Health
ഹെപ്പറ്റൈറ്റിസ് എന്ന നിശബ്ദവും അപകടകാരിയുമായ ആരോഗ്യ പ്രശ്നത്തിനെതിരേ ആഗോളതലത്തിൽ പ്രതിരോധം തീർക്കാൻ വർഷം തോറും ജൂലൈ 28ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നു.
പലപ്പോഴും തിരിച്ചറിയപ്പെടാതെ പോവുന്ന ഈ രോഗം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപകടത്തിലാക്കുന്നു.
2025-ലെ ഹെപ്പറ്റൈറ്റിസ് ദിനം "ഹെപ്പറ്റൈറ്റിസ്: നമുക്കതിനെ തകർക്കാം' (Hepatitis: Let's Break It Down) എന്ന പ്രമേയത്തിലൂടെ ഈ രോഗത്തെ ഇല്ലാതാക്കാൻ തടസമായി നിൽക്കുന്ന സാമ്പത്തിക, സാമൂഹിക, വ്യക്തിപരമായ വെല്ലുവിളികളെ തകർത്തെറിയാൻ ലോകത്തിന് ആഹ്വാനം നൽകുന്നു.
നേരത്തെയുള്ള രോഗനിർണയവും ചികിത്സയും പ്രതിരോധവുമാണ് ഈ മാരകമായ രോഗത്തെ മറികടക്കാൻ നമുക്കുള്ള ഏറ്റവും വലിയ ആയുധങ്ങൾ.
എന്തുകൊണ്ട് നേരത്തെയുള്ള രോഗനിർണയം പ്രധാനം?
ഹെപ്പറ്റൈറ്റിസിന്റെ ലക്ഷണങ്ങൾ തുടക്കത്തിൽ പ്രകടമല്ലാത്തതിനാൽ പലപ്പോഴും തിരിച്ചറിയപ്പെടുന്നത് രോഗം ഗുരുതരമായ ഘട്ടത്തിലെത്തുമ്പോൾ മാത്രമാണ്. എന്നാൽ, കൃത്യസമയത്തുള്ള രോഗനിർണയം കരളിന് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് തടയാനും രോഗമുക്തി വേഗത്തിലാക്കാനും സഹായിക്കും.
ഹെപ്പറ്റൈറ്റിസിന്റെ വൈറൽ, നോൺ-വൈറൽ രൂപങ്ങളെ ചെറുക്കാൻ രോഗത്തെക്കുറിച്ചുള്ള അവബോധവും രോഗനിർണയ പരിശോധനകളും ആവശ്യമാണ്.
അപകടസാധ്യതകളെ അറിയുക
രോഗം ബാധിക്കാനുള്ള സാധ്യതകൾ ഹെപ്പറ്റൈറ്റിസിന്റെ തരമനുസരിച്ച് (എ, ബി, സി, ഡി, ഇ) വ്യത്യാസപ്പെട്ടിരിക്കും.
പൊതുവായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെക്കൊടുക്കുന്നു:
മലിനമായ ഭക്ഷണവും വെള്ളവും: വൃത്തിയില്ലാത്ത സാഹചര്യങ്ങളിൽ, മലിനമായ ഭക്ഷണവും വെള്ളവും ഉപയോഗിക്കുന്നതിലൂടെ ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ പകരാം.
സുരക്ഷിതമല്ലാത്ത ലൈംഗികബന്ധവും സിറിഞ്ചുകളുടെ പങ്കുവയ്ക്കലും: ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ പകരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഇത്.
അമ്മയിൽ നിന്ന് കുഞ്ഞിലേക്ക്: ഹെപ്പറ്റൈറ്റിസ് ബി പോസിറ്റീവായ അമ്മയിൽ നിന്ന് നവജാത ശിശുവിലേക്ക് രോഗം പകരാൻ സാധ്യതയുണ്ട്.
ചികിത്സാപരമായ കാരണങ്ങൾ: മതിയായ അണുബാധ നിയന്ത്രണമില്ലാത്ത രക്തപ്പകർച്ച, ശസ്ത്രക്രിയ തുടങ്ങിയ വൈദ്യനടപടികളിലൂടെയും രോഗം പകരാം.
മറ്റ് കരൾ രോഗങ്ങൾ: ഫാറ്റി ലിവർ രോഗങ്ങൾ (എസ്എൽഡി), മദ്യപാനം മൂലമുണ്ടാകുന്ന കരൾ രോഗങ്ങൾ (എഎൽഡി) എന്നിവയും ഹെപ്പറ്റൈറ്റിസിലേക്ക് നയിച്ചേക്കാം.
ഹെപ്പറ്റൈറ്റിസ് ലക്ഷണങ്ങൾ: തിരിച്ചറിയാം, ചികിത്സ തേടാം
കഠിനമായ ക്ഷീണവും ഉന്മേഷക്കുറവും
മഞ്ഞപ്പിത്തം: കണ്ണുകളിലും ചർമ്മത്തിലും മഞ്ഞനിറം, വയറുവേദന, പ്രത്യേകിച്ചും വയറിന്റെ മുകൾ ഭാഗത്ത് കടുത്ത നിറമുള്ള മൂത്രവും വിളറിയ മലവും
വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി, പനി, പ്രത്യേകിച്ചും അക്യൂട്ട് ഹെപ്പറ്റൈറ്റിസിൽ സന്ധിവേദനകൾ (പ്രത്യേകിച്ച് ഹെപ്പറ്റൈറ്റിസ് സിയോടൊപ്പം).
രോഗനിർണയവും പരിശോധനകളും
ഒരു വിശദമായ മെഡിക്കൽ ഹിസ്റ്ററി എടുക്കുന്നതിലൂടെയാണ് രോഗനിർണയം ആരംഭിക്കുന്നത്. യാത്രാവിവരങ്ങൾ, മുൻകാല അണുബാധകൾ, വാക്സിനേഷൻ വിവരങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
രക്തപരിശോധന: ആന്റിബോഡികളുടെയും വൈറൽ ലോഡിന്റെയും അളവ് കണ്ടെത്താൻ രക്തപരിശോധന നിർണായകമാണ്.
അൾട്രാസൗണ്ട് സ്കാനിംഗ്: കരൾരോഗത്തിന്റെ തീവ്രതയും മറ്റ് സങ്കീർണതകളും വിലയിരുത്താൻ ഇത് സഹായിക്കുന്നു.
ലിവർ ബയോപ്സി: അപൂർവമായി മാത്രം ആവശ്യമായി വരുന്ന ഒരു പരിശോധനയാണിത്. ചില സന്ദർഭങ്ങളിൽ കൂടുതൽ കൃത്യമായ രോഗനിർണയത്തിനായി ലിവർ ബയോപ്സി ആവശ്യമായി വന്നേക്കാം.
ചികിത്സാ രീതികൾ
ഹെപ്പറ്റൈറ്റിസിന്റെ തരവും തീവ്രതയും അനുസരിച്ച് ചികിത്സാരീതികൾ വ്യത്യാസപ്പെടാം.
അക്യൂട്ട് ഹെപ്പറ്റൈറ്റിസ് (എ, ബി, ഇ): മിക്കവാറും പേർക്കും അക്യൂട്ട് ഹെപ്പറ്റൈറ്റിസ് ചികിത്സ മതിയാകും.
