Kerala
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം കാരക്കോട് സ്വദേശിയായ 13 വയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളവരുടെ എണ്ണം പത്തായി.
ഒരാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കഴിഞ്ഞ ദിവസം ഒരാൾ മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തൃശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്.
റഹീമിനൊപ്പം ഹോട്ടലിൽ ജോലി ചെയ്തിരുന്ന ആളെയും സമാന ലക്ഷങ്ങളോടെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് കോട്ടയം സ്വദേശി ശശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവരും ജോലി ചെയ്തിരുന്ന കോഴിക്കോട് പന്നിയങ്കരയിലെ ശ്രീനാരായണ ഹോട്ടൽ അടച്ചിടാൻ കോർപറേഷൻ നിർദേശം നൽകിയിട്ടുണ്ട്. ഇവർ താമസിച്ചിരുന്ന വീട്ടിലെ കിണറ്റിൽ നിന്നും വെള്ളത്തിന്റെ സാമ്പിൾ ആരോഗ്യ വകുപ്പ് ശേഖരിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും ആരോഗ്യവകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം അതിവേഗം പടര്‍ന്നുപിടിക്കുകയാണെന്നും വീട്ടിൽ കുളിച്ചവര്‍ പോലും രോഗം വന്ന് മരിക്കുന്നുവെന്നും പ്രതിപക്ഷം നിയമസഭയിലെ അടിയന്തര പ്രമേയത്തിലെ ചര്‍ച്ചയിൽ കുറ്റപ്പെടുത്തി.
കപ്പിത്താൻ ഉണ്ടായിട്ട് കാര്യമില്ലെന്നും കപ്പൽ മുങ്ങിയെന്നും പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷ എംഎൽഎ എൻ. ഷംസുദ്ദീൻ പരിഹസിച്ചു. 100 ഓളം പേർക്ക് രോഗബാധ ഉണ്ടായി. അപൂര്‍വമായി മാത്രം ബാധിക്കുന്ന രോഗം കേരളത്തില്‍ പടര്‍ന്നു പിടിക്കുമ്പോള്‍ ആരോഗ്യവകുപ്പ് ഇരുട്ടില്‍ തപ്പുകയാണ്. ശാസ്ത്രീയ വിശദീകരണം നൽകാൻ സർക്കാരിനാകുന്നില്ല. എങ്ങനെ പ്രതിരോധിക്കണമെന്ന് ആരോഗ്യവകുപ്പിന് അറിയില്ലെന്നും ഷംസുദീന്‍ കുറ്റപ്പെടുത്തി.
ആരോഗ്യവകുപ്പ് മരണനിരക്ക് പൂഴ്ത്തിവെക്കുകയാണ്. മാധ്യമങ്ങൾ വിഷയം ഉന്നയിച്ചപ്പോഴാണ് കണക്ക് പുറത്തുവിട്ടത്. പട്ടിക പരിഷ്കരിച്ചപ്പോള്‍ എണ്ണം 19 ആയി. ബാധിച്ചവരുടെ എണ്ണം 66 എന്നാണ് സര്‍ക്കാര്‍ കണക്ക്. വിവരങ്ങള്‍ മറച്ചുവച്ച് മേനി നടിക്കാനുളള ശ്രമമാണ് സര്‍ക്കാരും വകുപ്പും നടത്തുന്നത്. കേരളത്തിൽ മരണനിരക്ക് കുറവാണ് എന്നാണ് പറയുന്നത്. എന്നാൽ, രോഗ വ്യാപനം തടയാനാകുന്നില്ല.
ഉറവിടം കണ്ടെത്തി രോഗം തടയുന്നതില്‍ ആരോഗ്യവകുപ്പ് ദയനീയമായി പരാജയപ്പെട്ടു. കുളത്തില്‍ കുളിച്ചവര്ക്കാണു രോഗം വരുന്നതെന്നാണ് പറഞ്ഞത്. എന്നാല്‍ വീട്ടില്‍ കുളിച്ചവരും രോഗം വന്നു മരിച്ചു. പിറന്നു നാലു മാസമായ കുഞ്ഞും മരിച്ചു. നമ്പര്‍ വണ്‍ എന്നു പറയുമ്പോഴും പ്രതിസന്ധി നേരിടാന്‍ കഴിഞ്ഞില്ല.
നിപയിലും മസ്തിഷ്ക ജ്വരത്തിലും ആരോഗ്യവകുപ്പ് ഇരുട്ടിൽ തപ്പുകയാണ്. എന്നിട്ടും ആരോഗ്യ മന്ത്രി പലരെയും പഴി ചാരുകയാണ്. അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ടതല്ലാത്ത 2018ലെ റിപ്പോര്‍ട്ട് 2013ലേതാണെന്ന് പറഞ്ഞ് ഉമ്മൻചാണ്ടിയെ പഴിചാരി കെ.കെ. ശൈലജയെ അടിക്കാനുള്ള സൂത്രമാണ് ആരോഗ്യമന്ത്രി പ്രയോഗിച്ചത്. പരസ്പരം പഴിചാരി, തന്റെ കാലത്ത് എല്ലാം ശരിയാണെന്നു വരുത്തുകയാണോ മന്ത്രി ചെയ്യേണ്ടതെന്നും ഷംസുദീന്‍ ചോദിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക ഉയർത്തി അമീബിക് മസ്തിഷ്ക ജ്വരം പടരുന്നത് ചർച്ച ചെയ്യാൻ നിയമസഭ. വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സഭയിൽ അവതരണാനുമതി നല്കി. സഭാനടപടികൾ നിർത്തിവച്ചാണ് ചർച്ച ചെയ്യേണ്ടത് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
പൊതുജനാരോഗ്യം പ്രാധാന്യം ഉള്ള വിഷയമാണെന്നും ചർച്ചയ്ക്ക് തയാറാണെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ഉച്ചയ്ക്ക് 12 മുതൽ ചർച്ച ആരംഭിക്കും. രണ്ട് മണിക്കൂറായിരിക്കും ചർച്ച ഉണ്ടായിരിക്കുക.
