1857 കലാപത്തിലേതെന്നു കരുതുന്ന ആയുധങ്ങൾ കണ്ടെത്തി
Saturday, November 9, 2024 2:59 AM IST
ഷാജഹാൻപുർ: ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ ഒന്നാം സ്വാതന്ത്ര്യസമരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 1857 കലാപത്തിൽ ഉപയോഗിച്ചതെന്നു കരുതുന്ന ആയുധം കണ്ടെടുത്തു. ഷാജഹാൻപുരിലെ നിഗോഹി പോലീസ് സ്റ്റേഷൻ പരിധിയിലെ വയലിൽനിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്.
ബാബുറാം എന്ന കർഷകൻ തന്റെ വയലിൽ ഉഴുതുന്നതിനിടെ മണ്ണിനടിയിൽനിന്നു വാൾ ലഭിച്ചു. ഇതോടെ ഈ ഭാഗത്ത് കൂടുതൽ മണ്ണ് നീക്കി പരിശോധിച്ചപ്പോൾ വലിയ തോതിൽ ആയുധങ്ങൾ കണ്ടെത്തി. 23 വാളുകൾ, 12 തോക്കുകൾ, ഒരു കുന്തം, ഒരു കഠാര എന്നിവയാണ് കിട്ടിയത്. തോക്കിന്റെ തടിഭാഗങ്ങളെല്ലാം ചിതലെടുത്തതായി ജില്ല കളക്ടർ ധർമേന്ദ്ര പ്രതാപ് പറഞ്ഞു.
ആയുധങ്ങൾ നിഗോഹി പോലീസ് സ്റ്റേഷനിലേക്കുമാറ്റിയതായും പുരാവസ്തു വകുപ്പിന് (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ) കത്ത് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ടെടുത്ത ആയുധങ്ങൾ മുഗൾ കാലഘട്ടത്തിലെ രോഹില്ല സംസ്കാരത്തിന്റെ ഭാഗമായിരിക്കുമെന്നു ഷാജഹാൻപുർ സ്വാമി ശുക്ദേവാനന്ദ് കോളജ് ചരിത്രവിഭാഗം മേധാവി വികാസ് ഖുറാന പറഞ്ഞു.
മുഗൾ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്കു പിന്നാലെ 18-ാം നൂറ്റാണ്ടിൽ ഇന്ത്യയിൽ പ്രവേശിച്ച അഫ്ഗാനിൽനിന്നുള്ള കുടിയേറ്റക്കാരാണ് രോഹില്ലകൾ. 1857 കലാപത്തിൽ കലാപകാരികൾ ഉപയോഗിച്ചതാകാം ഈ ആയുധങ്ങൾ. ഇവർ ബ്രിട്ടീഷ് സൈന്യവുമായി ഏറ്റുമുട്ടിയ ശേഷം ഈ ഭാഗത്തുകൂടി പിലിഭിത് വനത്തിലേക്ക് നീങ്ങിയിരിക്കാമെന്നും ഖുറാന പറയുന്നു.
വിജയിച്ച സൈന്യം ഒരിക്കലും ആയുധം മറയ്ക്കില്ല. കലാപകാരികൾ തങ്ങളുടെ ആയുധങ്ങൾ ഇവിടെ കുഴിച്ചിട്ടതാവാമെന്നും ഖുറാന കൂട്ടിച്ചേർത്തു. തോക്കുകളിൽ ഒന്നിൽ വെടിമരുന്ന് നിറച്ചിരുന്നതായും ബ്രിട്ടീഷ് ഭരണകാലത്ത് ഉപയോഗിച്ചിരുന്ന തോക്കുകളാണിവയെന്നും ഖുറാന പറഞ്ഞു.