അയർലൻഡിൽ ഭവന വില കുതിച്ചുയരുന്നു
ജയ്സൺ കിഴക്കയിൽ
Wednesday, March 26, 2025 8:09 AM IST
ഡബ്ലിൻ: അയർലൻഡിൽ ഭവന വില കുതിച്ചുയരുന്നു. കഴിഞ്ഞ എട്ടുവർഷത്തിനിടയിലുള്ള ഏറ്റവും ഉയർന്ന വിലയാണ് ഇപ്പോൾ. ഏറ്റവും പുതിയ ഡാഫ്റ്റ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ലിംറിക്കിൽ 13.8, ഗാൽവേ 13.2, ഡബ്ലിൻ 12, കോർക്ക് ഒന്പത്, വാട്ടർഫോർഡ് 11.2 ശതമാനം എന്നിങ്ങനെയാണ് ഭവന വില വർധിച്ചത്. തലസ്ഥാന നഗരമായ ഡബ്ലിനിൽ വീടിന്റെ ശരാശരി വില 4,60,726 യൂറോയാണ്.
ഗവൺമെന്റ് ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ ഇനിയും വില ഉയരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പുതിയ വീടുകൾ വേണ്ടത്ര നിർമിക്കാത്തതാണ് പ്രതിസന്ധിക്കു കാരണം.
വിൽപനയ്ക്കായി വേണ്ടത്ര പഴയ വീടുകളും ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്. ഈ മാസം ആദ്യം രാജ്യത്താകമാനം 9250 സെക്കൻഡ് ഹാൻഡ് വീടുകൾ മാത്രമാണ് വിൽപനയ്ക്ക് ഉണ്ടായിരുന്നത്. 2007ന് ശേഷമുള്ള ഏറ്റവും വലിയ കുറവാണിത്.
വില്പനയ്ക്ക് വന്ന സെക്കൻഡ് ഹാൻഡ് വീടുകളുടെ കാര്യത്തിൽ കഴിഞ്ഞവർഷം ഇതേ കാലയളവിനെക്കാൾ 17 ശതമാനത്തിന്റെ കുറവുണ്ടായി. ലഭ്യത കുറവ് മൂലം രാജ്യത്താകമാനം ചോദിക്കുന്ന വിലയെക്കാൾ ഉയർന്ന നിരക്കിൽ ആണ് വീട് വില്പന നടക്കുന്നത്.
തലസ്ഥാന നഗരമായ ഡബ്ലിനിൽ ചോദിക്കുന്ന വിലയെക്കാൾ ശരാശരി 10 ശതമാനത്തിലേറെ കൂട്ടിയാണ് വിൽപ്പന നടക്കുന്നത്. കഴിഞ്ഞ 15 വർഷമായി ഈ രീതി തുടർന്നുവരുന്നു.
അയർലൻഡിലെ മറ്റു പ്രധാന നഗരങ്ങളായ ലിംറിക്ക്, കോർക്ക്, ഗാൽവേ, വാട്ടർഫോർഡ് തുടങ്ങിയ ഇടങ്ങളിലെ സ്ഥിതിയും മറിച്ചല്ല. സാധാരണക്കാർക്ക് വീട് വാങ്ങുക എന്നത് ഏറെ ദുഷ്കരമായി മാറുകയാണ് അയർലൻഡിൽ.