ചങ്ങനാശേരി: പെരുന്തുരുത്തി-ഏറ്റുമാനൂര്‍ ബൈപാസില്‍ പെരുന്തുരുത്തി മുതല്‍ നാലുകോടി ലെവല്‍ ക്രോസ് വരെ റോഡിന് ആവശ്യത്തിനു വീതിയും സുരക്ഷാ ക്രമീകരണങ്ങളുമില്ലെന്ന് ആക്ഷേപം ഉയരുന്നു. എംസി റോഡിലെ തിരക്കൊഴിവാക്കാന്‍ 15 വര്‍ഷം മുമ്പാണ് പെരുന്തുരുത്തി-ഏറ്റുമാനൂര്‍ ബൈപാസിന്റെ പ്രഖ്യാപനമുണ്ടായത്. എന്‍എച്ച്183 (എംസി)യില്‍ പെരുന്തുരുത്തി ജംഗ്ഷനില്‍നിന്നു ബൈപാസിലേക്കു തിരിയുന്ന ഭാഗത്തിനു വേണ്ടത്ര വിസ്തൃതിയില്ലെന്നു മാത്രമല്ല, സുരക്ഷാ ക്രമീകരണങ്ങളും താളംതെറ്റിയ നിലയിലാണ്.
ഈ ജംഗ്ഷന് മുതല്‍ നാലുകോടി ലെവല്‍ ക്രോസ് വരെ റോഡിന് ബൈപാസ് നിലവാരത്തിലുള്ള വീതിയില്ല. ഈ ഭാഗത്തുള്ള കല്ലുകടവ് പാലവും ബലക്ഷയം നേരിടുന്ന നിലയിലാണ്. മഴക്കാലത്ത് ഈ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നതിനാല്‍ ടൈലുകള്‍ പാകിയിരിക്കുകയാണ്.
പെരുന്തുരുത്തി ഭാഗത്തെ വളവ് നിവര്‍ത്താന്‍ നടപടിയില്ല
ഈ ബൈപാസിന്റെ പെരുന്തുരുത്തി ജംഗ്ഷന് ഭാഗത്ത് റോഡിന്റെ വളവു നിവര്ക്കാനും നാലുകോടി വരെയുള്ള ഭാഗത്ത് വീതി കൂട്ടാനും വര്‍ഷങ്ങള്‍ക്കു മുമ്പ് പദ്ധതിയിട്ടെങ്കിലും അധികാരികളുടെ നിസംഗത മൂലം നടന്നിട്ടില്ല. തിരുവല്ല പിഡബ്ല്യുഡി ഡിവിഷന്റെ കീഴിലുള്ള ഭാഗമാണിത്.
നാലുകോടി ലെവല്‍ ക്രോസില്‍ മേല്‍പ്പാലം നിര്‍മിക്കാനുള്ള പദ്ധതിയും നീളുകയാണ്. കവിയൂര്‍ റോഡ് നിര്‍മാണം തടസപ്പെട്ടതിനാല്‍ നാലുകോടി കവലയുടെ വികസനവും തടസപ്പെട്ട നിലയിലാണ്.
ടാറിംഗ് പൂര്‍ത്തിയായ തെങ്ങണ-കുന്നുംപുറം
പെരുന്തുരുത്തി-ഏറ്റുമാനൂര്‍ ബൈപാസില്‍ തെങ്ങണ മുതല്‍ കുന്നുംപുറം വരെ ടാറിംഗ് പൂര്‍ത്തിയായി. ജോബ് മൈക്കിള്‍ എംഎല്‍എയുടെ ഇടപെടലില്‍ ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി മൂന്നരക്കോടി രൂപ മുടക്കിയാണ് ടാറിംഗ് പൂര്‍ത്തിയാക്കിയത്. ഇതോടെ ഇത്രയും ഭാഗത്തെ യാത്ര സുഗമമായിട്ടുണ്ട്.
നിവരാതെ ഡീലക്സ് പടി വളവ്
എന്നാല്‍, ഈ ഭാഗത്തുള്ള ഡീലക്സ് പടി വളവ് നിവര്‍ത്തി സുരക്ഷ വര്‍ധിപ്പിച്ച് അപകടങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ വൈകുകയാണ്. പദ്ധതിക്കായി 2016ല്‍ അന്നത്തെ എംഎല്‍എ സി.എഫ്. തോമസ് തന്റെ ആസ്തിവികസന ഫണ്ടില്‍നിന്ന് ഒരു കോടി രൂപ അനുവദിച്ചിരുന്നു. ഡീലക്സ്പടി വികസനസമിതിയുടെ നേതൃത്വത്തില്‍ പദ്ധതിക്കായി അധികാരകേന്ദ്രങ്ങളെ സമീപിച്ച് നടപടിക്രമങ്ങള്‍ അവസാനഘട്ടത്തില്‍ എത്തിച്ചിട്ടുണ്ട്. പണമില്ലാത്തതിനാലാണ് നടപടികള്‍ നീങ്ങാത്തതെന്നാണ് സൂചന.
തെങ്ങണയിലും കുരുക്ക്
ഈ ബൈപാസിന്റെ തെങ്ങണ ക്ഷേത്ര ഭാഗം മുതല്‍ തെങ്ങണ ജംഗ്ഷന് വരെയുള്ള ഭാഗത്തും ഗതാഗതക്കുരുക്ക് സര്‍വസാധാരണമാണ്. ഈ ഭാഗത്ത് റോഡിലേക്ക് ഇറങ്ങിനില്ക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ചും അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചും കുരുക്കഴിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.