പന്തളം: പന്തളത്ത് വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക മോഷണം. എൻഎസ്എസ് കോളജിന് എതിർവശത്ത് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലും ദന്താശുപത്രിയിലുമാണ് വ്യാഴാഴ്ച രാത്രി 11 ഓടെ കവർച്ച നടന്നത്. യുഡി മെൻസ് ഫാഷൻ , വിദ്യാഭവൻ ബുക്ക് സ്റ്റാൾ, എംജിഎം ദന്താശുപത്രി, ബ്രെഡ് ലൈൻ ബേക്കറി, ബൂഫിയ ബേക്കറി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
യുഡി വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ മുൻ ഭാഗത്തുള്ള ചില്ല് പൊട്ടിച്ച് അകത്തു കയറിയെങ്കിലും സ്ഥാപനത്തിന്റെ അകത്തുള്ള ഷട്ടർ സെൻട്രൽ ലോക്കുള്ളതു കാരണം തുറക്കാൻ കഴിഞ്ഞില്ല. തൊട്ടടുത്തുള്ള പണമിടപാട് സ്ഥാപനത്തിന്റെ പുറത്തുള്ള കാമറ ഊരി മാറ്റിയിരുന്നു.
ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബേക്കറിയിൽ കയറി ഐസ് ക്രീം കഴിച്ച് ഡയറി മിൽക്ക് പായ്ക്കറ്റുകൾ മോഷ്ടിച്ചു. പുതുതായി ആരംഭിച്ച ബൂഫിയ ബേക്കറിയിൽനിന്ന് നാൽപതിനായിരത്തോളം രൂപ നഷ്ടപ്പെട്ടിട്ടുള്ളതായി ഉടമ പറഞ്ഞു.
വിവരമറിഞ്ഞ് ഡോഗ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണശ്രമം നടന്ന സ്ഥാപനങ്ങളിലെ സിസിടിവി കാമറ അടിച്ചു നശിപ്പിക്കുന്നത് കാണാൻ കഴിയും. മോഷ്ടാക്കളുടെ ദൃശ്യങ്ങൾ കട ഉടമകൾക്ക് ലഭിച്ചിട്ടുണ്ട്.
രണ്ടു മോഷ്ടാക്കളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ കാവിമുണ്ടും കാക്കി ഷർട്ടുമാണ് ധരിച്ചിരുന്നത്. ഇയാളുടെ മുഖദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.