ബിജെപി എംപിക്കും വാർത്താ പോർട്ടലുകൾക്കും എതിരേ കേസ്
Saturday, November 9, 2024 2:59 AM IST
ബംഗളൂരു: വ്യാജവാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ ബിജെപി എംപി തേജസ്വി സൂര്യക്കും കന്നഡ വാർത്താ പോർട്ടലുകൾക്കും എതിരേ കേസെടുത്ത് കർണാടക പോലീസ്.
വഖഫ് ബോർഡ് ഭൂമിതർക്കവുമായി ബന്ധപ്പെട്ട് കർഷകൻ ജീവനൊടുക്കിയെന്ന വ്യാജവാർത്ത പ്രചരിപ്പിച്ച സംഭവത്തിലാണു കേസെടുത്തത്. വാർത്ത എക്സിൽ പങ്കുവച്ച എംപിക്കും വാർത്താ പോർട്ടലുകളുടെ എഡിറ്റർമാർക്കുമെതിരേയാണു കേസെടുത്തിരിക്കുന്നത്.
തന്റെ ഭൂമി വഖഫ് ബോർഡ് ഏറ്റെടുത്തതായി അറിഞ്ഞ ഹവേരി ജില്ലയിലെ കർഷകൻ ജീവനൊടുക്കിയെന്നാണു വാർത്ത പ്രചരിച്ചത്. ന്യൂനപക്ഷങ്ങളെ തൃപ്തിപ്പെടുത്താനുള്ള തിടുക്കത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ വിനാശകരമായ കാര്യങ്ങളാണു നടത്തുന്നതെന്നു വാർത്ത പങ്കുവച്ച് തേജസ്വി സൂര്യ എക്സിൽ കുറിച്ചു.
എന്നാൽ വാർത്ത വ്യാജമാണെന്ന് ഹവേരി എസ്പി അറിയിച്ചതോടെ എംപിയുടെ എക്സിലെ കുറിപ്പ് അപ്രത്യക്ഷമായി. വ്യാജവാർത്തയിൽ പറയുന്നതുപോലെ ഒരു സംഭവവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് എസ്പി പറഞ്ഞു.
വാർത്തയിൽ പറയുന്ന രുദ്രപ്പ ചന്നപ്പ ബാലികായി 2022ലാണ് ജീവനൊടുക്കിയത്. ഇദ്ദേഹം ജീവനൊടുക്കാൻ കാരണം വിളനാശവും വായ്പാ തിരിച്ചടവ് മുടങ്ങിയതുമാണെന്നും എസ്പി ചൂണ്ടിക്കാട്ടി.
തേജസ്വി സൂര്യയെ കൂടാതെ കന്നഡ ദുനിയ ഇ-പേപ്പർ, കന്നഡ ന്യൂസ് ഇ-പേപ്പർ എഡിറ്റർമാർക്കെതിരെയുമാണ് കേസെടുത്തത്.