അപൂർവ രോഗം കേരളത്തിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നതും മരണം സംഭവിക്കുന്നതും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നതെന്നും രോഗബാധ തടയാനാകാത്തത് ആരോഗ്യവകുപ്പിന്റെ വീഴ്ചയാണെന്നുമാണ് പ്രതിപക്ഷ വിമർശനം.
Kerala
തിരുവനന്തപുരം: സ്വിമ്മിംഗ് പൂളിൽ നിന്ന് 17കാരന് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച സംഭവത്തിൽ തിരുവനന്തപുരത്തെ ആക്കുളം ടൂറിസ്റ്റ് വില്ലേജ് അധികൃതർക്ക് ആരോഗ്യവകുപ്പിന്റെ കർശന നിർദേശം.
പൂളിലെ മുഴുവൻ വെള്ളവും നീക്കം ചെയ്യണമെന്നും പൂൾ ഭിത്തി ഉരച്ചുകഴുകി ശുചീകരിക്കണമെന്നും നിർദേശം നൽകി. പുതുതായി വെള്ളം നിറയ്ക്കുമ്പോൾ നിശ്ചിത അളവിൽ ക്ലോറിൻ നിലനിർത്തണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
അതേസമയം, പൂളിൽ നിന്ന് ശേഖരിച്ച സാമ്പിളിന്റെ ഫലം ചൊവ്വാഴ്ച ലഭിക്കും. ഇതിനു ശേഷമായിരിക്കും തുടർനടപടികൾ. സ്വിമ്മിംഗ് പൂളിലെ വെള്ളം മൂക്കിൽ കയറിയതാണ് രോഗകാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 17 കാരന്റെ ആരോഗ്യ നിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.
Kerala
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂർ തിരുവാലി കോഴിപ്പറമ്പ് എളേടത്ത്കുന്ന് വാപ്പാടൻ രാമന്റെ ഭാര്യ എം. ശോഭന (56) ആണ് മരിച്ചത്. ഈ മാസം നാലിനാണ് ശോഭനയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത്.
സംസ്ഥാനത്ത് രോഗം ബാധിച്ച് ഒരുമാസത്തിനിടെ അഞ്ചു പേരാണ് മരിച്ചത്. രണ്ട് കുട്ടികള്‍ ഉള്‍പ്പടെ 12 പേരായിരുന്നു ചികിത്സയില്‍ ഉണ്ടായിരുന്നത്. ഇതേ അസുഖം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തന്നെ ചികിത്സയില്‍ ആയിരുന്ന വയനാട് സുൽത്താൻ ബത്തേരി സ്വദേശി രതീഷ് (45) കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മലപ്പുറം കണ്ണമംഗലം ചേറൂര് കാപ്പില്‍ കണ്ണേത്ത് റംല(52)യും കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസുകാരി അനയയും നേരത്തെ മരണപ്പെട്ടിരുന്നു.
നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗം ബാധിച്ച് 10 പേരാണ് ചികിത്സയിലുള്ളത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തിൽപ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വ്യക്തമാക്കിയിരുന്നു.
വിദേശത്ത് നിന്ന് ഉള്‍പ്പടെ മരുന്നെത്തിച്ച് രോഗികള്‍ക്ക് നല്‍കുന്നുണ്ടെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. അമീബിക് മസ്തിഷ്കജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി.
Kerala
കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം രോഗബാധ. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയായ പത്തുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.
ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചത്.
Kerala
കോഴിക്കോട്: താമരശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു.
ഏഴുവയസുകാരന് ഇന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിക്ക് ചികിത്സ ആരംഭിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഇതോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നാലായി. മലപ്പുറം ചെനക്കലങ്ങാടി സ്വദേശിയായ പതിനൊന്നുകാരിക്ക് ബുധനാഴ്ച രോഗം സ്ഥീരികരിച്ചിരുന്നു.
Kerala
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം കാരണം മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരനും രോഗലക്ഷണം. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഏഴു വയസുകാരനായ സഹോദരനാണ് പനിയും ഛർദിയും അനുഭവപ്പെട്ടത്. കുട്ടിയുടെ സ്രവസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
അതേസമയം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണ്. രണ്ടാഴ്ചയിലേറെയായി കുഞ്ഞ് വെന്റിലേറ്ററിന്റെ സഹായത്തിലാണ് കഴിയുന്നത്.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച അന്നശേരി സ്വദേശിയായ യുവാവും മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ട്.