ആന്റിവൈറൽ മരുന്നുകൾ കൂടാതെ തന്നെ ഭൂരിഭാഗം ആളുകളും രോഗമുക്തി നേടുന്നു. എന്നാൽ അപൂർവമായി കരളിന് തകരാർ സംഭവിക്കുകയാണെങ്കിൽ അത് അടിയന്തര വൈദ്യസഹായം ആവശ്യമുള്ള അവസ്ഥയാണ്.
ക്രോണിക് ഹെപ്പറ്റൈറ്റിസ് (ബി, സി): ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയ്ക്കുള്ള ആന്റിവൈറൽ മരുന്നുകൾ വൈറസിനെ നിയന്ത്രിക്കാനും കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കരൾ കാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കും.
ഫാറ്റി ലിവർ രോഗം (NAFLD): ജീവിതശൈലിയിലുള്ള മാറ്റങ്ങളാണ് ഈ രോഗത്തിന്റെ ചികിത്സയിലെ പ്രധാന ഘടകം. ഗുരുതരമായ കരൾ സിറോസിസ് ഉള്ളവർക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.
പുതിയ മരുന്നുകൾ വന്നതോടെ ഹെപ്പറ്റൈറ്റിസ് സിയുടെ ചികിത്സ കൂടുതൽ ലളിതവും ഫലപ്രദവുമാണ്.
പ്രതിരോധം: നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്
വാക്സിൻ എടുക്കുക: ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവയ്ക്ക് ഫലപ്രദമായ വാക്സിനുകൾ ലഭ്യമാണ്. ഉയർന്ന അപകടസാധ്യതയുള്ളവർ കൃത്യസമയത്ത് വാക്സിൻ എടുക്കാൻ ശ്രദ്ധിക്കുക.
സുരക്ഷിതമായ ലൈംഗികബന്ധം: സുരക്ഷിതമായ ലൈംഗികബന്ധത്തിൽ ഏർപ്പെടുക, ഒന്നിലധികം പങ്കാളികളുമായുള്ള ബന്ധം ഒഴിവാക്കുക.
വ്യക്തിപരമായ സാധനങ്ങൾ പങ്കുവയ്ക്കാതിരിക്കുക: സിറിഞ്ചുകൾ, റേസർ ബ്ലേഡുകൾ, ടൂത്ത് ബ്രഷ് തുടങ്ങിയ വ്യക്തിപരമായ സാധനങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് ഒഴിവാക്കുക.
സുരക്ഷിതമായ രക്തദാനം: രോഗാണു വിമുക്തമായ ചികിത്സാ രീതികളും സുരക്ഷിതമായ രക്തം സ്വീകരിക്കലും ഉറപ്പാക്കുക.
മദ്യം ഒഴിവാക്കുക: കരൾ രോഗങ്ങളുള്ളവർ പ്രത്യേകിച്ചും മദ്യപാനം പൂർണമായും ഒഴിവാക്കണം.
ആരോഗ്യകരമായ ജീവിതശൈലി: സമീകൃതാഹാരവും ചിട്ടയായ വ്യായാമവും ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ സഹായിക്കും.
കൈകൾ വൃത്തിയാക്കുക: വൃത്തിയില്ലാത്ത ഭക്ഷണവും വെള്ളവും ഒഴിവാക്കുക.
തുടർച്ചയായ പരിശോധന: കുടുംബത്തിൽ രോഗമുള്ളവരും മറ്റ് രോഗങ്ങളോ രോഗം ബാധിക്കാനുള്ള സാധ്യതയോ ഉള്ളവർ കൃത്യമായ പരിശോധനകൾ നടത്തുക.
ഇന്ന് കൃത്യമായ രോഗനിർണയത്തിനുള്ള വഴികളും ഫലപ്രദമായ മരുന്നുകളും നമ്മുടെ കൈകളിലുണ്ട്.
എന്നാൽ ഈ രംഗത്ത് ഏറ്റവും ശക്തമായ ആയുധം അവബോധവും കൃത്യസമയത്തുള്ള ഇടപെടലുകളുമാണ്. ഹെപ്പറ്റൈറ്റിസ് മുക്തമായ ഒരു ഭാവിക്കായി നമുക്ക് കൈകോർക്കാം.
ഡോ. രാജേഷ് ഗോപാലകൃഷ്ണ
സീനിയർ കൺസൾട്ടന്റ് - ഗ്യാസ്ട്രോഎന്ററോളജി & ഹെപ്പറ്റോളജി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ
Health
വായ, ചുണ്ടുകൾ, ഉമിനീർ ഗ്രന്ഥികൾ, ടോൺസിലുകൾ, വോക്കൽ കോഡുകൾ, തൈറോയ്ഡ് ഗ്രന്ഥി തുടങ്ങിയ വിവിധ അവയവങ്ങളെ ബാധിക്കുന്ന കാൻസറുകളാണു പൊതുവായി ഹെഡ് ആൻഡ് നെക്ക് കാൻസർ വിഭാഗത്തിൽ പെടുന്നത്.
കാരണങ്ങൾ
ഹെഡ് ആൻഡ് നെക്ക് കാൻസറുകൾക്കു പല കാരണങ്ങൾ ഉണ്ടെങ്കിലും പുകയിലയും മദ്യപാനവുമാണ് പ്രധാന അപകടകാരികൾ. എച്ച്പിവി അണുബാധ, അൾട്രാവയലറ്റ് വികിരണങ്ങൾ, ജനിതക മാറ്റങ്ങൾ, പാരമ്പര്യം എന്നിവ മറ്റു കാരണങ്ങളാണ്.
പ്രാരംഭ ലക്ഷണങ്ങൾ
തുടർച്ചയായ തൊണ്ടവേദന, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, പരുക്കൻ ശബ്ദം, വിശദീകരിക്കാനാവാത്ത പനി, ഭാരം കുറയൽ, ഉണങ്ങാത്ത വ്രണങ്ങൾ, വിട്ടുമാറാത്ത ചുമ, ശബ്ദത്തിന്റെ മാറ്റങ്ങൾ, ചെവിവേദന, കഴുത്തിലെ കഴലകൾ എന്നിവ തലയിലെയും കഴുത്തിലെയും കാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങളാവാം.
വിദഗ്ധ പരിശോധന...
ഇത്തരം ലക്ഷണങ്ങൾ കാണുകയാണെങ്കിൽ എത്രയുംപെട്ടെന്ന് ഡോക്ടറെ സമീപിക്കണം. അതേസമയം ഈ ലക്ഷണങ്ങളെല്ലാം കാൻസറിന്റേതാവണമെന്ന് ഒരു നിർബന്ധവുമില്ല. പക്ഷേ, ഇത്തരം സാഹചര്യത്തിൽ വിദഗ്ധ പരിശോധന അനിവാര്യമാണ്.
രോഗനിർണയം
ഫൈൻ നീഡിൽ ആസ്പിറേഷൻ സൈറ്റോളജി (FNAC), ബയോപ്സി എന്നിവയാണ് വിദഗ്ധ പരിശോധനയിൽ വരുന്നത്. കൂടാതെ കമ്പ്യൂട്ടഡ് ടോമോഗ്രഫി (CT), മാഗ്നെറ്റിക് റസനൻസ് ഇമേജിങ്, പോസിട്രോൺ എമിഷൻ ടോമോഗ്രാഫി(PET) തുടങ്ങിയ ഇമേജിംഗ് ടെക്നിക്കുകൾ രോഗത്തിന്റെ വ്യാപ്തി നിർണയിക്കാനും രോഗപകർച്ച തിരിച്ചറിയാനും സഹായിക്കുന്നു.
