രാണുവിന് സല്‍മാന്‍ ഖാന്‍ വീടു സമ്മാനിച്ചോ? ഇതാണ് സത്യം
രാണു മൊണ്‍ഡല്‍ എന്ന പേര് ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചിതമാണ്. കൊല്‍ക്കത്തയിലെ റെയില്‍വേ പ്ലാറ്റ്ഫോമിലിരുന്ന് ലതാ മങ്കേഷ്‌കറിന്റെ ഏറെ പ്രശസ്തമായ പ്യാര്‍ കാ നഗ്മാ ഹേ എന്ന ഗാനമാലപിക്കുന്ന രാണുവിന്റെ വീഡിയോ നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വൈറലായത്.
ഈ പാട്ട് തന്റെ മൊബൈലില്‍ പകര്‍ത്തി അതിന്ദ്ര ചക്രബര്‍ത്തി പങ്കുവച്ചതോടെയാണ് രാണുവിന്റെ ഭാഗ്യരേഖ തെളിഞ്ഞത്.
സമൂഹമാധ്യമങ്ങളിലൂടെ താരമായതോടെ നിരവധി ഭാഗ്യങ്ങളാണ് രാണുവിനെ തേടി എത്തുന്നത്. കഴിഞ്ഞ ദിവസം രാണുവിനെ ഉപേക്ഷിച്ചു പോയ മകള്‍ തിരികെയെത്തിയതും വാര്‍ത്തയായിരുന്നു.
ഇപ്പോളിതാ രാണുവിനെത്തേടി അടുത്ത മഹാഭാഗ്യവും എത്തിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈയടുത്ത് രാണു പങ്കെടുത്ത റിയാലിറ്റി ഷോയില്‍ സല്‍മാന്‍ ഖാന്‍ അതിഥിയായി എത്തിയിരുന്നു. രാണുവിന്റെ സംഗീതം കേട്ട് അവരുടെ ഫാനായി മാറിയ സല്‍മാന്‍ ഖാന്‍ അവര്‍ക്ക് 55 ലക്ഷം രൂപ വില വരുന്ന വീട് സമ്മാനമായി നല്‍കിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഇതിനുപുറമേ ദബംഗ് 3 യിലെ ഗാനം ആലപിക്കുന്നതിനായി രാണുവിനെ സല്‍മാന്‍ ഖാന്‍ ക്ഷണിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ വാര്‍ത്ത താരം ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.


എന്നാല്‍, ഈ വാര്‍ത്ത തെറ്റാണെന്നും രാണുവിന് സല്‍മാന്‍ വീടു സമ്മാനിച്ചിട്ടില്ലെന്നും ദബംഗ് 3യിലെ ഗാനത്തെ സംബന്ധിച്ച് ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ലെന്നും സല്‍മാനുമായി അടുത്ത ബന്ധമുള്ളവര്‍ പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഹിമേഷിന്റെ പാട്ടിനു പിന്നാലെ മറ്റു സംഗീത സംവിധായകരും അവരുടെ ചിത്രങ്ങളിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇതിനു പുറമെ നിരവധി സ്റ്റേജു ഷോകള്‍ക്കും രാണു കരാറിലേര്‍പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വൈകിയാണെങ്കിലും ദൈവം അറിഞ്ഞു നല്‍കിയ ആ വരദാനത്തിന് അര്‍ഹമായ അംഗീകാരം തേടിയെത്തുന്നതിന്റെ സന്തോഷത്തിലാണ് സംഗീതപ്രേമികള്‍.