ഫാ. ഫാബിയോ അറ്റാർഡ് സലേഷ്യൻ സഭയുടെ റെക്ടർ മേജർ
Friday, March 28, 2025 11:49 AM IST
റോം: വിശുദ്ധ ഡോൺബോസ്കോ സ്ഥാപിച്ച സലേഷ്യൻ സന്യാസ സഭയുടെ 11-ാമത് റെക്ടർ മേജറായി മാൾട്ടയിൽനിന്നുള്ള ഫാ. ഫാബിയോ അറ്റാർഡ്(66) തെരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിലെ ടൂറിനടുത്ത് വോൾഡോക്കോയിൽ നടന്ന ജനറൽ ചാപ്റ്ററിലായിരുന്നു തെരഞ്ഞെടുപ്പ്.
ജനറൽ ചാപ്റ്ററിനു പുറമേനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ റെക്ടർ മേജറാണ് ഫാ. ഫാബിയോ. റെക്ടർ മേജറായിരുന്ന സ്പെയിനിൽനിന്നുള്ള കർദിനാൾ ഏഞ്ചൽ ഫെർണാണ്ടസ് ആർട്ടിമെ വത്തിക്കാനിൽ സമർപ്പിതസമൂഹങ്ങൾക്കുവേണ്ടിയുള്ള കാര്യാലയത്തിന്റെ പ്രോ-പ്രീഫെക്ടായി കഴിഞ്ഞ ജനുവരിയിൽ തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് സ്ഥാനമൊഴിഞ്ഞതിനാലാണു പുതിയ നിയമനം.
ഫാ. ഫാബിയോ സലേഷ്യൻ സന്യാസസഭയുടെ ജനറൽ കൗൺസിലിൽ യുവജന ശുശ്രൂഷയ്ക്കുവേണ്ടിയുള്ള കൗൺസിലറായി 12 വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോകമെമ്പാടുമായി 136 രാജ്യങ്ങളിൽ യുവജന ശുശ്രൂഷ ചെയ്യുന്ന സലേഷ്യൻ സമൂഹത്തിന് 92 പ്രവിശ്യകളിലായി 13,750 സമർപ്പിത അംഗങ്ങളുണ്ട്.