സ്റ്റേജിംഗ് സിസ്റ്റം
ഇത്തരം കാൻസറുകളുടെ ഉചിതമായ ചികിത്സ വിവിധ സ്റ്റേജിംഗ് വഴിയാണു നിർണയിക്കുന്നത്. ട്യൂമറിന്റെ വലുപ്പം, നോഡുകളുടെ (കഴലകളുടെ) ഇടപെടൽ, രോഗ പടർച്ച എന്നിവ പരിഗണിച്ച് TNM വർഗീകരണമാണ് സാധാരണയായി ഉപയോഗിക്കുന്ന സ്റ്റേജിംഗ് സിസ്റ്റം.
സ്റ്റേജ് ഒന്ന് (ആദ്യം)മുതൽ സ്റ്റേജ് നാലു(അവസാനം) വരെയാണ് ഇത്.
ഡോ. ദീപ്തി ടി. ആർ.
പ്രിവന്റീവ് ഓങ്കോളജി സ്പെഷലിസ്റ്റ്, ഓൺക്യൂർ ഇന്റഗ്രേറ്റഡ് ഹെൽത്ത് സ്ക്രീനിംഗ് സെന്റർ
കണ്ണൂർ, കോഴിക്കോട്. ഫോൺ: 6238265965.
Health
മൂത്രത്തില്‍ പ്രോട്ടീന്റെ അംശം കൂടുന്നതു വൃക്ക തകരാറിന്റെ ആദ്യലക്ഷണമാണ്. മിക്ക ലാബുകളിലും ഡിപ്സ്റ്റിക് (Dipstick) അല്ലെങ്കില്‍ ഹീറ്റ് ആൻഡ് അസറ്റിക് ആസിഡ് (Heat and Acetic acid) പരിശോധനയിലൂടെയാണു പ്രോട്ടീനൂറിയ കണ്ടുപിടിക്കുന്നത്.
എന്നാല്‍ ഒരു ദിവസത്തെ മൂത്രത്തില്‍ 300mg ല്‍ കൂടുതല്‍ ആണെങ്കില്‍ മാത്രമാണ് ഈ പരിശോധനകള്‍ പോസിറ്റീവ് ആകുന്നത്.
മൈക്രോ ആല്ബുമിന് പരിശോധന
ഇതുകൂടാതെ മൂത്രത്തില്‍ ചെറിയ അളവിലുള്ള പ്രോട്ടീന്റെ അംശം അറിയുന്നതിനായി മൈക്രോ ആല്ബുമിന് പരിശോധന നടത്താവുന്നതാണ്.
യൂറിയയുടെയും ക്രിയാറ്റിനിന്റെയും അളവ്
മൈക്രോസ്കോപ് സഹായത്തോടെ മൂത്രത്തില്‍ രക്തമോ പഴുപ്പോ ഉണ്ടോയെന്നു മനസിലാക്കാം. വൃക്കരോഗം 50 ശതമാനത്തില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ രക്ത പരിശോധനയില്‍ യൂറിയയുടെയും ക്രിയാറ്റിനിന്റെയും അളവ് കൂടുതലായിരിക്കും.
ഈ അവസ്ഥയ്ക്കു മുമ്പായി എസ്റ്റിമേറ്റഡ് ഗ്ലോമെറുലാർ ഫിൽട്രേഷൻ റേറ്റ്-Estimated Glomerular Filtration Rate (EGFR)- മൂല്യനിര്‍ണയത്തിലൂടെ വൃക്കരോഗം മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ സാധിക്കുന്നു.
അള്‍ട്രാസൗണ്ട് സ്കാന്‍, ബയോപ്സി
വയറിന്റെ അള്‍ട്രാസൗണ്ട് സ്കാന്‍, ബയോപ്സി എന്നീ പരിശോധനകളിലൂടെ വൃക്കതകരാര്‍ മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ സാധിക്കുന്നു.
വൃക്ക തകരാര്‍ മുന്‍കൂട്ടി കണ്ടുപിടിക്കുന്നതിന്റെ പ്രാധാന്യമെന്ത്?
വൃക്കതകരാര്‍ മുന്‍കൂട്ടി കണ്ടുപിടിക്കുന്നതിലൂടെ രോഗം മൂര്‍ച്ഛിക്കുന്നതു തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാം.
കടപ്പാട്: ഡോ. ജേക്കബ് ജോർജ്
സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ്,
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
District News
പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ജില്ലയിൽ പ്രതിപക്ഷ സംഘടനകൾ സമരം ശക്തമാക്കി. മന്ത്രിയുടെ വീട്ടിലേക്കുൾപ്പെടെ ഇന്നലെയും സമരം നടന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പ്രകടനങ്ങളും യോഗങ്ങളും നടന്നു.
പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് വൈകുന്നേരം കപ്പലും കപ്പിത്താനുമായി നടത്തിയ പ്രതീകാത്മക സമരം ശ്രദ്ധേയമായി. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി വീണാ ജോർജിന്റെയും മുഖംമൂടി ധരിച്ച് രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുന്നിൽ നിർത്തിയായിരുന്നു പ്രകടനം. കപ്പൽ ഉരുട്ടിയുള്ള സമരം നഗരത്തിനു പുതുമയായി.
ഇതിനിടെ ജനറൽ ആശുപത്രി ബി ആൻഡ് സി ബ്ലോക്കിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട തുടങ്ങിയവരുടെ നേതൃത്വത്തിൽ ചുവരുകളിൽ തൂണു നാട്ടി പ്രതിഷേധിച്ചു.
ശോച്യാവസ്ഥ കാരണം കെട്ടിടത്തിന്റെ പല ഭാഗങ്ങളും ഇളകിത്തുടങ്ങിയിട്ടുണ്ട് . കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൂണുകളുമായി എത്തി കെട്ടിടത്തിന് താങ്ങു കൊടുത്ത് നിർത്തി. ഡിസിസി ജനറൽ സെക്രട്ടറി കെ. ജാസിംകുട്ടി, കെഎസ്യു ജില്ലാ ജനറൽ സെക്രട്ടറി സുഹൈൽ നജീബ്, ജില്ലാ ജനറൽ സെക്രട്ടറി കാർത്തിക് മുരിങ്ങമംഗലം, നസീം കുമ്മണ്ണൂർ, ബാബുജി ഈശോ, അബ്ദുൽ ഷുക്കൂർ, അജ്മൽ കരിം, സജി അലക്സാണ്ടർ എന്നിവർ നേതൃത്വം നൽകി.
Health
തുടയെല്ലും കണങ്കാലിലെ എല്ലും കൂടിച്ചേരുന്നിടത്തുള്ള സന്ധിയാണ് കാല്‍മുട്ട്. ഇതുകൂടാതെ അവിടെ ചിരട്ടയും സംയോജിക്കുന്നു. എല്ലാ എല്ലുകളുടെയും അഗ്രഭാഗത്ത് കാര്‍ട്ടിലേജ് അഥവാ തരുണാസ്ഥി എന്ന പേരില്‍ കട്ടികുറഞ്ഞ മിനുസമേറിയ എല്ലിന്റെ രൂപഭേദമുണ്ട്.
