Kerala
കോഴിക്കോട്: സിപിഎമ്മിനെയും ബിജെപിയെയും വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുൽ വിഷയത്തിൽ ഇനിയും കളിച്ചാൽ സിപിഎമ്മിന്റെ പലതും പുറത്തുവരുമെന്നും കേരളം ഞെട്ടുന്ന ഒരു വാർത്ത വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"ഞാൻ ഭീഷണിപ്പെടുത്തുകയാണെന്ന് നിങ്ങൾ വിചാരിക്കരുത്. ഭീഷണിയല്ലേ എന്ന് ചോദിച്ചാൽ ആണ്. ഈ കാര്യത്തിൽ സിപിഎമ്മുകാർ അധികം കളിക്കരുത്. വരാനുണ്ട്. കേരളം ഞെട്ടിപ്പോകും. വലിയ താമസം ഒന്നും വേണ്ട. ഞാന്‍ പറയുന്നതൊന്നും വൈകാറില്ലല്ലോ. തെരഞ്ഞെടുപ്പിനൊക്കെ സമയം ഉണ്ടല്ലോ'- സതീശൻ കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബിജെപിക്കെതിരേയും അദ്ദേഹം മുന്നറിയിപ്പ് നൽകി. കാളയുമായി തന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തിയവരെക്കൊണ്ട് തന്നെ രാജീവ് ചന്ദ്രശേഖറുടെ വീട്ടിലേക്ക് താൻ പ്രതിഷേധം നടത്തിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ബിജെപിക്കാരോട് ഒരു കാര്യം പറയാനുണ്ട്. ഇന്നലെ കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രകടനം നടത്തിയ കാളയെ കളയരുത്. പാര്‍ട്ടി ഓഫീസിന്റെ മുറ്റത്ത് കെട്ടിയിടണം. അടുത്ത ദിവസങ്ങളില്‍ ആവശ്യം വരും. ആ കാളയുമായി രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തേണ്ട സ്ഥിതി പെട്ടെന്നുണ്ടാകും. കാര്യം ഇപ്പോള്‍ പറയുന്നില്ല. ആ കാളയെ ഉപേക്ഷിക്കരുത്. കാത്തിരുന്നോളൂ'- എന്നാണ് സതീശന് പറഞ്ഞത്.
സിപിഎം നടത്തുന്ന പ്രതിഷേധം എന്തിനുവേണ്ടിയാണെന്ന് അറിയാം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരായ ആരോപണത്തില്‍ മറുപടിയില്ല. കേരളത്തിലെ സിപിഎം നേതാക്കന്മാര്ക്ക് രാജേഷ് കൃഷ്ണ ഹവാല പണം കൊടുത്തിരുന്നുവെന്ന ആരോപണം ഉയര്‍ന്നു. അത് ചര്‍ച്ച ചെയ്തില്ല. മറച്ചുവച്ചു.
രാഹുലിനെതിരെ കോണ്‍ഗ്രസ് സംഘടനാപരമായ നടപടി സ്വീകരിച്ചു. ലൈംഗിക ആരോപണക്കേസില്‍ പ്രതികളായ മന്ത്രിമാരെ ആദ്യം പുറത്താക്ക്. ബലാത്സംഗ കേസ് പ്രതി അവിടെ ഇരിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ അങ്ങോട്ട് ലൈംഗികാരോപണക്കേസില്‍ പ്രതികളുണ്ടെന്നും സതീശന് പറഞ്ഞു.
ആര്യനാട്ടെ പഞ്ചായത്തംഗത്തിന്റെ ആത്മഹത്യ സിപിഎം പൊതുയോഗത്തിന് പിന്നാലെയാണെന്നും സാമ്പത്തിക ബാധ്യതയുള്ളവരെ ഭീഷണിപ്പെടുത്തുന്ന പാർട്ടിയായി സിപിഎം മാറിയെന്നും വി.ഡി. സതീശൻ ആരോപിച്ചു.
