ജർമനിയിൽ 377 മീറ്റർ നീളമുള്ള പാലം തകർത്തു
ജോസ് കുമ്പിളുവേലിൽ
Tuesday, April 1, 2025 4:38 PM IST
ബെര്‍ലിന്‍: നോര്‍ത്ത് റൈൻ-വെസ്റ്റ്ഫാലിയയിലെ വിൽൻസ്ഡോർഫിൽ 377 മീറ്റർ നീളമുള്ള പാലം 50 കിലോഗ്രാം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർത്തു. എ45 ലെ ജീർണിച്ച ലാൻഡ്സ്ക്രോണർ വെയ്ഹർ വയഡക്റ്റിന്റെ രണ്ടാം ഭാഗം ഞായറാഴ്ച 11ന് ആസൂത്രണം ചെയ്തതുപോലെ സ്ഫോടനത്തിലൂടെയാണ് തകർത്തത്.
ഹെസൻ സംസ്ഥാന അതിർത്തിക്കടുത്തുള്ള സീഗൻ-വിറ്റ്ജൻസ്റ്റെൻ ജില്ലയിലാണ് പാലം സ്ഥിതി ചെയ്യുന്നത്. വടക്കോട്ട് പോകുന്ന പാലത്തിന്റെ ആദ്യഭാഗം 2022 ശരത്കാലത്തിലാണ് തകർത്തത്.
പാലത്തിന്റെ അവശിഷ്ടങ്ങൾ 10,000 ടൺ വരുമെന്ന് ബ്ലാസ്റ്ററിംഗ് മാസ്റ്റർ പറഞ്ഞു. വടക്കോട്ട് പോകുന്ന പുതിയ പാലത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. വൈബ്രേഷൻ ലെവലും പരിധിക്കുള്ളിൽ തന്നെ തുടർന്നു.
ജർമനിയിലെ ഏറ്റവും വലിയ മോട്ടർവേ നിർമാണ പദ്ധതികളിൽ ഒന്നാണ് സൗവർലാൻഡ് ലൈൻ എന്ന് വിളിക്കപ്പെടുന്ന വിപുലീകരണം. ഈ റൂട്ടിലുടനീളം ജീർണിച്ച നിരവധി താഴ്വര പാലങ്ങൾ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്.