ഇത് ഉള്ളതുകൊണ്ടാണ് എല്ലുകള്‍ തമ്മില്‍ ഉരസുമ്പോള്‍ സന്ധിയില്‍ വേദന ഒഴിവാകുന്നത്. തേയ്മാനം മൂലം തരുണാസ്ഥിയുടെ കട്ടി കുറയുമ്പോഴാണ് കാല്‍മുട്ടില്‍ വേദന അനുഭവപ്പെടുന്നത്.
പ്രാരംഭഘട്ടത്തിൽ
പ്രാരംഭഘട്ടത്തിലുള്ള തേയ്മാനം ശസ്ത്രക്രിയ കൂടാതെ ചികിത്സിക്കാവുന്നതാണ്. കാല്‍മുട്ടുകള്‍ക്കായുള്ള പ്രത്യേക വ്യായാമങ്ങള്‍ പരിശീലിച്ച് പേശികളുടെ ബലം കൂട്ടുന്നതാണ് ഇതിനായുള്ള ശാസ്ത്രീയ മാര്‍ഗം.
സർജറി
കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ എന്താണു ചെയ്യുന്നത് എന്ന സംശയം പൊതുവേ രോഗികള്‍ക്കുണ്ട്. മുട്ടുവേദന അകറ്റുകയും വളവ് നിവര്‍ത്തുകയും ചെയ്യുക എന്നതാണു കാല്‍മുട്ട് ശസ്ത്രക്രിയയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനായി എല്ലുകളുടെ അഗ്രഭാഗം അവശേഷിക്കുന്ന തരുണാസ്തിയോടുകൂടി മുറിച്ചുമാറ്റുന്നു.
പകരം ലോഹനിര്‍മിത ഇംപ്ലാന്റുകള്‍ ബോണ്‍ സിമന്റ് ഉപയോഗിച്ച് ഘടിപ്പിക്കുന്നു. ശേഷം അവയുടെ ഇടയില്‍ ചലനം സുഗമമാക്കാന്‍ മിനുസമേറിയതും എന്നാല്‍ കട്ടി കൂടിയതുമായ പോളി എത്തീലീന് പ്ലാസ്റ്റിക് ഘടിപ്പിക്കുന്നു.
പേശികളുടെയും ലിഗമെന്റുകളുടെയും മുറുക്കം അയച്ചുവിടാന്‍ ആവശ്യമായ കാര്യങ്ങളും അതോടൊപ്പം ചെയ്യുന്നു. വളവു നിവര്‍ത്താന്‍ ആനുപാതികമായ അളവിലായിരിക്കും ഇതു ചെയ്യുക.
സ്പൈനല്‍ അനസ്തേഷ്യ
മുട്ട് തുറന്നുള്ള ശസ്ത്രക്രിയയിലൂടെയാണ് സന്ധി മാറ്റിവയ്ക്കുന്നത്. ഇതിനായി അരയ്ക്കു താഴെ മരവിപ്പിക്കുന്ന സ്പൈനല്‍ അനസ്തേഷ്യയാണു പൊതുവെ നല്‍കാറുള്ളത്.
സാധാരണഗതിയില്‍ അടുത്ത ദിവസം തന്നെ രോഗിക്ക് കാല് ഊന്നി നടക്കാവുന്നതാണ്. രണ്ടാഴ്ച കഴിഞ്ഞ് തുന്നലുകള്‍ എടുത്തതിനുശേഷം മുറിവിന്റെ ഭാഗം നനയ്ക്കാം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ഉണ്ണിക്കുട്ടൻ .ഡി
കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Leader Page
ബ്രെയിന്‍ ട്യൂമര്‍ അഥവാ മസ്തിഷ്ക ട്യൂമര്‍ പ്രായ-ലിംഗ വ്യത്യാസമില്ലാതെ ഏതൊരാളെയും ബാധിക്കുന്ന അപകടകരവും സങ്കീര്‍ണവുമായ അവസ്ഥയാണ്. സ്ത്രീകളിലുണ്ടാകുന്ന ബ്രെയിന്‍ ട്യൂമറുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകൾ ഈയിടെ വലിയ ചർച്ചയായിരുന്നു. ആഗോളതലത്തില്‍ ജൂണ്‍, ബ്രെയിന്‍ ട്യൂമര്‍ ബോധവത്കരണ മാസമായി ആചരിക്കുന്ന സാഹചര്യത്തില്‍ സ്ത്രീകളിലെ ബ്രെയിന്‍ ട്യൂമറിനെക്കുറിച്ചുള്ള ചിലകാര്യങ്ങൾ നമുക്കു പരിശോധിക്കാം.
1. ബ്രെയിന്‍ ട്യൂമറിനു ചികിത്സാ പരിമിതികളുണ്ടോ?
പുരുഷന്മാരിലേതുപോലെ തന്നെ സ്ത്രീകളിലും ബ്രെയിന്‍ ട്യൂമറിന് ഒട്ടനവധി ചികിത്സാരീതികള്‍ നിലവിലുണ്ട്. ശസ്ത്രക്രിയ, റേഡിയേഷന് തെറാപ്പി, കീമോ തെറാപ്പി, ടാര്‍ഗെറ്റഡ് തെറാപ്പി തുടങ്ങി മറ്റു ക്ലിനിക്കല്‍ ട്രയലുകളും ഇതിലുള്‍പ്പെടുന്നു. ട്യൂമറിന്റെ പ്രകൃതം, ഘട്ടം, രോഗിയുടെ ആരോഗ്യനില എന്നിങ്ങനെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും ഉചിതമായ ചികിത്സാ പദ്ധതിയുടെ നിര്‍ണയം. പുത്തന്‍ ഗവേഷണങ്ങളും പഠനങ്ങളും മികച്ച ചികിത്സ ഉറപ്പാക്കാനുള്ള അവസരങ്ങളാണു തുറക്കുന്നത്.
2. പ്രധാന ലക്ഷണം തലവേദനയോ?
സാധാരണഗതിയില്‍ മസ്തിഷ്ക ട്യൂമറിന്റെ ലക്ഷണമായി അറിയപ്പെടുന്നത് തലവേദനയാണ്. മസ്തിഷ്ക ട്യൂമറുകള്‍ക്ക് വേറെയും പല ലക്ഷണങ്ങളും ഉണ്ടാകാം. ഉദാഹരണത്തിന് ഓര്‍മക്കുറവ്, കാഴ്ചസംബന്ധമായ പ്രശ്നങ്ങള്‍, ശാരീരിക ബലഹീനത, മരവിപ്പ് എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ സ്ഥിരമായി കാണിക്കുന്നെങ്കില്‍ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്. പെരുമാറ്റത്തിലെ മാറ്റങ്ങളും ആശയക്കുഴപ്പവും രോഗലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. അതുകൊണ്ടുതന്നെ തലവേദന ബ്രെയിന്‍ ട്യൂമറാണെന്നോ അല്ലെന്നോ സ്വയം തീരുമാനിക്കാന്‍ പാടില്ല. പരിശോധനകളിലൂടെ രോഗനിര്‍ണയം നടത്തുക.
