District News
മലപ്പുറം: കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് കൊന്നു. മഞ്ചേരി ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണ്‍ (40) കൊല്ലപ്പെട്ട സംഭവത്തിൽ മഞ്ചേരി ചാരങ്കാവ് സ്വദേശി മൊയ്തീൻ കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാവിലെ ഏഴിനായിരുന്നു ദാരുണ സംഭവമുണ്ടായത്. കാടുവെട്ട് തൊഴിലാളികളാണ് പ്രവീണും മൊയ്തീനും. രാവിലെ ഇരുവരും ഒരുമിച്ച് ബൈക്കില്‍ ജോലിക്ക് പോകുകയായിരുന്നു. ഇതിനിടെ ഇവർ തമ്മില്‍ തര്‍ക്കമുണ്ടായി.
തുടർന്ന് മൊയ്തീന് കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് പ്രവീണിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
District News
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ ആറുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ചയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ കുട്ടിയെ പ്രവേശിപ്പിച്ചത്.
ഇതോടെ രോഗം ബാധിച്ച് ആശുപത്രിയിലുള്ള കുട്ടികളുടെ എണ്ണം രണ്ടായി. കെട്ടിക്കിടക്കുന്നതോ മലിനമായതോ ആയ ചൂടുവെള്ളത്തിൽ അമീബകൾ കാണപ്പെടുന്നു. ഈ വെള്ളം മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുമ്പോഴാണ് രോഗം പകരുന്നത്.
നീന്തൽ, വെള്ളത്തിൽ മുങ്ങിക്കുളിക്കൽ, ഓസ് ഉപയോഗിച്ച് മൂക്കിൽ വെള്ളം ചീറ്റിക്കൽ തുടങ്ങിയ സന്ദർഭങ്ങളിൽ ഇത് സംഭവിക്കാം. മൂക്കിലൂടെ പ്രവേശിക്കുന്ന അമീബ തലച്ചോറിലെത്തുകയും അവിടെ വീക്കം ഉണ്ടാക്കുകയും കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.
District News
മലപ്പുറം: ചിന്നക്കലങ്ങാടിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.. കള ത്തിക്കണ്ടി രജീഷ് എന്ന ചെറൂട്ടി (48) ആണ് മരിച്ചത്.
രജീഷിനെ സുഹൃത്തിൻ്റെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു രജീഷിനെ വീടിനുള്ളിൽ മരിച്ച നിലയിൽ ക ണ്ടെത്തിയത്. വിവരം അറിഞ്ഞ് പോലീസെത്തി തുടർ നടപടി സ്വീകരിച്ചു.
സംഭവത്തിൽ സുഹൃത്തുക്കളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മരണ ത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
ചോദ്യം ചെയ്യുന്നതിനായാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Kerala
മലപ്പുറം: ഒരു കുടുംബത്തിലെ മൂന്നു പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. വണ്ടൂർ അമ്പലപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയുടെ കുടുംബത്തിലെ മൂന്നു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
മൂന്നു പേരും നാല് ദിവസം മുമ്പ് ഉത്തർപ്രദേശിൽനിന്ന് വണ്ടൂരിലെത്തിയവരാണ്. ഇതോടെ വണ്ടൂർ ഗ്രാമപഞ്ചായത്തിലെ 17,18 വാർഡുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. വീടുകൾ കയറി ബോധവൽക്കരണവും ആരംഭിച്ചു.
അമ്പലപ്പടി ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാറം (71), ഗ്രീഷ്മ (29), റിതേഷ് (ഏഴ്) എന്നിവർക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. തുടർന്ന് ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ വെക്ടർ സർവേ, വെക്ടർ കളക്ഷൻ, ലാർവ കളക്ഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ ആരംഭിച്ചു.
പരിസരപ്രദേശങ്ങളിൽ പനി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്നും മെഡിക്കൽ ഓഫീസർ നിർദേശിച്ചു.
