ഇത്തരമൊരു സാങ്കേതികവിദ്യ കലാകാരന്‍മാര്‍ക്കും ഏറെ വ്യത്യസ്തമായ അനുഭവമായിരിക്കും പകരുക. പ്രത്യേകിച്ചും അരങ്ങിലെ ഹാലജന്‍ ബള്‍ബുകളെ ഒഴിവാക്കി എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിക്കുന്നത് സ്‌റ്റേജിലെ ചൂടു കുറയ്ക്കുകയും നാടകതാരങ്ങള്‍ക്ക് സ്വാഭാവികമായി അഭിനയിക്കാന്‍ സാധിക്കുകയും ചെയ്യുമെന്ന അഭിപ്രായമാണ് സംവിധായകന്‍ രാജീവന്‍ മമ്മിളിക്കുള്ളത്.
കാഞ്ഞിരപ്പള്ളി അമലയുടെ 34ാമത്തെ നാടകമാണ് 'ദൂരം.' കേരളത്തിലാദ്യമായി ഡിജിറ്റല്‍ റിക്കാര്‍ഡിംഗ് സംവിധാനം അവതരിപ്പിച്ചത് അമല ഡിജിറ്റല്‍ റിക്കാര്‍ഡിംഗ് സ്റ്റുഡിയോയാണ്. ക്രിസ്തീയ ഭക്തിഗാനങ്ങള്‍ അമലയുടെ സ്റ്റുഡിയോയില്‍ത്തന്നെ റിക്കോര്‍ഡ് ചെയ്തു പുറത്തിറക്കിക്കൊണ്ടാണ് 1985ല്‍ അമല മാധ്യമരംഗത്തേക്കു ചുവടുവയ്ക്കുന്നത്.
തുടര്‍ന്നു ദൂരദര്‍ശനില്‍ ഡല്‍ഹിയില്‍നിന്നുള്‍പ്പെടെ ക്രിസ്മസ് പ്രോഗ്രാം അവതരിപ്പിച്ചു തുടങ്ങിയതോടെ അമല ദൃശ്യമാധ്യമരംഗത്തേക്കു കടന്നു. തുടര്‍ന്ന് നല്ല ആശയങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നാടകരംഗത്തേക്കു ചുവടുവച്ചു. ബൈബിള്‍ നാടകവും സാമൂഹിക നാടകവും അമല അവതരിപ്പിച്ചു.
കേരള പ്രഫഷണല്‍ നാടകരംഗത്ത് ആദ്യമായി ഡിഎംഎക്‌സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന 'ദൂരം' എന്ന നാടകത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച രാത്രി ഏഴിന് കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററില്‍ നടന്നു. നാടകത്തിനു മികച്ച പിന്തുണയാണു ലഭിച്ചതെന്നു അമലയുടെ ഡയറക്ടര്‍ ഫാ. ജോസഫ് കൊച്ചുവീട്ടില്‍ പറയുന്നു.
അഡ്വ. മണിലാല്‍ രചന നിര്‍വഹിച്ചിരിക്കുന്ന ദൂരം സംവിധാനം ചെയ്യുന്നത് രാജീവന്‍ മമ്മിളിയാണ്. കുടുംബബന്ധത്തില്‍ എന്നോ രൂപപ്പെട്ട ദൂരത്തില്‍, ജീവിതത്തിലെ പ്രതീക്ഷകളുടെ അവസാന നാന്പും എരിഞ്ഞമര്‍ന്നിട്ടും ജീവിതം തിരിച്ചുപിടിക്കാന്‍ ഉറപ്പിച്ച ഒരു അമ്മയുടെയും അച്ഛന്റെയും കഥയാണിത്.