കുസാറ്റ് വിദ്യാർഥിക്ക് ഡബ്ലിൻ സർവകലാശാലയുടെ 2.5 കോടിയുടെ ഫെലോഷിപ്പ്
Wednesday, April 2, 2025 3:27 PM IST
കളമശേരി: കുസാറ്റ് പോളിമർ സയൻസ് ആൻഡ് റബർ ടെക്നോളജി ഗവേഷകൻ അനന്തകൃഷ്ണന് അയർലൻഡിലെ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയായ ഡബ്ലനിൽ (ടിയുഡി) നിന്ന് പിഎച്ച്ഡി പഠനം നടത്തുന്നതിനായി 2.5 കോടി രൂപയുടെ (1.25 കോടി ഫെലോഷിപ്പ് + 1.25 കോടി കണ്ടിജൻസി) ഫെലോഷിപ്പ് ലഭിച്ചു.
ഡബ്ലിൻ സർവകലാശാലയിൽ ഫുഡ് സയൻസ് ആൻഡ് എൻവയോൺമെന്റൽ ഹെൽത്ത് സ്കൂളിലാണ് ഗവേഷണം നടത്തുന്നത്. 300 ലധികം അന്താരാഷ്ട്ര അപേക്ഷകരിൽ നിന്ന് ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞടുത്ത 12 പേരിൽ ഒരാളായാണ് അനന്തകൃഷ്ണൻ വിജയിച്ചത്.
മൂന്ന് ഘട്ടമായുളള അഭിമുഖത്തിലൂടെയാണ് ഫെലോഷിപ്പിന് അർഹനായത്. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയാണ് അനന്തകൃഷ്ണൻ. അച്ഛൻ: സുരേഷ്, അമ്മ: സതി, സഹോദരി: അനഘ ബി. കോം വിദ്യാർഥിനി.