Kerala
മലപ്പുറം: നിലമ്പുർ പോത്തുകല്ലില്‍ ഭാഗികമായി ഭക്ഷിച്ച നിലയിൽ മാനിന്റെ ജഡം കണ്ടെത്തി. നിലമ്പുര്‍ റേഞ്ചിന് കീഴിലെ വെള്ളിമുറ്റം കൊടീരി വനത്തിന് സമീപം നൂറ്റിപ്പത്ത് ഏക്കറിലാണ് ജഡം കണ്ടെത്തിയത്. മാനിനെ പിടികൂടിയത് പുലിയാണെന്ന് വനംവകുപ്പ് പിന്നീട് സ്ഥിരീകരിച്ചു.
നാലു വയസ് പ്രായം വരുന്ന പെണ്‍മാനാണ് ചത്തത്. നിലമ്പുര്‍ വെറ്ററിനറി സര്ജന് ഡോ. എസ്. ശ്യാമിന്റെ നേതൃത്വത്തില്‍ മാനിന്റെ ജഡം പോസ്റ്റ്മാര്‍ട്ടം നടത്തിയ ശേഷം വനത്തില്‍ മറവ് ചെയ്തു.
Kerala
മലപ്പുറം: തിരുനാവായയിൽ റെയിൽവേ ട്രാക്കിൽ ഇരുമ്പ് കമ്പികൾ കണ്ടെത്തി. കുറ്റിപ്പുറത്തിനും തിരൂരിനും ഇടയിൽ തിരുനാവായ റെയില്‍വെ സ്റ്റേഷന് സമീപം ഇന്നു രാവിലെയാണ് സംഭവം. തൃശൂർ- കണ്ണൂർ പാസഞ്ചർ ട്രെയിൻ എത്തുന്ന സമയത്താണ് ട്രാക്കിൽ കമ്പി കണ്ടെത്തിയത്.
കെട്ടിടാവശിഷ്ടങ്ങളുടെ ഭാഗമായ തുരുമ്പിച്ച കമ്പികളാണിവ. ട്രെയിൻ എത്തുന്നതിന് തൊട്ടുമുമ്പ് കമ്പി കണ്ടെത്തി ട്രാക്കിൽ നിന്ന് മാറ്റിയതിനാൽ വലിയ അപകടമൊഴിവായി. സംഭവത്തിൽ ആന്ധ്രാപ്രദേശ് സ്വദേശിയെ തിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇയാൾ പരസ്പര വിരുദ്ധമായ മൊഴിയാണ് നല്‍കിയതെന്ന് പോലീസ് പറഞ്ഞു. ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരുകയാണ്.
Kerala
മലപ്പുറം: കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിന് തീപിടിച്ചു. പാലക്കോട്-കോഴിക്കോട് റൂട്ടിലോടുന്ന സന ബസാണ് കത്തിനശിച്ചത്. കൊണ്ടോട്ടി എയര്‍പോര്‍ട്ട് ജംഗ്ഷനു സമീപം കൊളത്തൂരിൽ ഇന്നു രാവിലെയാണ് സംഭവം.
പുക ഉയർന്നപ്പോൾ യാത്രക്കാർ ബസിൽ നിന്ന് ഇറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. ഉടൻതന്നെ മലപ്പുറത്ത് നിന്ന് അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണവിധേയമാക്കി.
District News
മലപ്പുറം ജില്ലയിൽ നിപ വൈറസ് ആശങ്ക ഒഴിഞ്ഞു. ജില്ലയിൽ നിപ രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരുടെയെല്ലാം പരിശോധനാ ഫലങ്ങൾ നെഗറ്റീവായതായി ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതീവ ജാഗ്രതയിലായിരുന്ന ജില്ലയ്ക്ക് ഇത് വലിയ ആശ്വാസമാണ് നൽകുന്നത്. ആരോഗ്യവകുപ്പിന്റെ കനത്ത നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ഫലം കണ്ടു എന്നതാണ് ഈ ഘട്ടത്തിൽ ശ്രദ്ധേയം.
ജില്ലയിൽ നിപ സംശയിച്ച് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 203 പേരിൽ 46 പേരുടെയും സാമ്പിളുകൾ ഇതിനോടകം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഐസിയുവിൽ ചികിത്സയിലായിരുന്ന രണ്ട് പേരുൾപ്പെടെ 11 പേർ നിലവിൽ മലപ്പുറത്ത് ചികിത്സയിലുണ്ട്. ഇവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. തുടർച്ചയായ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.
പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നുള്ള വിദഗ്ദ്ധ സംഘം മലപ്പുറം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നിപ വ്യാപനം തടയാനുള്ള നടപടികൾ സെപ്റ്റംബർ വരെ തുടരാനാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. വവ്വാലുകളിലെ വൈറസ് സാന്നിധ്യം പഠിക്കുന്നതിനായി മറ്റൊരു സംഘം ഉടൻ മലപ്പുറത്ത് എത്തുമെന്നും അറിയിച്ചിട്ടുണ്ട്.
District News
മലപ്പുറം ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലും ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കി. മലപ്പുറം അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. സംശയകരമായ കേസുകൾ റിപ്പോർട്ട് ചെയ്താൽ ഉടൻ പരിശോധന നടത്താനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകി.
നിപ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വവ്വാലുകൾ ഭക്ഷിച്ച പഴങ്ങൾ ഒഴിവാക്കുക, വ്യക്തി ശുചിത്വം പാലിക്കുക, പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
കണ്ണൂർ ജില്ലയിലെ ആശുപത്രികളിൽ നിപ സംശയമുള്ള കേസുകൾക്കായി പ്രത്യേക വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ പരിശീലനം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
District News
മലപ്പുറം ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട് ജില്ലയിലും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്. ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കുകയും സംശയകരമായ സാഹചര്യങ്ങളിൽ അടിയന്തര ഇടപെടലിന് സജ്ജമാവുകയും ചെയ്തിട്ടുണ്ട്.
പ്രധാനമായും പഴം കഴിക്കുന്ന മൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്നും, വീടുകളിൽ പഴങ്ങൾ തുറന്നിടരുതെന്നും നിർദ്ദേശം നൽകി. പനി, ചുമ, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ ഉടൻതന്നെ ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെടണം. രോഗ വ്യാപനം തടയുന്നതിനുള്ള ബോധവൽക്കരണ പരിപാടികൾ വിവിധ പഞ്ചായത്തുകളിൽ ആരംഭിച്ചു.
ആശുപത്രികളിൽ പ്രത്യേക നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ സംഘം 24 മണിക്കൂറും സജ്ജമാണ്. നിപ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് പുറത്തിറക്കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ജനങ്ങളോട് അഭ്യർത്ഥിച്ചു.
Kerala
മലപ്പുറം: കാളികാവിൽ നിന്നും പിടികൂടിയ നരഭോജിക്കടുവയെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു. രാത്രി വൈകി എത്തിച്ച കടുവയെ ഇന്ന് ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റും. 21 ദിവസം ഇവിടെ ക്വാറന്റൈനിൽ പാർപ്പിക്കും. അതേസമയം, ഇവിടെ സന്ദർശകർക്ക് കർശന വിലക്കുണ്ട്.
രണ്ടുമാസത്തോളമായി കരുവാരക്കുണ്ട് മലയോര മേഖലയെ ഒന്നാകെ ഭീതിയിലാഴ്ത്തിയ കടുവ ഞായറാഴ്ച രാവിലെയാണ് സുൽത്താന എസ്റ്റേറ്റിലെ എസ് വളവിൽ റോഡരികിൽ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്.
രാവിലെ തോട്ടങ്ങളിലേക്ക് തൊഴിലെടുക്കാൻ പുറപ്പെട്ട തൊഴിലാളികളാണ് കടുവ കൂട്ടിൽ കുടുങ്ങിക്കിടക്കുന്നതു കണ്ടത്. തുടർന്ന് നാട്ടുകാരെയും പിന്നീട് വനംവകുപ്പ് അധികൃതരെയും അറിയിക്കുകയായിരുന്നു.
കൂട്ടിൽ അകപ്പെട്ട കടുവ രക്ഷപ്പെടുന്നതിനുള്ള ശ്രമത്തിനിടെ കന്പികളിൽ തല ഇടിച്ചതിനാൽ പരിക്കേറ്റിട്ടുണ്ട്. കടുവയെ സ്ഥലത്തുനിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരും വനംവകുപ്പധികൃതരും തമ്മിൽ ഏറെനേരം വാഗ്വാദമുണ്ടായി. പ്രദേശത്ത് കടുവയുടെ ശല്യം നിരന്തരം ഉണ്ടായതിനെത്തുടർന്ന് നാട്ടുകാർ കടുത്ത പ്രതിഷേധത്തിലായിരുന്നു. അതിനാൽ കടുവയെ ജീവനോടെ കൊണ്ടുപോകാതിരിക്കുകയോ മൃഗശാലയിലേക്ക് മാറ്റുകയോ വേണമെന്ന ആവശ്യമാണ് നാട്ടുകാർ ഉയർത്തിയത്.