3. ബ്രെയിന്‍ ട്യൂമര്‍ എല്ലായ്പ്പോഴും മറ്റുവൈകല്യങ്ങള്ക്കു കാരണമാകുമോ?
മസ്തിഷ്ക ട്യൂമര്‍ ഓര്മ, ഭാഷ തുടങ്ങിയ വൈജ്ഞാനിക പ്രക്രിയകള്‍ക്ക് സഹായകമായ തലച്ചോറിന്റെ ഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. എന്നിരുന്നാലും, അത് സൃഷ്ടിക്കാന്‍ സാധ്യതയുള്ള വൈകല്യത്തിന്റെ വ്യാപ്തി ഓരോരുത്തരുടെയും രോഗാവസ്ഥയ്ക്ക് അനുസരിച്ചു വ്യത്യാസപ്പെടാം. ഇങ്ങനെ ഏതവസ്ഥയിലേക്കും പോകുന്ന രോഗിക്ക് അനുയോജ്യമായ ചികിത്സാ രീതികളിലൂടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യതയുണ്ടെന്ന കാര്യം വിസ്മരിച്ചുകൂടാ.
4.എല്ലാ ബ്രെയിന്‍ ട്യൂമറുകളും കാന്‍സറാണോ?
ബ്രെയിന്‍ ട്യൂമറുകള്‍ രണ്ടു തരമുണ്ട്. എല്ലാ ട്യൂമറുകളും കാന്സറാകുന്നില്ല. മൂന്നിലൊന്ന് ബ്രെയിന്‍ ട്യൂമറുകള്‍ മാത്രമാണ് കാന്‍സറായി മാറുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. ബ്രെയിന്‍ ട്യൂമറുകളില്‍ ചിലത് അതിവേഗം പടരുന്നതായിരിക്കാം, മറ്റു ചിലതാകട്ടെ സാവധാനത്തില്‍ വളരുകയും പതിയെ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യും. കാന്സറസല്ലാത്ത ബ്രെയിന്‍ ട്യൂമറുകള്‍ താരതമ്യേന അപകടസാധ്യത കുറഞ്ഞതും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു പടരാന്‍ സാധ്യതയില്ലാത്തവയുമാണ്.
5. പ്രായമായവരില്‍ മാത്രമേ ബ്രെയിന്‍ ട്യൂമറുകള്‍ ഉണ്ടാകൂ?
ഇത് സംബന്ധിച്ച് നിലനില്‍ക്കുന്ന മറ്റൊരു തെറ്റിദ്ധാരണയാണ് പ്രായമായവരില്‍ മാത്രമേ ബ്രെയിന്‍ ട്യൂമര്‍ വരൂ എന്നത്. ബ്രെയിന്‍ ട്യൂമറുകള്‍ എല്ലാ പ്രായക്കാരിലും വരാമെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍, പ്രായം കൂടുന്നതിനനുസരിച്ച് ഹോര്‍മോണ്‍ ബാലൻസിലെ മാറ്റങ്ങളും ജീവിതശൈലീ മാറ്റങ്ങളും ബ്രെയിന്‍ ട്യൂമറുകൾ വരാനുള്ള സാധ്യത വര്‍ധിപ്പിക്കും. കുട്ടികളിലും ബ്രെയിന്‍ ട്യൂമറുകൾ സ്ഥിരീകരിക്കുന്ന കേസുകള്‍ വര്‍ധിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.
7. ഹോര്‍മോണുകള്‍ ഉപയോഗിക്കുന്നത് മസ്തിഷ്ക ട്യൂമര്‍ വര്‍ധിക്കാന്‍ കാരണമാകുമോ?
ഹോര്‍മോണ്‍ തെറാപ്പി ഉപയോഗിച്ച് തുടര്‍ച്ചയായി ഗര്‍ഭനിരോധന മുറകള്‍ ഉപയോഗിക്കുന്നത് ചില സ്ത്രീകളില്‍ ട്യൂമറുകളുടെ വളര്‍ച്ചയെ ബാധിക്കാമെങ്കിലും നിലവില്‍ ഇത് നിരീക്ഷണത്തിന്റെയും ഗവേഷണത്തിന്റെയും വിഷയമാണ്. ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് ഹോര്‍മോണ്‍ തെറാപ്പി ഉപയോഗിക്കുന്നതു തികച്ചും സുരക്ഷിതമാണ്.
8. മസ്തിഷ്ക ട്യൂമര്‍ ജനിതകമാണോ?
കുടുംബത്തില്‍ ഒരാള്‍ക്ക് മസ്തിഷ്ക ട്യൂമര്‍ സ്ഥിരീകരിച്ചതുകൊണ്ട് അത് ജനിതകമായി പകര്‍ന്നുവന്നതാണ് എന്നു പറയാന്‍ കൃത്യമായ തെളിവുകളൊന്നുമില്ല. ബ്രെയിന്‍ ട്യൂമറിന്റെ പ്രധാന കാരണങ്ങള്‍ പാരിസ്ഥിതിക ഘടകങ്ങളോ ജീവിതശൈലീഘടകങ്ങളോ ആണ്. പക്ഷേ, ജനിതക പാരമ്പര്യം രോഗം വരാനുള്ള സാധ്യത വര്‍ധിപ്പിച്ചേക്കാമെന്നു കണ്ടെത്തലുകളുണ്ട്. ബ്രെയിന്‍ എംആര്‍ഐ, ബയോപ്സി തുടങ്ങിയ പ്രത്യേക പരിശോധനകള്‍ മസ്തിഷ്ക മുഴകളുടെ കുടുംബചരിത്രമുള്ള ആളുകള്‍ക്ക് ഈ അവസ്ഥയുടെ സാധ്യത കണ്ടെത്തുന്നതിനു സഹായകരമാകാറുണ്ട്.
മസ്തിഷ്ക ട്യൂമര്‍ വരാനുള്ള സാധ്യതകളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതുപോലെതന്നെ പ്രധാനമാണ് അതുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളെക്കുറിച്ചുള്ള അവബോധവും. ട്യൂമറുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കി ശാസ്ത്രീയമായ യാഥാര്‍ഥ്യങ്ങള്‍ അറിയുക എന്നത് അത്യാവശ്യമാണ്.
(ലേഖകൻ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിലെ ന്യൂറോസർജറി വിഭാഗത്തിലെ
സീനിയർ കൺസൾട്ടന്റാണ്)
Health
വാര്‍ധക്യത്തില്‍ ഉണ്ടാകുന്ന മുട്ടുവേദനകള്‍ കൂടുതലും തേയ്മാനം മൂലമാണ്. തുടയെല്ലും കണങ്കാലിലെ എല്ലും കൂടിച്ചേരുന്നിടത്തുള്ള സന്ധിയാണു കാല്‍മുട്ട്. ഇതുകൂടാതെ അവിടെ ചിരട്ടയും സംയോജിക്കുന്നു.
എല്ലാ എല്ലുകളുടെയും അഗ്രഭാഗത്ത് കാര്‍ട്ടിലേജ് അഥവാ തരുണാസ്തി എന്ന പേരില്‍ കട്ടി കുറഞ്ഞ മിനുസമേറിയ എല്ലിന്റെ രൂപഭേദമുണ്ട്. ഇത് ഉള്ളതുകൊണ്ടാണ് എല്ലുകള്‍ തമ്മില്‍ ഉരസുമ്പോള്‍ സന്ധിയില്‍ വേദന ഒഴിവാകുന്നത്.