Kerala
കൊച്ചി: ബിജെപിക്ക് വോട്ട് ചെയ്താൽ സംസ്ഥാനത്തിന്റെ തകർച്ചയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ബിജെപിക്ക് മേല്‍ക്കൈവന്നാല്‍ നാം ഇത്രകാലം നേടിയെടുത്ത മതനിരപേക്ഷതയും ആരാധനാസ്വാതന്ത്ര്യവുമെല്ലാം ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഭൂരിപക്ഷം നേടുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാക്കുകൾ മുന്നറിയിപ്പായി കാണണമെന്നും മുഖ്യമന്ത്രി ചൂണ്ടികാണിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഭൂരിപക്ഷം നേടുമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 25ശതമാനം വോട്ടുകൾ നേടുമെന്നും കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ച് നടന്ന ബിജെപി നേതൃയോഗത്തില്‍ അമിത് ഷാ പറഞ്ഞിരുന്നു.
ഈ പ്രസ്താവനയ്ക്ക് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ബിജെപിയുടെ വിജയം കേരളത്തിന്റെ മതേതര സ്വത്വത്തെ ഇല്ലാതാക്കുകയും സംസ്ഥാനത്തിന്റെ ഐക്യത്തെ ഭീഷണിപ്പെടുത്തുകയും ചെയ്യും. കേരളത്തിലെ ജനങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിക്കാനും ആരാധന നടത്താനുമുള്ള സ്വാതന്ത്ര്യം ആസ്വദിക്കുന്നുണ്ട്. എന്നാൽ ബിജെപിക്ക് മേല്‍ക്കൈവന്നാല്‍ കേരളത്തനിമയാണ് തകരുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: തൃശൂരിലെ വോട്ട് ക്രമക്കേടില്‍ പരാതിയുണ്ടെങ്കില്‍ എല്‍ഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷനെയോ കോടതിയെയോ സമീപിക്കണമെന്ന് ബിജെപി സംസ്ഥാനധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടെ സുരേഷ് ഗോപി വിജയിച്ചിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു. ഇപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം അവശേഷിക്കെ കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ നടത്തുന്നതു ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രങ്ങളാണ്. നുണകളാണ് എല്‍ഡിഎഫും യുഡിഎഫും പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും നാടകം കളിച്ച് ജനങ്ങളെ വിഡ്ഡികളാക്കുകയാണ്. നിയമാനുസൃത സംവിധാനങ്ങളിലൂടെ ആക്ഷേപം ഉള്ളവര്‍ പോകണം. അല്ലാതെ പുകമറ സൃഷ്ടിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. യാഥാര്‍ഥ്യബോധമില്ലാത്ത കാര്യങ്ങളാണ് യുഡിഎഫും എല്‍ഡിഎഫും ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പിനുമുന്പ് കരട് വോട്ടര്‍ പട്ടിക ലഭിച്ച സമയത്ത് അനര്‍ഹര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ ശ്രമിക്കേണ്ടത് രാഷ്ട്രീയപാര്‍ട്ടി നേതാക്കളാണ്. താന്‍ തിരുവനന്തപുരത്ത് മത്സരിച്ചപ്പോള്‍ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ക്കെതിരേ പരാതി നല്കി നീക്കം ചെയ്തിരുന്നു.
തൃശൂരിലെ വോട്ടര്‍ പട്ടികയുടെ കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് നിയമപരമായ നടപടികളുമായി മുന്നോട്ടുപോകാം. അതിനു ബന്ധപ്പെട്ട അധികൃതരെ സമീപിക്കുന്നതിനു പകരം ഇപ്പോള്‍ നടത്തുന്നത് നുണ പ്രചാരണങ്ങളാണ്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പത്തു കൊല്ലം ജനങ്ങൾക്കുവേണ്ടി ഒന്നും ചെയ്യാത്ത സർക്കാർ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ജനശ്രദ്ധ തിരിച്ചുവിടാനുള്ള പ്രചരണങ്ങളാണ് നടത്തുന്നതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.