തയ്ച്ചാൽ മതി, അളവ് എടുക്കേണ്ട!
Saturday, November 9, 2024 2:10 AM IST
ലക്നോ: പുരുഷന്മാർ സ്ത്രീകളുടെ വസ്ത്രങ്ങൾ അളവെടുക്കാനോ സലൂണിലുള്ള പുരുഷന്മാർ സ്ത്രീകളുടെ മുടി മുറിക്കാനോ പാടില്ലെന്ന് ഉത്തർപ്രദേശിലെ വനിതാ കമ്മീഷൻ.
മോശം സ്പർശനത്തിൽനിന്നു സ്ത്രീകളെ സംരക്ഷിക്കാനാണ് ഈ നിർദേശം മുന്നോട്ടുവച്ചതെന്നു വനിതാ കമ്മീഷൻ വിശദീകരിച്ചു. പുരുഷന്മാർ തയ്ക്കുന്നതിനു കുഴപ്പമില്ല, പക്ഷെ അളവെടുക്കുന്നതു സ്ത്രീകളാകണം. ഈ ഭാഗത്ത് സിസിടിവി കാമറകൾ സ്ഥാപിക്കണം.
സ്ത്രീകളുടെ ജിമ്മുകളിലും യോഗാ സെന്ററുകളിലും വനിതാ പരിശീലകർ മാത്രമേ ഉണ്ടാകാവൂ. സലൂണുകളിൽ സ്ത്രീകളുടെ മുടി വെട്ടുന്നതു സ്ത്രീകളായിരിക്കണം. മാത്രമല്ല, സ്ത്രീകളുടെ വസ്ത്രങ്ങൾ വിൽക്കുന്ന കടകളിൽ വനിതാ ജീവനക്കാർ നിർബന്ധമായും ഉണ്ടായിരിക്കണം.
സ്കൂൾ ബസുകളിൽ ഒരു വനിതാ സുരക്ഷ ഉദോഗസ്ഥയും അധ്യാപികയും ഉണ്ടായിരിക്കണമെന്നും സംസ്ഥാന വനിതാ കമ്മീഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. പുരുഷന്മാരുടെ മോശം സ്പർശം ഒഴിവാക്കാനാണ് ഇതെന്നാണു വിശദീകരണം.
ചില പുരുഷന്മാരുടെ ഉദ്ദേശ്യം നല്ലതല്ലെന്നും വനിതാ കമ്മീഷൻ അധ്യക്ഷ ബബിത ചൗഹാൻ അഭിപ്രായപ്പെട്ടു. എല്ലാ പുരുഷന്മാർക്കും മോശമായ ഉദ്ദേശ്യങ്ങളുണ്ടെന്നല്ല ഈ പറഞ്ഞതിന്റെ അർഥമെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി.
ഇപ്പോൾ ഇതൊരു നിർദേശം മാത്രമാണ്. ഇക്കാര്യത്തിൽ നിയമനിർമാണം നടത്താൻ വനിതാ കമ്മീഷൻ സംസ്ഥാന സർക്കാരിനോട് അഭ്യർഥിക്കുമെന്നും അവർ വ്യക്തമാക്കി.