അയർലൻഡിൽ അന്തരിച്ച ഫാ. ഡെർമറ്റ് ലെയ്കോക്കിന്റെ പൊതുദർശനം ബുധനാഴ്ച
ജെയ്സൺ കിഴക്കയിൽ
Tuesday, March 25, 2025 4:14 PM IST
ഡബ്ലിൻ: അയർലൻഡിൽ അന്തരിച്ച ബ്ലാക്റോക്ക് മുൻവികാരി ഫാ. ഡെർമറ്റ് ലെയ്കോക്കിന്റെ പൊതുദർശനം ബുധനാഴ്ച ബ്ലാക്റോക്ക് ഗാർഡിയൻ ഏയ്ജൽസ് ദേവാലയത്തിൽ നടക്കും. സീറോമലബാർ കമ്യൂണിറ്റിക്കു രാത്രി എട്ട് മുതൽ 9.30 വരെ പൊതുദർശനത്തിനുള്ള അവസരമുണ്ടാകും.
സീറോമലബാർ സഭ വൈദികർ ഒപ്പീസും മറ്റു പ്രാർഥനാ ശുശ്രൂഷകളും നടത്തും. തിരുകർമങ്ങൾക്ക് സീറോമലബാർ സഭ നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ മുഖ്യകാർമികത്വം വഹിക്കും.
വ്യാഴാഴ്ച രാവിലെ പത്തിന് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. ബ്ലാക്റോക്കിലെ സീറോമലബാർ സഭാ സമൂഹവുമായി ഏറെ അടുപ്പം പുലർത്തിവന്ന വൈദികനായിരുന്നു ഫാ. ഡെർമറ്റ്.
കമ്യൂണിറ്റിയെ പിന്തുണച്ച വൈദികശ്രേഷ്ഠന്റെ വിയോഗം സഭയ്ക്ക് തീരാനഷ്ടമാണ്. ഗാർഡിയൻ എയ്ജ്ൽസ് പള്ളിയിൽ മലയാളം കുർബാനയ്ക്ക് സൗകര്യം ഒരുക്കി നൽകിയതും വേദപാഠം പഠിപ്പിക്കുന്നതിന് സെന്റർ അനുവദിച്ച് നൽകിയതും ഫാ. ഡെർമറ്റായിരുന്നു.
മലയാളി സമൂഹത്തോട് ഒരുപാട് കരുണയോടെയും സ്നേഹവാത്സല്യത്തടെയും പെരുമാറിയ ഫാ. ഡെർമറ്റ് ലെയ്കോക്കിന്റെ വിടവാങ്ങൽ കർമങ്ങളിൽ ഇടവക ജനം എല്ലാവരും പങ്കെടുക്കണമെന്ന് വികാരി ഫാ. ബൈജു ഡേവിസ് കണ്ണംപള്ളി അഭ്യർഥിച്ചു.
ഫാ. ഡെർമറ്റ് ലെയ്കോക്കിന്റെ വിയോഗത്തിൽ ട്രസ്റ്റിമാരായ സന്തോഷ് ജോൺ, മെൽബിൻ സ്കറിയ, സെക്രട്ടറിമാരായ റോഹൻ റോയ്, സിനു മാത്യു എന്നിവർ അനുശോചനം രേഖപ്പെടുത്തി.