പ്രകൃതിക്ഷോഭങ്ങൾ മൂലം കൂടുതൽ മരണം കേരളത്തിൽ; ഒന്പതു മാസത്തിനിടെ മരിച്ചത് 550 പേർ
Saturday, November 9, 2024 2:10 AM IST
ന്യൂഡൽഹി: പ്രകൃതിക്ഷോഭം മൂലം ഈ വർഷം ആദ്യത്തെ ഒന്പതു മാസത്തിനിടെ രാജ്യത്ത് 3,200 പേർക്കു ജീവൻ നഷ്ടമായതായി സിഎസ്ഇ (സെന്റർ ഫോർ സയൻസസ് ആൻഡ് എൻവയൺമെന്റ്) യുടെ പഠനറിപ്പോർട്ട്. 550 പേർക്കു ജീവൻ നഷ്ടപ്പെട്ട കേരളമാണ് നഷ്ടക്കണക്കിൽ ഒന്നാമത്.
രാജ്യമെന്പാടുമായി 2.3 ലക്ഷത്തിലധികം വീടുകൾ പ്രകൃതിക്ഷോഭത്തിൽ തകർന്നു. ഒന്പതു മാസങ്ങളിലായി 274 ദിവസങ്ങളിൽ 255 ദിവസവും രാജ്യം മോശമായ കാലാവസ്ഥയെ അഭിമുഖീകരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
മൊത്തം 30 ലക്ഷം ഹെക്ടർ കൃഷിഭൂമിയിലെ വിളവുകൾ നശിച്ചു. 80,293 വീടുകൾക്കു കേടുപാടുപറ്റി. 92,519 കന്നുകാലികൾ ചത്തു. കൃത്യമായ വിവരങ്ങളുടെ അഭാവം മൂലം ഈ കണക്കുകൾ അപൂർണമാണ്. പൊതുമുതലിന്റെ കാര്യത്തിലും കൃഷിനാശത്തിന്റെ കാര്യത്തിലും ഇതിലുമേറെ നഷ്ടമാണ് ഉണ്ടായത്. 176 ദിവസവും മോശം കാലാവസ്ഥ അനുഭവപ്പെട്ട മധ്യപ്രദേശാണ് പ്രകൃതിക്ഷോഭത്തിൽ മുന്നിൽ. 353 പേർക്കു ജീവൻ നഷ്ടമാവുകയും ചെയ്തു. കേരളത്തിൽ വയനാട് ഉൾപ്പെടെയായി 550 പേരുടെ ജീവനാണ് നഷ്ടമായത്. ആസാമിൽ മരിച്ചത് 256 പേരാണ്.
142 ദിവസവും മോശം കാലാവസ്ഥയെ അഭിമുഖീകരിച്ച മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ വിളനാശം സംഭവിച്ചത്. രാജ്യത്തുണ്ടായ മൊത്തം വിളനാശത്തിന്റെ 60 ശതമാനവും ഇവിടെയാണ്. തൊട്ടുപിന്നിലുള്ള മധ്യപ്രദേശിൽ 25,170 ഹെക്ടറിലെ കൃഷി നശിച്ചു. ആന്ധ്രാപ്രദേശിൽ ഒന്പതു മാസത്തിനിടെ 85,806 വീടുകളാണ് തകർന്നത്.
1901നു ശേഷം ഏറ്റവും കൂടുതൽ വരൾച്ച അനുഭവപ്പെട്ട മാസങ്ങളുടെ പട്ടികയിൽ ഈ വർഷത്തെ ജനുവരി ഒന്പതാം സ്ഥാനത്താണ്. 123 വർഷത്തിനിടയിലെ രാജ്യത്തെ ഏറ്റവും കടുത്ത ചൂട് രേഖപ്പെടുത്തിയതു ഫെബ്രുവരിയിലാണ്. മേയ്, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങൾ 1901നു ശേഷമുള്ള ഏറ്റവും ചൂടുകൂടിയ മാസങ്ങളായിരുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ നേർചിത്രമാണ് ഈ വിവരങ്ങളിലൂടെ വ്യക്തമാക്കുന്നതെന്ന് സിഎസ്ഇ ഡയറക് ടർ ജനറൽ സുനിത നാരായൺ പറഞ്ഞു. മുന്പ് ഓരോ നൂറ്റാണ്ടിലും സംഭവിച്ചിരുന്ന പ്രകൃതിക്ഷോഭങ്ങൾ അഞ്ചു വർഷത്തെയോ അതിലും കുറഞ്ഞ കാലത്തെ ഇടവേളയിലോ സംഭവിക്കുന്നുണ്ടന്നു അവർ പറഞ്ഞു.
ഉഷ്ണതരംഗം മൂലം 210 പേർ ഇക്കാലയളവിൽ മരിച്ചുവെങ്കിലും ഇതുമൂലം കർഷകർക്ക് ഉൾപ്പെടെ ഉണ്ടാകുന്ന ദൂരവ്യാപകമായ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ടിൽ പ്രതിഫലിപ്പിക്കാനായില്ലെന്ന് സിഎസ്ഇ സംഘത്തിലെ രജിത് സെൻഗുപ്ത പറഞ്ഞു.
സമാനമായി മറ്റൊരു പ്രശ്നത്തെയും രാജ്യം അഭിമുഖീകരിക്കുന്നുണ്ട്. കൊടുംതണപ്പും ഹിമപാതവും ഉൾപ്പെടെ പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന വിളനാശം തിട്ടപ്പെടുത്താൻ കഴിയാറില്ല.
ഈ സാഹചര്യത്തിൽ കാലാവസ്ഥ ദുരന്തത്തെത്തുടർന്നു വിളകൾക്കു നഷ്ടപരിഹാരം നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ പുന:ക്രമീകരിച്ചില്ലെങ്കിൽ കർഷകർ കടക്കെണിയിലും പട്ടിണിയിലും തുടരുമെന്നും അദ്ദേഹം നിരീക്ഷിച്ചു.