അയർലൻഡിൽ നാലിലൊന്ന് പേർ ഹസ്തദാനം ഒഴിവാക്കി
ജയ്സൺ കിഴക്കയിൽ
Wednesday, March 26, 2025 12:55 PM IST
ഡബ്ലിൻ: കോവിഡ് കാല ശീലങ്ങളുടെ തുടർച്ചയെന്നോണം അയർലൻഡിൽ നാലിലൊന്ന് പേരും ഹസ്തദാനം നൽകുന്നതു ഒഴിവാക്കുന്നതായി റിപ്പോർട്ട്.
അഞ്ചു വർഷങ്ങൾക്കിപ്പുറം സമൂഹത്തിൽ കോവിഡ് ചെലുത്തിയ സാമൂഹികവും സാമ്പത്തികവുമായ ആഘാതം എത്രമാത്രം എന്ന് അറിയുന്നതിനായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് നടത്തിയ സർവ്വേയിലാണ് ഇക്കാര്യം വ്യക്തമായത്.
ജനുവരി - ഫെബ്രുവരി മാസങ്ങളിൽ 21,000ത്തിലധികം പേരിൽ നടത്തിയ സർവ്വേ പ്രകാരമാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. കോവിഡ് ആരംഭിച്ചതിന് അഞ്ചുവർഷങ്ങൾക്ക് ശേഷവും അന്നത്തെ നിയന്ത്രണങ്ങളുടെ ഭാഗമായുള്ള ശീലങ്ങൾ പലതും നിലനിർത്തി പോരുന്നതായാണ് സർവ്വേ കണ്ടെത്തിയത്.
ആരോഗ്യം മോശമായവരാണ് ഹസ്തദാനം ഒഴിവാക്കാൻ കൂടുതലും ശ്രമിക്കുന്നത്. പുരുഷന്മാരെക്കാൾ അധികം സ്ത്രീകളാണ് ഹസ്തദാനം ഒഴിവാക്കുന്നത്.
അയർലൻഡിലെ മൂന്നിലൊന്നു സ്ത്രീകളും ഹസ്തദാനം ഒഴിവാക്കുമ്പോൾ 18 ശതമാനം പുരുഷന്മാർ ഹസ്തദാനത്തിന് വിമുഖത കാണിക്കുന്നതായും കണ്ടെത്തി.
ഇതുപോലെ പകർച്ചവ്യാധിക്കു ശേഷം സ്ത്രീകൾ കൈകഴുകൽ വർധിപ്പിച്ചു. മുടങ്ങാതെ കൈകഴുകുന്ന ശീലം പകർച്ചവ്യാധിക്ക് മുമ്പ് 50 ശതമാനം സ്ത്രീകളിൽ ഉണ്ടായിരുന്നത് കോവിഡിനു ശേഷം 61 ശതമാനമായി ഉയർന്നു.
വളർത്തുമൃഗങ്ങളെ വാങ്ങലാണ് കോവിഡ് കാലത്തുണ്ടായ മറ്റൊരു മാറ്റം. കോവിഡ് ലോക്ക്ഡൗൺ കാലത്ത് ആറിലൊന്നോളം പേരും വളർത്തുമൃഗങ്ങളെ വാങ്ങി. ഇവരിൽ മൂന്നിൽ രണ്ട് ഓളം പേരും നായയെയും 30 ശതമാനം പേർ പൂച്ചയെയും ആണ് സ്വന്തമാക്കിയത്.
കോവിഡ് ലോക്ക്ഡൗൺ കാലത്ത് വീടുകളിൽ പങ്കാളിയുമായി താമസിച്ചിരുന്നവരിൽ നാലിലൊന്നിലേറെ പേരും അവരുടെ ബന്ധം ദൃഢമായതായും വ്യക്തമാക്കി. ഇക്കാലയളവിൽ മൂന്നിലൊന്നിലേറെ പേരും തങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമായിരുന്നുവെന്നും പറയുന്നു.
പകർച്ചവ്യാധി സമയത്ത് വീട്ടിൽ നിന്ന് ജോലി ചെയ്ത മൂന്നിൽ രണ്ടിലേറെ പേരും അവരുടെ ജോലി സംതൃപ്തി മെച്ചപ്പെട്ടതായും റിപ്പോർട്ട് തുടർന്നു പറയുന്നു.