തേയ്മാനം മൂലം തരുണാസ്ഥിയുടെ കട്ടി കുറയുമ്പോഴാണ് കാല്‍മുട്ടില്‍ വേദന അനുഭവപ്പെടുന്നത്.
സന്ധിവാതം പലവിധം
പ്രായാനുപാതികമായ മാറ്റങ്ങളും അമിത ശരീരഭാരവും പേശികളുടെ ബലക്കുറവും മൂലം ഉണ്ടാകുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് തേയ്മാനത്തിന്റെ ഏറ്റവും സാധാരണ കാരണം.
ഇതുകൂടാതെ രക്തസംബന്ധമായ ആര്‍ത്രൈറ്റിസ് (rheumatoid arthritis), അണുബാധ (septic arthritis), പരിക്കുകള്‍ എന്നിവയും തേയ്മാനത്തിനു കാരണമാകാം.
രോഗലക്ഷണങ്ങളും ചികിത്സയും
കാല്‍മുട്ടില്‍ അനുഭവപ്പെടുന്ന കഠിനമായ വേദനയും നീരുമാണ് പ്രധാന ലക്ഷണം. ഇതുകൂടാതെ കാല്‍മുട്ട് മടക്കുന്നതിനും കയറ്റം കയറുന്നതിനും ഇറങ്ങുന്നതിനും ബുദ്ധിമുട്ടും അനുഭവപ്പെടുന്നു.
വേദനയ്ക്കു മാത്രമല്ല, കാൽ വളയുന്നതിനും ഇതു കാരണമാകുന്നു. ഏതെങ്കിലും ഒരു ഭാഗത്തുള്ള തരുണാസ്തി കൂടുതലായി തേയുന്നതാണ് വളവിന്റെ കാരണം.
തുടക്കത്തിൽ ചികിത്സിച്ചാൽ
പ്രാരംഭഘട്ടത്തിലുള്ള തേയ്മാനം ശസ്ത്രക്രിയ കൂടാതെ ചികിത്സിക്കാവുന്നതാണ്. കാല്‍മുട്ടുകള്‍ക്കായുള്ള പ്രത്യേക വ്യായാമങ്ങള്‍ പരിശീലിച്ച് പേശികളുടെ ബലം കൂട്ടുന്നതാണ് ഇതിനായുള്ള ശാസ്ത്രീയ മാര്‍ഗം.
അമിത ശരീരഭാരം നിയന്ത്രിക്കുന്നതു തേയ്മാനം തടയാന്‍ സഹായകം. രക്തസംബന്ധമായതും അണുബാധ മൂലവുമുള്ള ആര്‍ത്രൈറ്റിസുകള്‍ തുടക്കത്തിലെ തന്നെ കണ്ടെത്തി കൃത്യമായ ചികിത്സ ഉറപ്പുവരുത്തണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ഉണ്ണിക്കുട്ടൻ .ഡി
കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം തിരുവനന്തപുരം.
Health
നമ്മുടെ പച്ചക്കറി ലിസ്റ്റില്‍ ബീന്‍സ്(ഗ്രീന്‍ ബീന്‍സ്) ഒരു സ്ഥിരം സാന്നിധ്യമാണോ...? അല്ലെങ്കില്‍ ഉടന്‍തന്നെ ബീന്‍സിന് നമ്മുടെ അടുക്കളയിലും തീന്മേശയിലും സ്ഥാനം നല്കേണ്ടിയിരിക്കുന്നു.
കാരണം, ഗര്‍ഭിണികള്‍ മുതല്‍ പ്രമേഹരോഗികള്വരെ അറിഞ്ഞിരിക്കേണ്ട നിരവധി ഗുണങ്ങള്‍ ഉള്ള പച്ചക്കറിയാണ് ബീന്‍സ്. നിരവധി പോഷകങ്ങളുടെ ഉറവിടമായ ഗ്രീന്‍ ബീന്‍സ് ആരോഗ്യ ഗുണങ്ങള്‍ ഏറെ നല്കുന്നു.
പച്ച ബീന്സിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങളില്‍ ചിലതിനെ കുറിച്ച്...
പോഷകസമൃദ്ധം
നിരവധി പോഷകങ്ങളുടെ സംഗമവേദിയാണ് പച്ച ബീന്‍സ് എന്നു പറഞ്ഞാല്‍ തെറ്റില്ല. കാരണം, വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, പൊട്ടാസ്യം എന്നിങ്ങനെ വിറ്റാമിനുകളും ധാതുക്കളും പച്ച ബീന്‍സില്‍ അടങ്ങിയിരിക്കുന്നു.
ഈ പോഷകങ്ങള്‍ ശരീരത്തിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും വിവിധ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായ പങ്ക് വഹിക്കുകയും ചെയ്യുന്നു.
ശരീരത്തിലെ ദോഷകരമായ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്ന ഫ്ലേവനോയ്ഡുകളും കരോട്ടിനോയ്ഡുകളും ഗ്രീന്‍ ബീന്‍സില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സമ്മര്‍ദവും വീക്കവും കുറയ്ക്കാന്‍ സഹായിക്കും.
ഹൃദയാരോഗ്യം, എല്ലുകളുടെ കരുത്ത്
ഹൃദയത്തിന്റെ ആരോഗ്യത്തിനും എല്ലുകളുടെ കരുത്തിനും ഈ പച്ചക്കറി സഹായകമാണ്. ഗ്രീന്‍ ബീന്‍സിലെ നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ് എന്നിവയുടെ അളവ് രക്തസമ്മര്‍ദം നിയന്ത്രിക്കും.
അതുപോലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാനും സഹായിക്കും.
എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിന്‍ കെ, മാംഗനീസ് എന്നിവയും പച്ച ബീന്‍സില്‍ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ ഓസ്റ്റിയോപൊറോസിസ് രോഗത്തിന്റെ സാധ്യത കുറയ്ക്കും.
രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, ദഹനം
ഗ്രീന്‍ ബീന്‍സിലെ നാരുകളുടെ അളവ് ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പ്രമേഹമുള്ള വ്യക്തികള്‍ക്ക് ഇത് ഗുണകരമാണ്.
മാത്രമല്ല, പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും ഇതിലൂടെ സാധിക്കും. ദഹന പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നതിനും മലബന്ധം തടയുന്നതിനും ബീന്‍സ് സഹായകമാണ്.
കുടല് ബാക്ടീരിയകളുടെ വളര്‍ച്ചയെ പിന്തുണയ്ക്കും, ഇത് ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്ക് ഉത്തമമാണ്.
ശരീരഭാര നിയന്ത്രണം, കണ്ണിന്റെ ആരോഗ്യം
കലോറി കുറവും നാരുകള്‍ കൂടുതലുള്ളതുമായ പച്ചക്കറിയാണ് ബീന്‍സ്. കലോറി ഉപഭോഗം കുറയ്ക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.