പ്രതിഷേധവുമായെത്തിയ വൻ ജനക്കൂട്ടം ഏറെനേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു. വനംവകുപ്പ് അധികൃതർക്ക് പുറമേ പോലീസും സ്ഥലത്തെത്തിയിരുന്നു.
തുടർന്ന് സ്ഥലം എംഎൽഎ എ.പി. അനിൽകുമാർ, കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കർഷക നേതാക്കൾ തുടങ്ങിയവർ നിലന്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാലുമായി ചർച്ച നടത്തി. ഇതേത്തുടർന്ന് കടുവയെ അമരന്പലത്തെ വനംവകുപ്പിന്റെ കേന്ദ്രത്തിൽ ചികിത്സ നൽകിയശേഷം മാറ്റാമെന്ന് ഡിഎഫ്ഒ ഉറപ്പു നൽകി. ഇതോടെയാണ് കടുവയെ പ്രദേശത്തുനിന്ന് മാറ്റാൻ നാട്ടുകാർ സമ്മതിച്ചത്.
വൈകുന്നേരത്തോടെ കടുവയെ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് കൊണ്ടുപോയി. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ജനജാഗ്രതാ സമിതി അംഗങ്ങളുമുൾപ്പെടെ വലിയ ജനക്കൂട്ടമാണ് പ്രദേശത്ത് തടിച്ചുകൂടിയിരുന്നത്.
District News
പരിശോധന കർശനമാക്കി പോലീസ്
മഞ്ചേരി: കൗമാരക്കാർ മോട്ടോർ സൈക്കിളിൽ കറങ്ങി രക്ഷിതാക്കൾക്ക് ധനനഷ്ടവും മാനനഷ്ടവും ഉണ്ടാക്കുന്നത് പതിവാകുന്നു. ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് ഗുരുതര കുറ്റമായാണ് കണക്കാക്കുന്നത്. എന്നാൽ പതിനെട്ട് വയസ് തികയാതെ വാഹനമോടിച്ചാൽ കുറ്റം ഗുരുതരമാകും.
വാഹനത്തിന്റെ ഉടമക്കും രക്ഷിതാവിനും നിയമത്തിന്റെ നൂലാമാലകളിൽ കറങ്ങാനും പിഴയടക്കാനും മാത്രമേ നേരം കാണൂ. ഇത്തരത്തിൽ വാഹനമോടിക്കുന്നതിനെതിരേ സംസ്ഥാന സർക്കാർ ജിഒ (പി) നന്പർ 37/2019 പ്രകാരം പ്രത്യേക ഉത്തരവ് തന്നെ ഇറക്കിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്തവർക്ക് വാഹനം ഓടിക്കാൻ നൽകിയാൽ 1988ലെ മോട്ടോർ വാഹന നിയമം 199 എ പ്രകാരം മൂന്ന് വർഷം വരെ തടവും 25000 രൂപ വരെ പിഴയും ശിക്ഷ ലഭിച്ചേക്കാം.
ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദേശ പ്രകാരം സ്പെഷൽ ഡ്രൈവിലൂടെ (ഓപറേഷൻ ലാസ്റ്റ് ബെൽ) പരിശോധന കർശനമാക്കിയിരിക്കയാണ് പോലീസ്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പരിശോധനയിൽ നിരവധി കുട്ടി ഡ്രൈവർമാർ പിടിയിലായി.
