എയ്ഡഡ് സ്കൂൾ അധ്യാപകരായ വൈദികരും കന്യാസ്ത്രീകളും നികുതി നൽകണം: സുപ്രീം കോടതി
Saturday, November 9, 2024 2:59 AM IST
ന്യൂഡൽഹി: എയ്ഡഡ് സ്കൂളുകളിൽ അധ്യാപകരായി ജോലിചെയ്യുന്ന കത്തോലിക്കാസഭയിലെ കന്യാസ്ത്രീകൾക്കും വൈദികർക്കും നൽകുന്ന ശന്പളത്തിന് ആദായനികുതി ബാധകമാണെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു.
നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും വൈദികരുടെയും കന്യാസ്ത്രീകളുടെയും വരുമാനത്തിൽനിന്ന് ആദായ നികുതി പിടിക്കാമെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
വൈദികർക്കും കന്യാസ്ത്രീകൾക്കും നികുതി ബാധകമാണെന്ന് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടിക്കെതിരേ കേരളത്തിൽനിന്ന് ഉൾപ്പെടെ 93 അപ്പീലുകളാണ് സുപ്രീംകോടതിക്കു മുന്നിലെത്തിയത്.
വൈദികരും കന്യാസ്ത്രീകളും ദാരിദ്രവ്രതം എടുക്കുന്നതിനാൽ അവർക്കു ലഭിക്കുന്ന ശന്പളം രൂപതകൾക്കോ കോണ്വന്റുകളിലോ നൽകുകയാണു ചെയ്യുന്നതെന്നും അതിനാൽ അവർ വ്യക്തിപരമായി ശന്പളം സ്വീകരിക്കുന്നില്ലെന്നും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ, ശന്പളം സ്വന്തം അക്കൗണ്ടുകളിലാണ് ലഭിക്കുന്നതെന്നും അതു സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാതെ കൈമാറുന്നത് നികുതിയെ എങ്ങനെയാണു ബാധിക്കുകയെന്നും കോടതി ചോദിച്ചു. ജോലി ചെയ്യുന്നതും ശന്പളം വാങ്ങുന്നതുമായ ഏതൊരു വ്യക്തിയും നികുതിക്കു വിധേയരായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
വൈദികരുടെയും കന്യാസ്ത്രീകളുടെയും ശന്പളം അവർക്കല്ലെന്നും രൂപതയ്ക്കു മാത്രമാണെന്നും ചൂണ്ടിക്കാട്ടി ആദായനികുതിക്കു വിധേയമല്ലെന്ന് മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ചാണു വിധിച്ചത്. ഇതിനെതിരേ ആദായനികുതി വകുപ്പിന്റെ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 2019 ൽ ഈ ഉത്തരവ് റദ്ദാക്കി. ഇതു ചോദ്യം ചെയ്താണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.