അഴിമതിക്കേസ്: മറീൻ ലെ പെന്‍ കുറ്റക്കാരി, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്ക്
ജോസ് കുമ്പിളുവേലിൽ
Tuesday, April 1, 2025 12:07 PM IST
പാരിസ്: ഫ്രഞ്ച് തീവ്രവലതുപക്ഷ നേതാവ് മറീൻ ലെ പെന്നിന് ജയിൽ ശിക്ഷ വിധിച്ച് കോടതി. അഞ്ച് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കും നേരിടേണ്ടി വരും. നാഷണൽ റാലി പാർട്ടിയിലൂടെ യൂറോപ്യൻ പാർലമെന്റ് ഫണ്ട് ദുരുപയോഗം ചെയ്ത കേസിലാണ് ശിക്ഷ.
ലെ പെന്നിനെപ്പോലെ യൂറോപ്യൻ പാർലമെന്റിൽ നിയമനിർമാതാക്കളായി സേവനമനുഷ്ഠിച്ച അവരുടെ പാർട്ടിയിലെ മറ്റ് എട്ട് അംഗങ്ങളും കുറ്റക്കാരാണെന്ന് ജഡ്ജി വിധിച്ചു. 12 പാർലമെന്ററി അസിസ്റ്റന്റുമാരും കുറ്റക്കാരാണെന്ന് കണ്ടെത്തി.
കുറ്റകരമായ വിധി തന്റെ "രാഷ്ട്രീയ മരണത്തിലേക്ക്' നയിക്കുമെന്ന് വിധിക്ക് മുമ്പ് ലെ പെൻ പറഞ്ഞിരുന്നു. എന്നാൽ കോടതി വിധിയെ മാനിക്കണമെന്ന് ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർട്ടി ദേശീയ സെക്രട്ടറി ഫാബിൻ റൗസൽ അഭിപ്രായപ്പെട്ടു.
പാർലമെന്ററി അസിസ്റ്റന്റുമാർക്കുള്ള യൂറോപ്യൻ പാർലമെന്റ് ഫണ്ടിൽ ലെ പെന്നിനും അവരുടെ നാഷണൽ റാലി പാർട്ടിയും (ആർഎൻ) മൂന്ന് മില്യൺ യൂറോ ദുരുപയോഗം ചെയ്തതായി കോടതി കണ്ടെത്തി.
യൂറോപ്യൻ യൂണിയൻ ചട്ടങ്ങൾ ലംഘിച്ച് 2004നും 2016നും ഇടയിൽ ഫ്രാൻസ് ആസ്ഥാനമായുള്ള പാർട്ടി ജീവനക്കാർക്ക് പണം നൽകാനാണ് ഈ പണം ഉപയോഗിച്ചതെന്ന് പ്രോസിക്യൂട്ടർമാർ ആരോപിച്ചു.