Kerala
പത്തനംതിട്ട: കെപിസിസി പുനഃസംഘടനയിൽ അതൃപ്തി പ്രകടമാക്കി ചാണ്ടി ഉമ്മൻ എംഎൽഎ. പ്രതിഷേധത്തിന്റെ ഭാഗമായി കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ യാത്ര ചാണ്ടി ഉമ്മൻ ബഹിഷ്കരിച്ചെന്ന് റിപ്പോർട്ടുകളുണ്ട്.
അടൂർ പ്രകാശ് എംപി നയിക്കുന്ന യാത്രയുടെ റാന്നിയിലെ സ്വീകരണത്തിൽ അദ്ദേഹം പങ്കെടുത്തില്ല. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ചാണ്ടി ഉമ്മനെ അവസാനവട്ടം തഴഞ്ഞതായാണ് പരാതി. അബിൻ വർക്കിയെ പിന്തുണച്ചത് ചാണ്ടി ഉമ്മന്‍ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ പദവിയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം പരസ്യമായി പ്രതികരിച്ചിരുന്നു. തനിക്ക് വളരെയധികം മാനസിക വിഷമം ഉണ്ടാക്കിയ സംഭവമാണ്. ഒരു ചോദ്യം പോലും ചോദിച്ചില്ല.
തന്നോട് പറഞ്ഞിരുന്നെങ്കിൽ രാജിവെച്ച് ഒഴിഞ്ഞേനെയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അതേ സമയം പുനസംഘടനയിൽ പ്രതിഷേധവുമായി വനിതാ നേതാവായ ഡോ.ഷമ മുഹമ്മദും രംഗത്തെത്തി.
കഴിവ് ഒരു മാനദണ്ഡമാണോയെന്ന പരിഹാസ ഫേസ്ബുക്ക് പോസ്റ്റുമായാണ് ഷമ അതൃപ്തി പ്രകടിപ്പിച്ചത്. പുനഃസംഘടനയിൽ പരിഗണിക്കണമെന്ന് ഷമ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും നേതൃത്വം അവരെ ഒഴിവാക്കുകയായിരുന്നു.
National
ന്യൂഡൽഹി: കെപിസിസി പുനഃസംഘടിപ്പിച്ചു. രാഷ്ട്രീയകാര്യ സമിതിയിൽ ആറ് അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി. 13 വൈസ് പ്രസിഡന്റുമാരെയും 58 ജനറൽ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തികൊണ്ടുള്ള പട്ടികയാണ് പുറത്തുവിട്ടത്.
രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ. ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ, എ.കെ. മണി, സി.പി. മുഹമ്മദ് എന്നിവരെയാണ് രാഷ്ട്രീയകാര്യ സമിതിയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവച്ച പലോട് രവിയെ കെപിസിസി വൈസ് പ്രസിഡന്റായും നിയമിച്ചു. സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ലിജുവിനെ മാറ്റി വൈസ് പ്രസിഡന്റാക്കി. സന്ദീപ് വാര്യർക്ക് ജനറൽ സെക്രട്ടറി സ്ഥാനം നൽകി.
വി.എ. നാരായണനാണ് കെപിസിസി ട്രഷറര്‍. നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് രാഷ്ട്രീയകാര്യ സമിതി അടക്കം വിപുലീകരിച്ചുകൊണ്ടുള്ള പട്ടിക എഐസിസി നേതൃത്വം പ്രസിദ്ധീകരിച്ചത്.
Kerala
തിരുവനന്തപുരം: കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന അബിന്‍ വര്‍ക്കിയുടെ ആവശ്യം തള്ളി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അബിന്‍ കേരളത്തിൽ ഇരുന്ന് ദേശീയ തലത്തിൽ പ്രവർത്തിക്കാമല്ലോ എന്ന് അദ്ദേഹം പറഞ്ഞു.
കെ.സി. വേണുഗോപാൽ കേരളത്തിലുമുണ്ട് ദേശീയ നേതൃത്വത്തിലുമുണ്ട്. കേരളത്തിൽ ഇരുന്ന് രാജ്യം മുഴുവൻ പ്രവർത്തിക്കാം. അതിന് എന്താ കുഴപ്പം? കേരളത്തിൽ നിൽക്കട്ടെ എന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
അബിൻ വർക്കിയെ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി തിങ്കളാഴ്ചയാണ് തീരുമാനിച്ചത്. അബിന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാകുമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ പ്രതീക്ഷ. ഇതിനു പിന്നാലെ കേരളത്തിൽ തുടരാൻ അവസരം നൽകണമെന്നും വൈസ് പ്രസിഡന്റ് ആയി തുടരാൻ അനുവദിക്കണമെന്നും നേതൃത്വത്തോട് അഭ്യർഥിക്കുമെന്ന് അബിൻ വർക്കി മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ഷാഫി പറമ്പിലിനെതിരായ ആക്രമണം, സ്വര്‍ണക്കൊള്ളയില്‍ നിന്ന് തടിതപ്പാനുള്ള സര്‍ക്കാരിന്റെ ശ്രമമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.
