അലിഗഡ് സർവകലാശാലയ്ക്ക് ന്യൂനപക്ഷ പദവി തുടരാം: സുപ്രീംകോടതി
Saturday, November 9, 2024 3:00 AM IST
ന്യൂഡൽഹി: അലിഗഡ് മുസ്ലിം സർവകലാശാലയ്ക്ക് ന്യൂനപക്ഷ പദവി തുടരാമെന്ന് 1967ലെ അലാഹാബാദ് ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ വ്യക്തമാക്കി.
അലിഗഡ് മുസ്ലിം സർവകലാശാല ന്യൂനപക്ഷ സ്ഥാപനമാണോ എന്ന കാര്യം പ്രത്യേക മൂന്നംഗ ബെഞ്ച് തീരുമാനിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഒരു സ്ഥാപനം ന്യൂനപക്ഷ സ്ഥാപനമാകാൻ അതു സ്ഥാപിച്ചത് ന്യൂനപക്ഷമായാൽ മതിയെന്നും ഭരണനിർവഹണം ന്യൂനപക്ഷത്തിനാകണമെന്നില്ലെന്നും പ്രഖ്യാപിച്ചാണ് സുപ്രീംകോടതിയുടെ വിധി.
പാർലമെന്റിന്റെ നിയമനിർമാണത്തിലൂടെ വന്ന വിദ്യാഭ്യാസ സ്ഥാപനമായതിനാൽ ന്യൂനപക്ഷ സ്ഥാപനമാകില്ലെന്ന സുപ്രീംകോടതിയുടെ പഴയ വിധി ഭരണഘടനാവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ജെ.ബി. പർദീവാല, മനോജ് മിശ്ര എന്നിവർ വ്യക്തമാക്കി. എന്നാൽ, ജസ്റ്റീസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത, സതീഷ് കുമാർ മിശ്ര എന്നിവർ ഈ തീർപ്പിനോടു വിയോജിച്ച് ഭിന്നവിധി പുറപ്പെടുവിച്ചു.
ഒരു വിദ്യാഭ്യാസ സ്ഥാപനം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർ സ്ഥാപിച്ചു ഭരണം നടത്തുകയാണെങ്കിൽ മാത്രമേ അവർക്ക് ന്യൂനപക്ഷപദവി അവകാശപ്പെടാൻ സാധിക്കുകയുള്ളൂവെന്നാണ് 1967ൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് എസ്. അസീസ് ബാഷ കേസിൽ വിധിച്ചത്. പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ രൂപീകൃതമായതിനാൽ ന്യൂനപക്ഷ പദവി അവകാശപ്പെടാനാകില്ലെന്നും 1967ലെ വിധിയിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഒരു സ്ഥാപനത്തെ നിയന്ത്രിക്കുന്നതിനോ ഭരിക്കുന്നതിനോ സർക്കാർ ഒരു നിയമം കൊണ്ടുവന്നതുകൊണ്ടു മാത്രം സ്ഥാപനത്തിന് അതിന്റെ ന്യൂനപക്ഷപദവി നഷ്ടപ്പെടില്ലെന്ന് സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കി.
ന്യൂനപക്ഷ വിഭാഗങ്ങളോടു വിവേചനമരുതെന്ന് ഭരണഘടനയുടെ 30-ാം അനുച്ഛേദം പറയുന്നുണ്ടെന്നും ഇക്കാര്യത്തിൽ തർക്കമില്ലെന്നും വിധി പ്രസ്താവിച്ചു കൊണ്ട് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
ഒരു സ്ഥാപനം ന്യൂനപക്ഷമാണെന്നു പറയാൻ ഭരണനിർവഹണം ന്യൂനപക്ഷത്തിന്റെ കൈയിലാകണമെന്നു നിർബന്ധമില്ല. ന്യൂനപക്ഷ സ്ഥാപനങ്ങൾ മതേതര വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണമെന്നും കോടതി പറഞ്ഞു.