മണിപ്പുരിൽ വീണ്ടും കലാപം: ജിരിബാമില്‍ ഗോത്രവര്‍ഗക്കാരിയായ അധ്യാപികയെ തീവച്ചു കൊന്നു
Saturday, November 9, 2024 2:59 AM IST
ഇംഫാല്‍: ഒരിടവേളയ്ക്കുശേഷം മണിപ്പുര്‍ വീണ്ടും കലാപത്തിലേക്ക്. ജിരിബാം ജില്ലയില്‍ സായുധസംഘം ഗോത്രവര്‍ഗക്കാരിയായ അധ്യാപികയെ വെടിവച്ചശേഷം തീകൊളുത്തി കൊന്നു.
വളർത്തുമൃഗങ്ങളെ ഉൾപ്പെടെ കൊന്ന കലാപകാരികൾ ഇരുചക്രവാഹനങ്ങൾ കൊള്ളയടിക്കുകയും വീടുകൾക്കും കടകൾക്കും തീവയ്ക്കുകയും ചെയ്തു.
കുക്കികളുമായി ബന്ധമുള്ള ഹമര്‍ ഗോത്രവിഭാഗം താമസിക്കുന്ന സൈറൗണിൽ വ്യാഴാഴ്ച രാത്രിയോടെയാണ് ആക്രമണം. പ്രദേശത്തെ സ്കൂളിലെ അധ്യാപികയും മൂന്നു കുട്ടികളുടെ അമ്മയുമായ സൊസാം കിം (31) ആണ് കൊല്ലപ്പെട്ടത്.
ഇവരുടെ കാലിനു വെടിയേറ്റിരുന്നു. ഇതിനുശേഷം അക്രമികൾ ഇവരെ വീട്ടിനുള്ളിലേക്കു വലിച്ചിഴയ്ക്കുകയായിരുന്നു. ഇന്നലെ രാവിലെ കുടുംബവീടിനുള്ളില്നിന്നാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി ഒരു മണിക്കൂറിലേറെ ഗ്രാമത്തിൽ വെടിവയ്പ് നടന്നതായി ആളുകള്‍ പറയുന്നു. അക്രമികള്‍ എതാനും നായ്ക്കളെയും വകവരുത്തി. ഏഴ് ഇരുചക്രവാഹനങ്ങള്‍ അപഹ രിച്ചു. 17 വീടുകളും മൂന്നു കടകളും തീവച്ചുനശിപ്പിക്കുകയും ചെയ്തുവെന്നാണ് ഏകദേശ കണക്ക്.
അതിനിടെ ഇംഫാലിൽ ഭീകരരുടെ പിടിയിലായ രണ്ടുപേരെ പോലീസ് രക്ഷപ്പെടുത്തി. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ലാംസാങ് മേഖലയിൽനിന്ന് കഴിഞ്ഞ 31ന് തട്ടിക്കൊണ്ടുപോയ രണ്ടുപേരെയാണ് രക്ഷപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ടാണ് ഒരാളെ അറസ്റ്റ് ചെയ്തത്. ഇംഫാൽ ഈസ്റ്റിൽ നടന്ന മറ്റൊരു തട്ടിക്കൊണ്ടുപോകൽ കേസിൽ നാലു പ്രതികളെയും അറസ്റ്റ്ചെയ്തു.