ഹെൽമെറ്റില്ലാതെയും മൂന്ന് പേർ യാത്ര ചെയ്തതും അമിത വേഗതയിൽ ബൈക്കോടിച്ചതിനുമാണ് പിടിയിലായത്. വാഹനത്തിനന്റെ ആർസി ഉടമയെ വിളിച്ചു വരുത്തി പിഴ ഈടാക്കിയും കുട്ടികളെ താക്കീത് നൽകിയും വിട്ടയക്കുകയായിരുന്നു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും കുറ്റക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
District News
മഞ്ചേരി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് വീട്ടമ്മ മരിക്കാനിടയായ സംഭവത്തിന്റെ ഉത്തരാവദിത്വം ഏറ്റെടുത്ത് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മഞ്ചേരിയിൽ റോഡ് ഉപരോധിച്ചു.
ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥതയും മന്ത്രിയുടെ നിരുത്തരവാദ സമീപനവുമാണ് ഒരു രോഗിയുടെ ജീവൻ നഷ്ടമാക്കിയതെന്ന് റോഡ് ഉപരോധ സമരം ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് കെ.കെ.ബി. മുഹമ്മദലി പറഞ്ഞു. മുനിസിപ്പൽ പ്രസിഡന്റ് യാഷിക് മേച്ചേരി അധ്യക്ഷനായിരുന്നു.
യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി യൂസുഫ് വല്ലാഞ്ചിറ, മണ്ഡലം ജനറൽ സെക്രട്ടറി വി.എം. സജറുദീൻ മൊയ്തു, മുനിസിപ്പൽ ജനറൽ സെക്രട്ടറി ബാവ കൊടക്കാടൻ, വല്ലാഞ്ചിറ അബ്ദുൾ മജീദ്, സാദിക് കൂളമഠത്തിൽ, ഇഖ്ബാൽ വടക്കേങ്ങര, റഷീദ് വല്ലാഞ്ചിറ, എ.പി. ഷിഹാബ്, ജൈസൽ കാരശേരി, ഹകിം ചെരണി, ഷിഹാബ് പയ്യനാട്, ജംഷി മേച്ചേരി, നാസർ എലന്പ്ര എന്നിവർ പ്രസംഗിച്ചു.
മുസ്ലിം ലീഗ് ഓഫീസിൽ നിന്ന് പ്രകടനമായി എത്തിയ പ്രവർത്തകർ മഞ്ചേരി ടൗണ്‍ ചുറ്റി സെൻട്രൽ ജംഗ്ഷനിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു. മഞ്ചേരി പോലീസ് ഇൻസ്പെക്ടർ വി. പ്രതാപ് കുമാറിന്റെ നേതൃത്വത്തിലെത്തിയ പോലീസ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കി.
തിരൂർക്കാട്: മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് തിരൂർക്കാട് മേഖല കമ്മിറ്റി തിരൂർക്കാട് സ്കൂൾപ്പടിയിൽ റോഡ് ഉപരോധിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അൻസാർ സമരം ഉദ്ഘാടനം ചെയ്തു. ഷെബീർ മാഞ്ഞാന്പ്ര, ഷഫീക്ക് തിരൂർക്കാട്, അഫ്സൽ തിരൂർക്കാട്, മിസ്ഹബ് ഇപ്പുഴിയിൽ, ഫായിസ്, ഷാഫി, ഇക്ബാൽ, ഷാഹിദ് തുടങ്ങിയവർ നേതൃത്വം നൽകി.
എടക്കര: മന്ത്രിയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് എടക്കരയിൽ പ്രകടനം നടത്തി. പ്രസിഡന്റ് മൻസൂർ കൈതവളപ്പിൽ, ജനറൽ സെക്രട്ടറി ബാപ്പു ചേരലിൽ, കെ.പി. റമീസ്, എം.എ. സൽമാനുൽ ഫാരിസ്, റിഷാദ് തെക്കിൽ, എൻ.കെ. അഫ്സൽ, നംഷാർ, കെ.എം. ഉനീസ്, ടി.പി. ഷരീഫ്, ടി.കെ. ആഷിഖ്, അൻവർ മണക്കാട് എന്നിവർ നേതൃത്വം നൽകി.
District News
മലപ്പുറം ജില്ലയിലെ മഞ്ചേരി മെഡിക്കൽ കോളേജിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ചു. വൃക്കരോഗികൾക്ക് കൂടുതൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ യൂണിറ്റ് ആരംഭിച്ചത്. ഇതോടെ മെഡിക്കൽ കോളേജിലെ ഡയാലിസിസ് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാകും.
