യുകെയിൽ കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഓഗസ്റ്റിൽ
അപ്പച്ചൻ കണ്ണഞ്ചിറ
Tuesday, March 25, 2025 3:11 PM IST
ലണ്ടൻ: കാദോഷ് മരിയൻ മിനിസ്ട്രീസ് യുകെയിൽ സംഘടിപ്പിക്കുന്ന കൃപാസനം മരിയൻ ഉടമ്പടി ധ്യാനം മരിയൻ തീർഥാടന കേന്ദ്രങ്ങളായ വാത്സിംഗ്ഹാമിൽ ഓഗസ്റ്റ് രണ്ട് മുതൽ നാല് വരെയും എയ്ൽസ്ഫോർഡിൽ ഓഗസ്റ്റ് ആറ്, ഏഴ് തീയതികളിലും നടക്കും.
ഇരുധ്യാനങ്ങളിലും കണ്ണൂർ ലത്തീൻ രൂപതയുടെ അധ്യക്ഷൻ ബിഷപ് മാർ ഡോ. അലക്സ് വടക്കുംതലയും കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും ഡയറക്ടറുമായ റവ. ഡോ. ജോസഫ് വലിയവീട്ടിലും നേതൃത്വം നൽകും.
യുകെ റോമൻ കത്തോലിക്കാ പള്ളിയുടെ ചാപ്ലിൻ ഫാ. വിംഗ്സ്റ്റൺ വാവച്ചൻ, ബ്ര. തോമസ് ജോർജ് (കാദോഷ് മരിയൻ മിനിസ്ട്രീസ്) എന്നിവരും ശുശ്രൂഷകൾ നയിക്കും.

രാവിലെ എട്ടിന് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രൂഷ സമാപിക്കും.
ധ്യാനത്തിൽ പങ്കുചേരുവാൻ ഏവരെയും ക്ഷണിക്കുന്നതായി കാദോഷ് മരിയൻ മിനിസ്ട്രീസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 077707 30769 , 074598 73176.