ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ജർമനിയിൽ
ജോസ് കുമ്പിളുവേലിൽ
Friday, March 28, 2025 10:14 AM IST
ബെര്‍ലിന്‍: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ബെർലിനിൽ എത്തി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഭാഗമായ ഓറിയന്റൽ ഓർത്തഡോക്സ് സഭകളും ജർമനിയിലെ പ്രൊട്ടസ്റ്റന്റ് സഭകളും തമ്മിലുള്ള ഡയലോഗിന്റെ മുഖ്യാതിഥിയായിട്ടാണ് കാതോലിക്കാ ബാവ ബെർലിനിൽ എത്തിയത്.
ഈ മാസം 28 വരെയാണ് ഇകെഡി (Evangelische Kirche in Deutschland) ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ ഡയലോഗ് നടക്കുന്നത്. ജർമനിയിലെ 20 പ്രൊട്ടസ്റ്റന്റ് സഭകളുടെ കൂട്ടായ്മയായ ഇകെഡിയും ഓറിയന്റൽ ഓർത്തഡോക്സ് സഭകളും തമ്മിലുള്ള ഈ സംവാദം 1983 മുതൽ നടന്നുവരുന്നു.
ജർമനിയിലെ ഇതര ഓർത്തഡോക്സ് സഭകളുടേയും കത്തോലിക്കാ സഭയുടെയും അധ്യക്ഷന്മാരുമായും ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുമായും ബാവ വിവിധ വിഷയങ്ങളിൽ ചർച്ച നടത്തും. 30ന് ജർമനി സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കും.
യുകെ - യൂറോപ്പ് - ആഫ്രിക്കാ ഭദ്രാസന മെത്രാപ്പൊലീത്ത ഏബ്രഹാം മാർ സ്തേഫാനോസ് ഉൾപ്പെടെയുള്ള പ്രതിനിധി സംഘം കാതോലിക്കാ ബാവയെ അനുഗമിക്കും. സന്ദർശനം പൂർത്തിയാക്കി 31ന് ബാവ ഇന്ത്യയിലേക്ക് മടങ്ങും.