നട്ടുച്ചക്ക് ഇരുട്ടാണെന്നു പറയുന്ന നിലപാടാണ് അവരുടേത്. മാധ്യമപ്രവര്‍ത്തകര്‍ സത്യം പുറത്തുകൊണ്ടുവന്നപ്പോള്‍ അവര്‍ ഉരുണ്ടുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാം മറച്ചുവയ്ക്കാനുള്ള തത്രപ്പാടാണ് അവരുടേതെന്നും അതാണ് ഇന്നലെ കണ്ടതെന്നും വേണുഗേപാല്‍ പറഞ്ഞു.
ഷാഫി പറമ്പിലിനെ താന്‍ കണ്ടിരുന്നെന്നും മൂന്നുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ആണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
കല്‍പ്പറ്റ: വയനാട്ടിൽ ആത്മഹത്യചെയ്ത മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ബത്തേരി അർബൻ ബാങ്കിലെ സാമ്പത്തിക ബാധ്യത തീർത്ത് കെപിസിസി. 69 ലക്ഷം രൂപയുടെ ബാധ്യതയിൽ പിഴപ്പലിശയും മറ്റും ഒഴിവാക്കിയുളള തുകയാണ് കെപിസിസി അടച്ചുതീർത്തത്.
ബത്തേരി അർബൻ ബാങ്കിലെ കുടിശിക തീർത്ത് വീടിന്റെ ആധാരം എടുത്തുനൽകുക എന്നതായിരുന്നു വിജയന്റെ കുടുംബത്തിന്റെ ആവശ്യം. അർബൻ ബാങ്കിന്റെ പക്കലുള്ള വിജയന്റെ വീടിന്റെ ആധാരം കൈമാറുന്നതിനു നിലവിൽ പ്രശ്നങ്ങളില്ല.
ആധാരം കൈമാറുമ്പോൾ നോമിനിയായി വിജയന്റെ ഭാര്യ സുമയുടെ പേരാണ് രേഖപ്പെടുത്തിയിരുന്നത്. ഷെയർ കൈമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിലും കുടുംബത്തിൽ നിന്നുള്ള നടപടികൾ പൂർത്തിയാകുന്നതോടെ ആധാരം കൈമാറാനാകുമെന്ന് ബാങ്ക് വൃത്തങ്ങൾ അറിയിച്ചു.
40 ലക്ഷത്തോളം രൂപയാണ് 2007 ൽ വിജയൻ ബത്തേരി ബാങ്കിൽനിന്ന് കടമെടുത്തിരുന്നത്. അത് പിന്നീട് പലതവണ പുതുക്കുകയും മറ്റും ചെയ്തിരുന്നെങ്കിലും പിഴപ്പലിശയടക്കം 69 ലക്ഷം രൂപയായിരുന്നു.
സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് വാങ്ങിയ കോഴപ്പണം തിരികെ നൽകുന്നതിന്റെ ഭാഗമായാണ് ഇത്രവലിയ ബാധ്യത ഉണ്ടായത് എന്നാണ് വിജയൻ ആത്മഹത്യാകുറിപ്പിൽ പറഞ്ഞിരുന്നത്.
Kerala
തലശേരി: മനഃപൂര്‍വമല്ലാത്ത നരഹത്യയാണ് കോട്ടയം മെഡിക്കല്‍ കോളജിലുണ്ടായതെന്നും മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും ഇതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. ന്യായീകരണത്തിന്റെ വ്യഗ്രതയാണ് രക്ഷാപ്രവര്‍ത്തനം നീണ്ടുപോകാന്‍ ഇടയാക്കിയത്. ധാര്‍മികവും നിയമപരവുമായ ഉത്തരവാദിത്വം മന്ത്രിമാര്‍ക്കാണ്. ഇതിനെ എത്രതന്നെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചാലും കേരള ജനത അംഗീകരിക്കില്ല. കോണ്‍ഗ്രസ് ബോധപൂര്‍വമുണ്ടാക്കിയ സംഭവമാണ് കോട്ടയം മെഡിക്കല്‍ കോളജിലേതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നത്. നിലമ്പൂരില്‍ ഷോക്കടിച്ച് ഒരു കുട്ടി മരിച്ചപ്പോള്‍ വനം മന്ത്രി പറഞ്ഞത് പോലെയാണീ മറുപടി. ഇത് വിവരക്കേടാണെന്നും സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെ അപകടം പോലും മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഷാഫി പറമ്പിൽ എംപിയുടെ തലശേരി ഓഫീസ് ഉദ്ഘാടനത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.