ജർമൻ ബുണ്ടെസ്റ്റാഗിന്റെ ആദ്യ യോഗം ചേര്ന്നു
ജോസ് കുമ്പിളുവേലിൽ
Friday, March 28, 2025 10:22 AM IST
ബെര്ലിന്: ബുണ്ടെസ്റ്റാഗിന്റെ പുതിയ പ്രസിഡന്റായി (സ്പീക്കർ) സിഡിയു പാർട്ടി അംഗം ജൂലിയ ക്ലോക്ക്നർ തെരഞ്ഞെടുക്കപ്പെട്ടു. എസ്പിഡിയിൽ നിന്നുള്ള ബേർബൽ ബാസിന്റെ പിൻഗാമിയാണ് 52 വയസുകാരിയായ ക്ലോക്ക്നർ.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റിന്റെ ഭരണഘടനാ സമ്മേളനത്തിൽ എംപിമാർ ക്ലോക്ക്നറെ വലിയ ഭൂരിപക്ഷത്തോടെയാണ് തെരഞ്ഞെടുത്തത്. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും ഉയർന്ന സ്ഥാനമാണ് പാർലമെന്റ് സ്പീക്കറുടേത്.
പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ മുൻ ഫെഡറൽ കൃഷി മന്ത്രി കൂടിയായ ക്ലോക്ക്നർക്ക് 382 വോട്ട് ലഭിച്ചു. 204 അംഗങ്ങൾ എതിർത്തും 31 പേർ വിട്ടുനിന്നും വോട്ട് ചെയ്തു. അഞ്ച് വോട്ടുകൾ അസാധുവായി. ചൊവ്വാഴ്ചയാണ് പുതിയ ബുണ്ടെസ്റ്റാഗ് രൂപീകരിച്ചത്.
വൈസ് പ്രസിഡന്റ് സ്ഥാനാർഥി എഎഫ്ഡിയിലെ ജെറോൾഡ് ഒട്ടൻ മൂന്ന് റൗണ്ട് വോട്ടെടുപ്പിലും പരാജയപ്പെട്ടു. എന്നാൽ ക്ലോക്ക്നറിന് നാല് ഡപ്യൂട്ടിമാരായി പാർലമെന്റ് പ്രസിഡീയം അംഗങ്ങളായി ആൻഡ്രിയ ലിൻഡോൾസ് (സിഎസ്യു), ജോസഫിൻ ഓർട്ലെബ് (എസ്പിഡി), ഒമിദ് നൗരിപുർ (ഗ്രീൻസ്), ബോഡോ റാമെലോ (ഇടത്) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
പാർലമെന്റിലെ കക്ഷികൾ ഒന്നടങ്കം വോട്ടെടുപ്പിൽ എഎഫ്ഡിക്കെതിരായി നിന്നത് വിവേചനത്തിലേക്കുള്ള വഴിയാണെന്ന് പാർട്ടി നേതാവ് വീഡൽ മുന്നറിയിപ്പ് നൽകി. ജർമൻ പാർലമെന്റ് സ്പീക്കറായി എത്തുന്ന നാലാമത്തെ വനിതയാണ് ക്ലോക്ക്നർ.
മുൻപ് 1972 മുതൽ 1976 വരെ ആൻമേരി റെംഗർ (എസ്പിഡി), 1988 മുതൽ 1998 വരെ റീത്ത സസ്മുത്ത് (സിഡിയു), 2021 മുതൽ ബേർബൽ ബാസ് (എസ്പിഡി) എന്നിവരാണ് ഈ സ്ഥാനം വഹിച്ചിട്ടുള്ള വനിതകൾ.
സിഡിയു പാർട്ടിയിലെയും പാർലമെന്ററി ഗ്രൂപ്പ് നേതാവുമായ ഫ്രെഡറിക് മെർസ് ക്ലോക്ക്നറെ അഭിനന്ദിച്ച് ബൊക്കെ നൽകി സ്വീകരിച്ചു. സിഡിയു സിഎസ്യുവിന് 208, എഎഫ്ഡി 152, എസ്പിഡി 102, ഗ്രീൻസ് 85, ഇടതുപക്ഷം 64, കക്ഷിരഹിതൻ ഒന്ന് എന്നിങ്ങനെയാണ് പാർലമെന്റിലെ കക്ഷികളുടെ അംഗബലം.