പൊതുജന പങ്കാളിത്തത്തോടെയും പ്രാദേശിക സഹകരണത്തോടെയുമാണ് ഈ യൂണിറ്റ് യാഥാർത്ഥ്യമാക്കിയത്. പുതിയ യൂണിറ്റിൽ ഒരേ സമയം കൂടുതൽ രോഗികൾക്ക് ഡയാലിസിസ് ചെയ്യാൻ സാധിക്കും. കൂടാതെ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് കുറഞ്ഞ ചിലവിൽ ചികിത്സ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.
പുതിയ ഡയാലിസിസ് യൂണിറ്റ് ജില്ലയിലെ വൃക്കരോഗികൾക്ക് വലിയ ആശ്വാസമാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. ആരോഗ്യ മേഖലയിൽ മലപ്പുറം ജില്ലയ്ക്ക് ഇത് ഒരു മുതൽക്കൂട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
District News
മലപ്പുറം ജില്ലയിലെ കുടുംബശ്രീ മിഷൻ സ്ത്രീകളുടെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് പുതിയ വികസന പദ്ധതികൾക്ക് രൂപം നൽകി. കാർഷിക മേഖലയ്ക്കും ചെറുകിട വ്യവസായങ്ങൾക്കും കൂടുതൽ ഊന്നൽ നൽകിക്കൊണ്ടുള്ള പദ്ധതികളാണ് കുടുംബശ്രീ ആവിഷ്കരിച്ചിരിക്കുന്നത്. ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ സാമ്പത്തിക ഉന്നമനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ പദ്ധതികൾക്ക് കീഴിൽ, സ്ത്രീകൾക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകുകയും, ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും. ഇതിനായി പ്രാദേശിക തലത്തിൽ മാർക്കറ്റുകൾ സ്ഥാപിക്കാനും ഓൺലൈൻ വിപണന സാധ്യതകൾ പ്രയോജനപ്പെടുത്താനും കുടുംബശ്രീ മിഷൻ തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ തിരൂർ ബ്ലോക്കിൽ 'കുടുംബശ്രീ ഉൽപന്നമേള' സംഘടിപ്പിച്ചു.
ജില്ലാ കളക്ടർ പങ്കെടുത്ത ചടങ്ങിൽ കുടുംബശ്രീ അംഗങ്ങൾക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള വായ്പകളും ധനസഹായങ്ങളും വിതരണം ചെയ്തു. ഈ പദ്ധതികൾ ജില്ലയുടെ സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുമെന്നും സ്ത്രീ ശാക്തീകരണത്തിന് കൂടുതൽ കരുത്ത് പകരുമെന്നും കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിപ്രായപ്പെട്ടു.
District News
മലപ്പുറം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച 'മീറ്റ് ദ പ്രസ്' പരിപാടിയിൽ നിയുക്ത എം.എൽ.എ ആര്യാടൻ ഷൗക്കത്ത് നിലമ്പൂർ മണ്ഡലത്തിലെ വികസന കാഴ്ചപ്പാടുകളെക്കുറിച്ച് സംസാരിച്ചു. നിലവിലുള്ള വികസന മുരടിപ്പ് അവസാനിപ്പിച്ച് സമഗ്രമായ പുരോഗതിയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി എല്ലാവരുമായും സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ നിരവധി വികസന പദ്ധതികൾ മുടങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പദ്ധതികളെല്ലാം പുനരുജ്ജീവിപ്പിക്കാൻ വിവിധ വകുപ്പ് മേധാവികളുടെയും ജനപ്രതിനിധികളുടെയും വിപുലമായ യോഗം ഉടൻ വിളിച്ചുചേർക്കും. സംസ്ഥാന സർക്കാരിന്റെ പിന്തുണയും നിലമ്പൂരിന്റെ വികസനത്തിന് അനിവാര്യമാണെന്നും അതിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലത്തിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനും, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പദ്ധതികൾക്കും മുൻഗണന നൽകുമെന്നും ആര്യാടൻ ഷൗക്കത്ത് അറിയിച്ചു. ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള വികസന പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നൽകുക എന്നും അദ്ദേഹം പറഞ്ഞു.