോടതി ജസ്റ്റീസ് കെ.വി. വിശ്വനാഥൻ പിന്മാറി.
സഭാ തർക്കത്തിൽ ഉൾപ്പെട്ട എറണാകുളം, പാലക്കാട് ജില്ലകളിലെ ആറു പള്ളികളുടെ ഭരണം ഏറ്റെടുക്കാൻ കളക്ടർമാരോടു നിർദേശിച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. അഭിഭാഷകനായിരുന്നപ്പോൾ സഭാ തർക്കവുമായി ബന്ധപ്പെട്ട ഹർജികൾ കൈകാര്യം ചെയ്തിരുന്നതുകൊണ്ടാണ് കേസിൽനിന്നു പിന്മാറുന്നതെന്ന് ജസ്റ്റീസ് വിശ്വനാഥൻ അറിയിച്ചു.
പള്ളിഭരണം ഏറ്റെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരേ മുൻ ചീഫ് സെക്രട്ടറി ഡോ. വി. വേണു, പോലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരാണു സുപ്രീംകോടതിയെ സമീപിച്ചത്.
കളക്ടർമാർ പള്ളികൾ ഏറ്റെടുത്തു സീൽ ചെയ്യണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഏറ്റെടുക്കലിന് സാവകാശം വേണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.