ഇവളാണ് ആ പെണ്‍പുലി, സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതല്ല സത്യം, അന്നു സംഭവിച്ചത് മറ്റൊന്ന്! കെഎസ്ആര്‍ടിസി ബസ് തടഞ്ഞ പെണ്‍കുട്ടിക്ക് പറയാനുള്ളത് മറ്റൊരു കഥ
കൈയ്യടിക്കടാ എന്ന ചെറിയൊരു അടിക്കുറിപ്പോടെ സിനിമാതാരം ഉണ്ണി മുകുന്ദന്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു വീഡിയോ ലക്ഷങ്ങളാണു കണ്ടത്. റോംഗ് സൈഡ് കയറിവന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിനു മുന്നില്‍ സ്‌കൂട്ടറിലെത്തിയ യുവതി തടയുന്നതായിരുന്നു ഈ വിഡിയോ. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുകയും ചെയ്തിരുന്നു.യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ കമന്റിട്ടത്. ചിലര്‍ യുവതിയുടെ ധീരതയെ പുകഴ്ത്തിയപ്പോള്‍, ചെയ്തത് അല്‍പം അതിരു കടന്നതാണെന്നും കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റിനു മുന്നില്‍ കയറി തടയാന്‍ നില്‍ക്കുന്നത് അപകടകരമാണെന്നു കമന്റു ചെയ്തവരും അനവധി.

അന്നുമുതല്‍ യുവതി ആരെന്നുള്ള അന്വേഷണത്തിലായിരുന്നു സോഷ്യല്‍ മീഡിയ. ഈ അന്വേഷണം ചെന്നുനില്‍ക്കുന്നത് ഇരിങ്ങോള്‍ വടക്കരേടത്ത് മനീഷിന്റെ ഭാര്യയായ സൂര്യയെന്ന യുവതിയിലാണ്.


താന്‍ ബസ് തടഞ്ഞതിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നടക്കുമ്പോള്‍ സൂര്യയ്ക്കു പറയാനുള്ളതു മറ്റൊന്നാണ്. കെഎസ്ആര്‍ടിസി ബസ് താന്‍ മനപൂര്‍വം തടഞ്ഞതല്ലെന്നും സംഭവിച്ചതു യാദൃശ്ചികം മാത്രമായിരുന്നുവെന്നും യുവതി പറയുന്നു. അന്നു സംഭവിച്ചതിനെക്കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ.

സ്‌കൂട്ടറിനു മുന്നില്‍ പോയസ്‌കൂള്‍ ബസ് വലത്തോട്ടു തിരിഞ്ഞപ്പോഴാണ് എതിര്‍ദിശയില്‍ നിന്നും വന്ന കെഎസ്ആര്‍ടിസി ബസ് റോഡിന്റെ മറുവശത്തുകൂടി വന്നത്. തനിക്കു നേരെ കെഎസ്ആര്‍ടിസി പാഞ്ഞുവരുന്നതു കണ്ട് ആദ്യം പേടിച്ചുവെങ്കിലും ആത്മധൈര്യം കൈവിടാതെ സ്‌കൂട്ടര്‍ നിര്‍ത്തുകയായിരുന്നു.

റോഡിനു നടുക്കായി നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കണ്ടയുടനെ സൗമ്യനായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് തിരിച്ച് മുന്നോട്ടുപോകുകയായിരുന്നു. ഇതാണ് സത്യത്തില്‍ സംഭവിച്ചത്. അല്ലാതെ മനപൂര്‍വം ബസ് തടയുകയോ ഗതാഗത നിയമം ലംഘിക്കുകയോ ആയിരുന്നില്ല ലക്ഷ്യം.

സംഭവം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന വിദ്യാര്‍ഥികളിലാരോ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. സംഭവം എന്തായാലും സൂര്യയ്ക്കും ഒപ്പം സൗമ്യനായ ആ കെഎസ്ആര്‍ടിസി ഡ്രൈവറിനും കൈയ്യടിക്കുകയാണ് സമൂഹമാധ്യമങ്ങള്‍.