മണിപ്പുർ കലാപം: ഫോണ് റെക്കോർഡുകളുടെ ആധികാരികത പരിശോധിക്കാൻ സുപ്രീംകോടതി
Saturday, November 9, 2024 2:59 AM IST
ന്യൂഡൽഹി: മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എൻ. ബിരേൻസിംഗിന്റെ പങ്ക് ആരോപിക്കുന്ന ഓഡിയോ റെക്കോർഡുകളുടെ ആധികാരികത പരിശോധിക്കാൻ സുപ്രീംകോടതി സമ്മതിച്ചു.
ടേപ്പിന്റെയും ആധികാരികത തെളിയിക്കുന്ന വസ്തുക്കളുടെയും ഉറവിടത്തിന്റെയും വിശദാംശങ്ങൾ തെളിയിക്കുന്ന സത്യവാങ്മൂലം സീൽ ചെയ്ത കവറിൽ സമർപ്പിക്കാൻ ഹർജിക്കാരായ കുക്കി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റിനോട് കോടതി ആവശ്യപ്പെട്ടു.
ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിൽ ഹർജികൾ പരിഗണിക്കാൻ റെക്കോർഡിംഗുകളുടെ ആധികാരികത ആദ്യം പരിശോധിക്കണമെന്നു ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
കലാപത്തിന് ആക്കം കൂട്ടുന്ന തരത്തിലുള്ള നീക്കങ്ങൾ നടത്തിയെന്നും ആയുധങ്ങൾ കൊള്ളയടിച്ചവരെ സംരക്ഷിച്ചതായും മുഖ്യമന്ത്രി ബിരേൻസിംഗ് സമ്മതിക്കുന്ന ഫോണ് സംഭാഷണം റെക്കോർഡ് ചെയ്തു വിവരങ്ങൾ കൈമാറിയ വിസിൽബ്ലോവർ അറിയിച്ചതായി ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് കോടതിയിൽ ചൂണ്ടിക്കാട്ടി.
ആയുധങ്ങളും മറ്റും കൊള്ളയടിക്കാൻ മുഖ്യമന്ത്രി അനുവദിച്ചു. അതിനാൽ സംസ്ഥാനത്തിന് ഈ കേസ് എങ്ങനെ അന്വേഷിക്കാൻ സാധിക്കുമെന്നും പ്ര ശാന്ത് ഭൂഷണ് ചോദിച്ചു. മണിപ്പുർ കലാപം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റീസ് ലാംബ കമ്മീഷന് വിസിൽബ്ലോവർ ജൂലൈയിൽ ഓഡിയോ ക്ലിപ്പുകൾ സമർപ്പിച്ചെങ്കിലും നാലു മാസമായിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതി ഇതു ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടപ്പോൾ കമ്മീഷനിൽ കോടതി ഇടപെടില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
വിഷയം കൂടുതൽ ആളിക്കത്തിക്കാനാണു ഹർജിക്കാർ ശ്രമിക്കുന്നതെന്ന് സോളിസിറ്റർ ജനറൽ (എസ്ജി) തുഷാർ മേത്ത ആരോപിച്ചു. വിഷയവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണെന്നും സമാധാനം ഉറപ്പാക്കാൻ മുഖ്യമന്ത്രി എല്ലാ കുക്കി എംഎൽഎമാരെയും കണ്ടതായും അദ്ദേഹം കോടതിയിൽ പറഞ്ഞു.