ബുണ്ടെസ്റ്റാഗ് പ്രസിഡന്റിന്റെ പ്രധാന ചുമതലകൾ എന്തൊക്കെയാണ്?
ബുണ്ടെസ്റ്റാഗിന്റെ നടപടിക്രമങ്ങൾ അനുസരിച്ച് പ്രസിഡന്റ് ബുണ്ടെസ്റ്റാഗിനെ പ്രതിനിധീകരിക്കുകയും അതിന്റെ ബിസിനസ് നടത്തുകയും ചെയ്യും. അതായത് പാർലമെന്റിന്റെ ഭരണത്തിന്റെ ചുമതല അവർക്കാണ്.
അവർ ഔദ്യോഗികമായി പാർലമെന്ററി സമ്മേളനങ്ങൾ നടത്തുകയും നിയമനിർമാതാക്കളെ സംസാരിക്കാൻ വിളിക്കുകയും അവർ അധികനേരം സംസാരിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പ്രധാന ജോലികളിലൊന്ന്.
പാർലമെന്റിലെ നിയമങ്ങൾ പാലിക്കാത്തവർക്ക് "കോൾ ടു ഓർഡർ' എന്നറിയപ്പെടുന്ന മുന്നറിയിപ്പ് നൽകാൻ അവർക്ക് അധികാരമുണ്ട്. എഎഫ്ഡി കൂടുതൽ സീറ്റുകൾ കൈവശം വച്ചിരിക്കുന്നതിനാൽ ക്ലോക്ക്നറിന് ഇക്കാര്യത്തിൽ വളരെയധികം ജോലികൾ ഉണ്ടായിരിക്കാം.
കഴിഞ്ഞ രണ്ട് പാർലമെന്റ് സമ്മേളനങ്ങളിൽ അവർ പാർലമെന്റിൽ പ്രവേശിച്ചതുമുതൽ നൽകിയ മുന്നറിയിപ്പുകൾ വൻതോതിൽ വർധിപ്പിച്ചതിന് തീവ്ര വലതുപക്ഷ പാർട്ടിയാണ് വലിയ ഉത്തരവാദി. അനിയന്ത്രിത നിയമനിർമാതാക്കൾക്കുള്ള മുന്നറിയിപ്പുകൾ 2017ന് മുമ്പ് കേട്ടുകേൾവി പോലുമില്ലായിരുന്നു.
എന്നാൽ എഎഫ്ഡിയുടെ വരവിനെ തുടർന്ന് 2017നും 2021നും ഇടയിൽ ഇവ 49ലേക്ക് കുതിച്ചുയർന്നു. തുടർന്ന് 2021നും 2025നും ഇടയിൽ 152ലേക്ക് ഉയർന്നു. ഇതിൽ മൂന്നിൽ രണ്ട് ഭാഗവും എഎഫ്ഡിയുടെ ഉത്തരവാദിത്തമാണ്.
ആരാണ് ജൂലിയ ക്ലോക്ക്നർ?
ബുണ്ടെസ്റ്റാഗിലെ ഏറ്റവും വലിയ പാർലമെന്ററി ഗ്രൂപ്പിന് പരമ്പരാഗതമായി നിർദ്ദേശങ്ങൾ നൽകാനുള്ള അവകാശമുണ്ട്. സിഡിയു സിഎസ്യു പാർലമെന്ററി ഗ്രൂപ്പ് ക്ലോക്ക്നറെ ഏകകണ്ഠമായി നാമനിർദ്ദേശം ചെയ്യുകയായിരുന്നു.
മെർസും പുതിയ ബുണ്ടെസ്റ്റാഗ് പ്രസിഡന്റ് ക്ലോക്ക്നറും വളരെക്കാലമായി അടുപ്പക്കാരാണ്. ചാൻസലർ ആംഗല മെർക്കലിന്റെ അവസാന ഭരണകാലത്ത് 2018 മുതൽ 2021 വരെ കൃഷി മന്ത്രിയായിരുന്നു.
ക്ലോക്ക്നർ 2002 മുതൽ 2011 വരെ ബുണ്ടെസ്റ്റാഗിൽ അംഗമായിരുന്നു. 2009 മുതൽ ഫെഡറൽ അഗ്രികൾച്ചറൽ മന്ത്രാലയത്തിൽ പാർലമെന്ററി സ്റ്റേറ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.