ബുണ്ടെസ്റ്റാഗിന്റെ പ്രസിഡന്റായി ജൂലിയ ക്ലോക്ക്നർ തെരഞ്ഞെടുക്കപ്പെട്ടു
ജോസ് കുമ്പിളുവേലിൽ
Friday, March 28, 2025 10:34 AM IST
ബെര്ലിന്: 2025ലെ തെരഞ്ഞെടുപ്പിന് ശേഷം പുതിയ ജർമൻ ബുണ്ടെസ്റ്റാഗ് ആദ്യമായി യോഗം ചേർന്നു. എസ്പിഡി, സിഡിയു സഖ്യ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ജർമൻ പാർലമെന്റിന്റെ അധോസഭ സമ്മേളിച്ചത്.
630 പാർലമെന്റ് അംഗങ്ങൾ പുതിയ പാർലമെന്ററി പ്രസിഡന്റിനെ (സ്പീക്കർ) തെരഞ്ഞെടുക്കാൻ നിശ്ചയിച്ചിരുന്നു. ഫെബ്രുവരി 23ന് നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ സമ്മേളനമായിരുന്നു ഇത്.
ചാൻസലർ ഇൻ വെയിറ്റിംഗ് ഫ്രെഡറിക് മെർസിന്റെ നേതൃത്വത്തിലുള്ള ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയനും (സിഡിയു), ക്രിസ്ത്യൻ സോഷ്യൽ യൂണിയനും (സിഎസ്യു) ചേർന്ന യാഥാസ്ഥിതിക കൂട്ടായ്മയാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. പുതിയ സർക്കാർ രൂപീകരിക്കുന്നതിനായി ഇവർ മധ്യ-ഇടതുപക്ഷ സോഷ്യൽ ഡെമോക്രാറ്റുകളുമായി ചർച്ചകൾ നടത്തുകയാണ്.
കൂടുതൽ സീറ്റുകളിൽ രണ്ടാമതെത്തിയെങ്കിലും തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡി യാതൊരു ബന്ധവുമുണ്ടാവില്ലെന്ന് മെർസ് വ്യക്തമാക്കി. ഗ്രീൻസ്, ഇടതുപക്ഷം എന്നിവയാണ് മറ്റു പ്രതിപക്ഷ പാർട്ടികൾ. ജർമൻ ബുണ്ടെസ്റ്റാഗിന്റെ 21-ാമത് സെഷൻ ആരംഭിച്ചത് ഇടതുപക്ഷ പാർട്ടിയുടെ ഗ്രിഗോർ ഗിസിയാണ് .
ബുണ്ടെസ്റ്റാഗിന്റെ ജനസംഖ്യാപരമായ ഘടന ജർമനിയുടെ ജനസംഖ്യാശാസ്ത്രത്തെ പൂർണമായി പ്രതിനിധീകരിക്കുന്നില്ല. പുതിയ പാർലമെന്ററി സെഷൻ മുൻ സമ്മേളനങ്ങളെ അപേക്ഷിച്ച് ചെറുപ്പമാണ്.
നിയമനിർമാക്കളുടെ ശരാശരി പ്രായം 47 ആണ്. 30 വയസിന് താഴെയുള്ളവരുടെ എണ്ണം 6.5 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി ഉയർന്നു. എന്നാൽ ഇത് ഇപ്പോഴും 30 വയസിന് താഴെയുള്ള ജർമൻ ജനസംഖ്യയുടെ 12.7 ശതമാനത്തിൽ കുറവാണ്.
കുടിയേറ്റ പശ്ചാത്തലമുള്ള നിയമനിർമാതാക്കളുടെ എണ്ണം ജർമൻ ജനസംഖ്യയിലെ കുടിയേറ്റ പശ്ചാത്തലമുള്ളവരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണ് (ഏകദേശം 30 ശതമാനം ജനസംഖ്യയിൽ 11.6 ശതമാനം).
12 വർഷം മുൻപുണ്ടായിരുന്ന 5.9 ശതമാനത്തിൽ നിന്ന് ഈ വർധനവ് ഉണ്ടായിട്ടുണ്ട്. സ്ത്രീകളുടെ പ്രാതിനിധ്യത്തിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. പുതിയ സെഷനിലെ നിയമനിർമാതാക്കളിൽ 32.5 ശതമാനം മാത്രമാണ് സ്ത്രീകൾ.
കഴിഞ്ഞ ബുണ്ടെസ്റ്റാഗിലെ 36ശതമാനത്തിൽ നിന്ന് ഇത് കുറവാണ്. എഎഫ്ഡി, സിഎസ്യു എന്നീ പാർട്ടികളിൽ വനിതാ ക്വാട്ട ഇല്ലാത്തതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. എഎഫ്ഡി നിയമനിർമാതാക്കളിൽ 12 ശതമാനം മാത്രമാണ് സ്ത്രീകൾ.
കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിലെ 733 സീറ്റിൽ നിന്ന് 630 സീറ്റുകളോടെയാണ് പുതിയ പാർലമെന്റ് സമ്മേളിച്ചത്. രാവിലെ 11ന് ലെഫ്റ്റ് പാർട്ടിയുടെ ഗ്രിഗോർ ഗിസിയുടെ പ്രസംഗത്തോടെ പരിപാടികൾ ആരംഭിച്ചു.
പ്ലീനം പതിവില്ലാത്തവിധം നിറഞ്ഞിരുന്നു. സർക്കാർ ബെഞ്ച് മാത്രമാണ് പൂർണമായും ഒഴിഞ്ഞുകിടന്നത്. ആക്ടിംഗ് മന്ത്രിമാരും ചാൻസലർ ഒലാഫ് ഷോൾസും അവരവരുടെ പാർലമെന്ററി ഗ്രൂപ്പുകളിൽ ഇരുന്നു.
സിഡിയു നേതാവ് ഫ്രെഡറിക് മെർസ് ഭാവി പാർലമെന്ററി പ്രസിഡന്റായി ജൂലിയ ക്ലോക്ക്നറെ നാമനിർദ്ദേശം ചെയ്തു. സമ്മേളനത്തിനിടെ നടന്ന വോട്ടെടുപ്പിലൂടെ അവരെ തെരഞ്ഞെടുക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ ബുണ്ടെസ്റ്റാഗ് യോഗം ചേരണം എന്നാണ് നിയമം. സഖ്യ ചർച്ചകളുടെ ആദ്യ ഘട്ടത്തിൽ ഇരുപക്ഷവും നിരവധി തർക്ക വിഷയങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഈസ്റ്ററിന് ശേഷം (ഏപ്രിൽ 20 ന് ശേഷം) ഒരു സർക്കാർ അധികാരത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നതായി നിയുക്ത ചാൻസലർ മെർസ് പറഞ്ഞു.