അതുപോലെ കണ്ണിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ബീറ്റാ കരോട്ടിന്‍, ല്യൂട്ടിന്‍ എന്നിങ്ങനെയുള്ള കരോട്ടിനോയിഡുകള്‍ ഗ്രീന്‍ ബീന്‍സില്‍ അടങ്ങിയിട്ടുണ്ട്. നേത്രരോഗങ്ങളില്നിന്ന് സംരക്ഷിക്കാന്‍ ഈ സംയുക്തങ്ങള്‍ സഹായിക്കും.
പച്ച ബീന്‍സിലെ വിറ്റാമിന്‍ സി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും. വെളുത്ത രക്താണുക്കളുടെ ഉത്പാദനം വര്‍ധിക്കാനും ഇത് സഹായകമാണ്.
ഗര്‍ഭണികള്‍ക്ക് ഗുണകരം
ഗര്‍ഭിണികള്‍ക്ക് നിര്‍ണായകമായ ഒരു പോഷകമാണ് ഫോളേറ്റ്. പച്ച ബീന്‍സില്‍ ഫോളേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഗര്‍ഭാവസ്ഥയില്‍ ധാരാളം ഫോളേറ്റ് കഴിക്കുന്നത് ന്യൂറല്‍ ട്യൂബ് വൈകല്യങ്ങള്‍ തടയും.
അതുപോലെ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യകരമായ വികാസത്തെ സഹായിക്കാനും ഇതിനു സാധിക്കും. എന്നിരുന്നാലും ഡോക്ടറുടെ നിര്‍ദേശം എല്ലാ കാര്യങ്ങളിലും സ്വീകരിക്കുന്നത് ഉത്തമമാണ്.
ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതിനു മുമ്പ് ഡോക്ടര്‍മാരുമായും ന്യൂട്രീഷന്മാരുമായും ചര്‍ച്ചചെയ്യുന്നത് ഗുണകരമാണെന്നത് പ്രത്യേകം ഓര്‍ക്കുക...
Health
ഡിമെന്‍ഷ്യ/മേധാക്ഷയം എന്നത് വര്‍ധിച്ചുവരുന്ന ഒരു നാഡീവ്യവസ്ഥാരോഗമാണ്. സ്വാഭാവിക ഓര്‍മക്കുറവില്‍ നിന്നു വളരെയധികം വിഭിന്നമാണ് ഡിമെന്‍ഷ്യ എന്ന അവസ്ഥ. രോഗിക്ക് ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന അവസ്ഥയാണ് പ്രാരംഭഘട്ടത്തില്‍ പ്രകടമാകുന്നത്
രോഗം വർധിക്കുന്ന അവസ്ഥയില്‍ ഓര്മ, യുക്തി, പെരുമാറ്റം എന്നിവയെ ഡിമെന്‍ഷ്യ സാരമായി ബാധിക്കുന്നു. ഡിമെന്‍ഷ്യ / മേധാക്ഷയം ഗണത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗാവസ്ഥയാണ് ആൽസ്ഹൈമേഴ്സ്.
പെരുമാറ്റത്തിലും സ്വഭാവത്തിലും കാര്യമായ മാറ്റങ്ങള്‍
ഇത് വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ക്കും കാര്യമായ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു. ഇതു കൂടാതെ സ്വതസിദ്ധമായ പെരുമാറ്റത്തിലും സ്വഭാവത്തിലും കാര്യമായ മാറ്റങ്ങള്‍ സംഭവിക്കാം.
മേധാക്ഷയത്തില്‍ സാധാരണയായി കേട്ടുവരാറുള്ള സ്മൃതിനാശം / ഓര്‍മക്കുറവ് മാത്രമായിരിക്കില്ല, മറിച്ച് (Attention / Concentration Difficulties) ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ചെയ്യാനുള്ള ബുദ്ധിമുട്ട്, ഭാഷാസംബന്ധമായ ബുദ്ധിമുട്ടുകള്‍, സ്ഥലവും കാലവും തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്,
ചിന്തകളിലെ വ്യതിയാനങ്ങള്‍, സാഹചര്യത്തിനൊത്തവണ്ണം തീരുമാനങ്ങള്‍ എടുക്കാനുള്ള ബുദ്ധിമുട്ട്, മറവിമൂലം സ്വന്തം ജോലിയിലോ ദൈനംദിന ജീവിതത്തിലോ പ്രശ്നങ്ങള്‍ ഉണ്ടാവുക, സ്വതവേയുള്ള സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റം സംഭവിക്കുക (ദേഷ്യം, സങ്കടം, വൈഷമ്യം, മൗനം എന്നിവ) എന്നിവയും ഉള്‍പ്പെടും.
അകാരണമായ ദേഷ്യം, പേടി
സാധനങ്ങള്‍ സൂക്ഷിച്ചുവച്ചിട്ട് മറന്നുപോവുക, മറ്റാരെങ്കിലും മോഷ്ടിച്ചെന്ന് ആരോപിക്കുക, അടുത്തകാലത്തുനടന്ന കാര്യങ്ങള്‍ മറന്നുപോവുക, ഭക്ഷണം കഴിച്ചിട്ടും അത് മറന്നു പോവുക, അകാരണമായ ദേഷ്യം, പേടി തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകാം. ഈ അവസരത്തില്‍ സമഗ്രമായ മാനസിക പരിചരണം ആവശ്യമാണ്.
മുന്‍കൂട്ടിയുള്ള പരിശോധനയും രോഗ നിര്‍ണയവും
ഫലപ്രദമായി രോഗം നിയന്ത്രിക്കുന്നതിന് മുന്‍കൂട്ടിയുള്ള രോഗനിര്‍ണയം അനിവാര്യമാണ്. ഡിമെന്‍ഷ്യ നിര്‍ണയിക്കുന്നതിനും അതിനു സമാനമായ മറ്റു രോഗലക്ഷണങ്ങളില്‍ നിന്നു വേര്‍തിരിക്കുന്നതിനും മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടേണ്ടതാണ്.
ഇതിനായി കൊഗ്നിറ്റീവ് ടെസ്റ്റുകൾ, ക്ലിനിക്കൽ ഇവാല്യുവേഷൻ, ന്യൂറോ ഇമേജിംഗ് എന്നിവ ചെയ്യേണ്ടതായിവരും. രോഗനിര്‍ണയം മുന്‍കൂട്ടി നടത്തുന്നതിലൂടെ രോഗം പുരോഗമിക്കുന്നത് നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുന്നു.
വിവരങ്ങൾ: ഡോ. ശ്രീലക്ഷ്മി .എസ്
ജൂണിയർ കൺസൾട്ടന്റ് , സൈക്യാട്രി എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
ബാക്ടീരിയ, എന്‍സൈമുകള്‍ എന്നിവ ചേര്‍ത്ത് പാലില്‍നിന്ന് നിര്‍മിക്കുന്ന പോഷകസമൃദ്ധമായ ഒരു ഉത്പന്നമാണ് ചീസ്. കാല്‍സ്യം, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ചീസ്.
നിരവധി ആരോഗ്യഗുണങ്ങള്‍ ചീസിലൂടെ ലഭിക്കും. അത്തരം ആരോഗ്യഗുണങ്ങളില്‍ ചിലത് ഇവയാണ്...
കാല്‍സ്യം, പ്രോട്ടീന്‍ ഉറവിടം
കാല്‍സ്യത്തിന്റെയും പ്രോട്ടീന്റെയും മികച്ച ഉറവിടമാണ് ചീസ്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് കാല്‍സ്യം. അസ്ഥികളുടെ സാന്ദ്രതയും ശക്തിയും നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.
