വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ജനറൽ സെക്രട്ടറിക്ക് കൊളോണിൽ സ്വീകരണം നൽകി
ജോസ് കുമ്പിളുവേലിൽ
Wednesday, April 2, 2025 7:37 AM IST
ബെര്‍ലിന്‍: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി ക്രിസ്റ്റഫർ വർഗീസിന് (ദുബായി) ജർമനിയിലെ കൊളോണിൽ സ്വീകരണം നൽകി.
കൊളോൺ ഹോൾവൈഡെയിലെ ക്രൊയേഷ്യൻ റസ്റ്ററന്റായ സാഗ്രീബിൽ കൂടിയ യോഗത്തിൽ ഡബ്ല്യുഎംസി യൂറോപ്പ് റീജൺ ചെയർമാൻ ജോളി തടത്തിൽ ക്രിസ്റ്റഫർ വർഗീസിന് ബൊക്ക നൽകി സ്വീകരിച്ചു.
ഡബ്ല്യുഎംസി ജർമൻ പ്രൊവിൻസ് ചെയർമാൻ ബാബു ചെമ്പകത്തിനാൽ അധ്യക്ഷത വഹിച്ചു. പ്രൊവിൻസ് പ്രസിഡന്റ് ജോസ് കുമ്പിളുവേലിൽ സ്വാഗതം ആശംസിച്ചു.

ഡബ്ല്യുഎംസി ഗ്ലോബൽ ഭാരവാഹികളായ തോമസ് അറമ്പൻകുടി (വൈ. പ്രസിഡന്റ്), ഗ്രിഗറി മേടയിൽ (വൈ. ചെയർമാൻ), മേഴ്സി തടത്തിൽ (വൈ. ചെയർപഴ്സൺ), ജോളി തടത്തിൽ എന്നിവർ സംഘടനയുടെ ഗ്ലോബൽ, റീജൻ, പ്രൊവിൻസ് തലത്തിലുള്ള പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തിരുവനന്തപുരത്ത് നടന്ന ബീനിയൽ കോൺഫറൻസിനെ പറ്റിയും സംഘടനയുടെ കെട്ടുറപ്പിനുതകുന്ന ഭാവി പ്രവർത്തനങ്ങളെയും കുറിച്ച് ഗ്ലോബൽ ജനറൽ സെക്രട്ടറി സംസാരിച്ചു.
ഈ വർഷം കൊച്ചിയിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ ബിസിനസ് മീറ്റിനെ പറ്റിയും വിശദീകരിച്ചുകൊണ്ട് സ്വീകരണത്തിന് നന്ദി അറിയിച്ചു. അച്ചാമ്മ അറമ്പൻകുടി, അന്നമ്മ മേടയിൽ, ലൗലി ചെമ്പകത്തിനാൽ, ഷീന കുമ്പിളുവേലിൽ എന്നിവരും പരിപാടികളിൽ പങ്കെടുത്തു.