സ്ഥിരമായ കാല്‍സ്യം ഉപഭോഗം ഓസ്റ്റിയോപൊറോസിസ്, ദന്തപ്രശ്നങ്ങള്‍ എന്നിവ തടയുകയും ആജീവനാന്ത അസ്ഥിആരോഗ്യം സംരക്ഷിക്കപ്പെടുകയും ചെയ്യും. ശരീരത്തില്‍ ടിഷ്യൂകള്‍ നിര്‍മിക്കുന്നതിനും നന്നാക്കുന്നതിനും അത്യാവശ്യമായ പ്രോട്ടീന്‍ ചീസില്നിന്ന് ലഭിക്കുന്നു.
മതിയായ പ്രോട്ടീന്‍ ഉപഭോഗം പേശികളുടെ കരുത്ത്, മെറ്റബോളിസം, ശരീരഭാരം നിയന്ത്രിക്കല്‍ തുടങ്ങിയവയ്ക്ക് സഹായകമാണ്.
വിറ്റാമിന്‍, കൊഴുപ്പ്, സിങ്ക്
ചീസില്‍ കാണപ്പെടുന്ന വിറ്റാമിന്‍ ബി 12 ന്യൂറോളജിക്കല്‍ പ്രവര്‍ത്തനത്തിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും ആവശ്യമാണ്. പതിവായി ചീസ് കഴിക്കുന്നത് വിളര്‍ച്ച തടയുകയും തലച്ചോറിന്റെ സജീവ പ്രവര്‍ത്തനം ഉറപ്പാക്കുകയും ചെയ്യും.
കാഴ്ച, രോഗപ്രതിരോധ പ്രവര്‍ത്തനം, ചര്‍മത്തിന്റെ ആരോഗ്യം എന്നിവയ്ക്ക് ചീസിലെ വിറ്റാമിന്‍ എ പ്രധാനമാണ്. ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്ന ചീസ് വിറ്റാമിനുകള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കും.
കൊഴുപ്പുകള്‍ സുസ്ഥിരമായ ഊര്‍ജ നിലവാരത്തെയും മൊത്തത്തിലുള്ള പോഷക സന്തുലിതാവസ്ഥയെയും പരിപോഷിപ്പിക്കുന്നു. ഇത് മെച്ചപ്പെട്ട ഉപാപചയം നല്‍കും.
രോഗപ്രതിരോധ പ്രവര്‍ത്തനം, ഡിഎന്‍എ സിന്തസിസ്, കോശവിഭജനം എന്നിവയ്ക്ക് ചീസ് അടങ്ങിയിരിക്കുന്ന സിങ്ക് അത്യാവശ്യമാണ്. പതിവായി കഴിക്കുന്നത് ശക്തമായ രോഗപ്രതിരോധവും മുറിവ് ഉണക്കുന്നതിനും ഉപകരിക്കും.
കുടലിന്റെ ആരോഗ്യം, ഫോസ്ഫറസ്
ചീസുകളില്‍ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇത് ദഹനം വര്‍ധിപ്പിക്കും. അതുപോലെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ദഹനനാളരോഗങ്ങള്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
ചീസില്‍ ഫോസ്ഫറസ് ധാരാളമായി അടങ്ങിയിരിക്കുന്നു. അസ്ഥി, പല്ല് എന്നിവയുടെ കരുത്തിന് ഫോസ്ഫറസ് കാല്‍സ്യവുമായി പ്രവര്‍ത്തിക്കുന്നു.
എല്ലുകളുടെയും പല്ലുകളുടെയും ഘടനാപരമായ സമഗ്രത ഉറപ്പാക്കുകയും ഒടിവുകളും ക്ഷയവും തടയുകയും ചെയ്യാനും ഫോസ്ഫറസ് സഹായകമാണ്.
ശരീരഭാരം നിയന്ത്രിക്കാം
ചീസിലെ ഉയര്‍ന്ന പ്രോട്ടീനും കൊഴുപ്പും വിശപ്പ് നിയന്ത്രിക്കുകയും കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിനെ പിന്തുണയ്ക്കുകയും ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ അമിതവണ്ണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തടയുകയും ചെയ്യും.
അതുപോലെ ഭക്ഷണത്ത ഊര്‍ജമാക്കി മാറ്റാന്‍ സഹായിക്കുകയും ആന്റിഓക്സിഡന്റായും ചീസ് പ്രവര്‍ത്തിക്കുന്നു. ഇത് വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കും.
Health
രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർധിച്ചുകൊണ്ടിരിക്കുകയാണ്, കേരളത്തിലാണ് നിലവിൽ ഏറ്റവും കൂടുതൽ സജീവ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് പൊതുജനാരോഗ്യ രംഗത്ത് പുതിയ ആശങ്കകൾക്ക് വഴിയൊരുക്കുന്നുണ്ട്.
നിലവിൽ റിപ്പോർട്ട് ചെയ്യുന്ന പല കോവിഡ് കേസുകളും നേരിയ തോതിലുള്ള രോഗലക്ഷണങ്ങൾ മാത്രമാണ് കാണിക്കുന്നത്. എന്നാൽ, പ്രായമായവർക്കും കുട്ടികൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കും (പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവ) ഇത് ഗുരുതരമാകാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ, ഈ വിഭാഗങ്ങളിൽപ്പെട്ടവർ കൂടുതൽ ശ്രദ്ധയും ജാഗ്രതയും പാലിക്കേണ്ടത് അത്യാവശ്യമാണ്.
XFG, NB.1.8.1, LF.7 തുടങ്ങിയ പുതിയ കോവിഡ് വകഭേദങ്ങൾ രാജ്യത്ത് കണ്ടെത്തിയിട്ടുണ്ട്. ഈ വകഭേദങ്ങൾക്ക് കൂടുതൽ വേഗത്തിൽ പടരാനുള്ള കഴിവുണ്ടെങ്കിലും, പൊതുവെ തീവ്രത കുറഞ്ഞവയാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. എങ്കിലും, വൈറസിന്റെ ജനിതകമാറ്റങ്ങൾ നിരന്തരം നിരീക്ഷിക്കേണ്ടത് അനിവാര്യമാണ്.
കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഭാവിയിലെ ഏത് സാഹചര്യത്തെയും നേരിടാൻ ആശുപത്രികൾ സജ്ജമാണോ എന്ന് ഉറപ്പാക്കാൻ mock drill-കൾ ഉൾപ്പെടെയുള്ള നടപടികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
രോഗവ്യാപനം തടയുന്നതിൽ പൊതുജനങ്ങൾക്ക് വലിയ പങ്കുണ്ട്. മാസ്ക് ധരിക്കുന്നത്, കൈകൾ ശുചിയാക്കുന്നത്, തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നത്, രോഗലക്ഷണങ്ങൾ ഉള്ളപ്പോൾ സ്വയം ഐസൊലേറ്റ് ചെയ്യുന്നത് എന്നിവയൊക്കെ നിർബന്ധമായും തുടരണം. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നത് സമൂഹത്തിൽ രോഗം പടരുന്നത് തടയാൻ സഹായിക്കും.